അവരും ഇനി നാടിന്റെ മക്കള്‍; വൈല്‍ഡ്‌ബോര്‍ ഫുട്‌ബോള്‍ ടീമിലെ കോച്ചടക്കം നാല് പേര്‍ക്ക് തായ്‌ലന്‍ഡ് പൗരത്വം

തായ്‌ലന്‍ഡ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ്‌ബോര്‍ കുട്ടികള്‍ക്കും കോച്ചിനും തായ് പൗരത്വം
അവരും ഇനി നാടിന്റെ മക്കള്‍; വൈല്‍ഡ്‌ബോര്‍ ഫുട്‌ബോള്‍ ടീമിലെ കോച്ചടക്കം നാല് പേര്‍ക്ക് തായ്‌ലന്‍ഡ് പൗരത്വം

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ്‌ബോര്‍ കുട്ടികള്‍ക്കും കോച്ചിനും തായ് പൗരത്വം. ഇതില്‍ കോച്ചിനും മൂന്ന് കുട്ടികള്‍ക്കുമാണ് തായ് പൗരത്വമില്ലാതിരുന്നത്. ഇവര്‍ക്കാണ് ഇപ്പോള്‍ പൗരത്വം സമ്മാനിച്ചത്. മായ്‌സായ് ജില്ലാ ചീഫ് സോസാക്ക് കനാകമാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്.

പൗരത്വമില്ലാതിരുന്ന ഇവര്‍ക്ക് നേരത്തെ പരിമിത അവകാശങ്ങള്‍ മാത്രമാണ് രാജ്യത്ത് അനുവദിച്ചിരുന്നത്. താമസ സ്ഥലമായ ചിയാങ് റായ് പ്രവിശ്യക്ക് പുറത്തേക്ക് പോകാനും അനുവാദമുണ്ടായിരുന്നില്ല. പൗരത്വം ലഭിച്ചതോടെ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. മ്യാന്‍മറില്‍ നിന്ന് കുടിയേറിയ വംശീയ ന്യൂനപക്ഷ വിഭാഗക്കാര്‍ ധാരാളമായുള്ള മേഖലയാണ് മായ്‌സായ് ജില്ല.
സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും കോച്ച് ബ്രദര്‍ ഏക് എന്ന് അറിയപ്പെടുന്ന ഏകാപോള്‍ ചാന്ത്‌വോങുമാണ് രണ്ടാഴ്ചയോളം മ്യന്‍മര്‍ അതിര്‍ത്തിയിലെ ഗുഹയില്‍ കുടുങ്ങിയത്.

തായ് സര്‍ക്കാരിന്റ കണക്ക് പ്രകാരം 4.8 ലക്ഷത്തിലധികം പേര്‍ പൗരത്വമില്ലാത്തവരായി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം പൗരത്വമില്ലാത്തവര്‍ക്കും വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. യഥാര്‍ത്ഥത്തില്‍ 35 ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ തായ്‌ലന്‍ഡിലുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നത്. ഇവര്‍ക്ക് വോട്ടവകാശമോ, ഭൂമി വാങ്ങുന്നതിനോ അവകാശമില്ല. ഒപ്പം പല മേഖലകളിലും തൊഴില്‍ വിലക്കുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com