കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സിദ്ധുവിനെ ലക്ഷ്യമിടുന്നവര്‍ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നു- ഇമ്രാന്‍ഖാന്‍

കശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സിദ്ധുവിനെ ലക്ഷ്യമിടുന്നവര്‍ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നു- ഇമ്രാന്‍ഖാന്‍

ഇസ്ലാമബാദ്: കശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഉപഭൂഖണ്ഡത്തിലെ ദാരിദ്ര്യം ലഘൂകരിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും ഇരുരാജ്യങ്ങളും തമ്മിലുളള അഭിപ്രായഭിന്നതകള്‍ പരിഹരിക്കണം. ഇതിന് ഉഭയകക്ഷി ചര്‍ച്ചയ്ക്കും വ്യാപാരത്തിനും തുടക്കമിടണമെന്ന് ഇമ്രാന്‍ഖാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ സമാധാന സന്ദേശവുമായി ഇമ്രാന്‍ഖാന്‍ രംഗത്തുവന്നിരുന്നു.സമാധാനത്തിന് ഇന്ത്യ ഒരു ചുവടുവച്ചാല്‍ താന്‍ രണ്ടുചുവടുവയ്ക്കും. സമാധാനത്തിലേക്കുള്ള വഴി കശ്മീര്‍ പ്രശ്‌നപരിഹാരമാണ്. ഇന്ത്യയിലെ ജനങ്ങളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. വില്ലനാക്കുന്നത് മാധ്യമങ്ങളാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഇമ്രാന്‍ ചൈനയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്നും സൂചന നല്‍കിയിരുന്നു. 

ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ, പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധു ആലിംഗനം ചെയ്തത് വന്‍ വിവാദമായിരുന്നു. മുന്‍ ക്രിക്കറ്റ് താരത്തിന്റെ പ്രവൃത്തി രാജ്യദ്രോഹക്കുറ്റമാണ് എന്ന് ആരോപിച്ച് ഹിന്ദു സംഘടനയായ ബജ്‌രംഗ് ദള്‍ സിദ്ധുവിന്റെ തലകൊയ്യുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ, സിദ്ധുവിന് പിന്തുണയുമായും ഇമ്രാന്‍ഖാന്‍ രംഗത്തുവന്നു. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതില്‍ നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ച വരികളിലാണ് വിവാദവിഷയത്തില്‍ സിദ്ധുവിനെ പിന്തുണച്ചു കൊണ്ടുളള ഇമ്രാന്‍ഖാന്റെ പ്രതികരണം. സമാധാനത്തിന്റെ ദൂതനായി സിദ്ധുവിനെ വിശേഷിപ്പിച്ച ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ താരത്തെ ലക്ഷ്യമിടുന്നവര്‍ ഉപഭൂഖണ്ഡത്തിലെ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ചു. സമാധാനം ഇല്ലെങ്കില്‍ ജനങ്ങളുടെ പുരോഗതി സാധ്യമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com