ഇതോ സുരക്ഷാ പരിശോധന ? :   മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് വരെ അഴിപ്പിച്ചത് വിവാദത്തില്‍ ( വീഡിയോ )

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനി സൈനബ് മര്‍ച്ചന്റിനാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ദുരനുഭവം നേരിട്ടത്
ഇതോ സുരക്ഷാ പരിശോധന ? :   മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് വരെ അഴിപ്പിച്ചത് വിവാദത്തില്‍ ( വീഡിയോ )


വാഷിംഗ്ടണ്‍ : സുരക്ഷാ പരിശോധനയുടെ പേരില്‍ മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് വരെ പരിശോധിച്ച സംഭവം വിവാദമാകുന്നു.  ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനി സൈനബ് മര്‍ച്ചന്റിനാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത്. ഇംഗ്ലണ്ടിലെ ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു 27 കാരിയായ യുവതിക്ക് മോശം അനുഭവം നേരിട്ടത്. 

സൈനബ് റൈറ്റ്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയും എഡിറ്ററും കൂടിയായ സൈനബ് മര്‍ച്ചന്റ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെയാണ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് അപമാനിക്കപ്പെട്ടത്. സാധാരണ പരിശോധനയ്ക്ക് ശേഷം വിശദമായ പരിശോധന വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. 

കൂടുതല്‍ പരിശോധന വേണമെന്ന ആവശ്യത്തെ സൈനബ് ആദ്യം എതിര്‍ത്തു. അഥവാ പരിശോധിച്ചാല്‍ അതിന് സാക്ഷികല്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സൈനബിന്റെ എതിര്‍പ്പ് തള്ളിയ ഉദ്യോഗസ്ഥര്‍, രഹസ്യ മുറിയിലേക്ക് കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന വനിതാ ഓഫീസര്‍ ഷര്‍ട്ട് വയറിന് മുകളില്‍ ഉയര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാന്റ്‌സും അടിവസ്ത്രവും അഴിപ്പിച്ചു. അതും പോരാതെ സൈനബ് ധരിച്ച സാനിറ്ററി പാഡ് വരെ മാറ്റി പരിശോധിച്ചതായാണ് യുവതി പരാതിപ്പെട്ടിട്ടുള്ളത്. 

സ്‌ഫോടക വസ്തു ഉണ്ടോയെന്ന സംശയം പറഞ്ഞായിരുന്നു പരിശോധന. പരിശോധന വേളയില്‍ സൈനബ് ഉദ്യോഗസ്ഥരുടെ പേരും ബാഡ്ജും മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധിച്ച ഉദ്യോഗസ്ഥര്‍ ബാഡ്ജ് മറച്ചുപിടിച്ചുകൊണ്ട് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് സൈനബ് വ്യക്തമാക്കി. തന്റെ മത വിശ്വാസങ്ങളെ കുറിച്ചും പരിശോധനയ്ക്കിടെ ചോദിച്ചതായും സൈനബ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍മെന്റില്‍ പരാതി നല്‍കിയിരിക്കുകയാണ്. യുഎസ് സര്‍ക്കാരിനെതിരെയുള്ള തന്റെ സ്വകാര്യ ബ്ലോഗുകളാകാം ഉദ്യോഗസ്ഥരെ ഇത്തരം ഒരു നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൈനബ് പരാതിയില്‍ പറയുന്നു. യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com