വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു

നിറവയറുമായി വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഒരു സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തന്റെ ബാഗുമായി നടന്നു പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു

അരിസോണ: വിമാനത്താവളത്തിലെ ബാത്ത്‌റൂമിലെത്തി പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. അരിസോണയിലെ ടസ്‌കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജനുവരി 14നാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ ആണ് ആദ്യം പെടുന്നത്. 

നിറവയറുമായി വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഒരു സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തന്റെ ബാഗുമായി നടന്നു പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതര്‍ സംശയിക്കുന്നത്. കുഞ്ഞിനെ കിടത്തിയതിന് സമീപത്തുനിന്ന് ഒരു കുറിപ്പും ലഭിച്ചിരുന്നു. 

'എന്നെ രക്ഷിക്കൂ. ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളര്‍ത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും' എന്ന് കുഞ്ഞ് ആത്മഗതം നടത്തുന്ന പോലെ വിശദീകരിച്ചുള്ളതായിരുന്നു കുറിപ്പിലെ വാക്കുകള്‍.

'അവന്  ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അതെന്തായാലും ഞാനല്ല' എന്ന അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളോടെയായിരുന്നു കുറിപ്പവസാനിച്ചത്.

തുണിയില്‍ പൊതിയാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയില്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്.

അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ് കുഞ്ഞിപ്പോള്‍. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നു. 

കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരെ വേട്ടയാടുന്ന നിയമമല്ല അരിസോണയിലേത്. പക്ഷെ 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളില്‍ മാത്രമേ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com