മെക്കയിലെ ലൈംഗിക ആക്രമണങ്ങള്‍ക്കെതിരേ മോസ്‌ക് മീ ടൂ ഹാഷ്ടാഗ്; സ്ത്രീകളുടെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

പുണ്യഭൂമിയായ മെക്കയില്‍ പോലും ഇതിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന ഒരു സ്ത്രീയുടെ ഫേയ്‌സ്ബുക് പോസ്റ്റ്
മെക്കയിലെ ലൈംഗിക ആക്രമണങ്ങള്‍ക്കെതിരേ മോസ്‌ക് മീ ടൂ ഹാഷ്ടാഗ്; സ്ത്രീകളുടെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

സ്ത്രീകള്‍ ഒരു സ്ഥലത്തും സുരക്ഷിതരല്ല. വീട്ടിലും ബസിലും സ്‌കൂളിലുമെല്ലാം സ്ത്രീകള്‍ക്ക് നേരെ അക്രമം അരങ്ങേറുന്നുണ്ട്. പുണ്യഭൂമിയായ മെക്കയില്‍ പോലും ഇതിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന ഒരു സ്ത്രീയുടെ ഫേയ്‌സ്ബുക് പോസ്റ്റ്. ഈ പോസ്റ്റിന് പിന്നാലെ മോസ്‌ക് മീ ടൂ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ഏഴ് സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമണങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. 

പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു യുവതിയാണ് ആദ്യം തന്റെ അനുഭവം വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്. ഇത് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് ഫേയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയേക്കാമെന്നും അതിനാല്‍ ഇത് പങ്കുവെക്കാന്‍ എനിക്ക് പേടിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. 

'ഇശാ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാഅബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന സമയത്ത് വളരെ മോശമായ ഒരു സംഭവമുണ്ടായി. മൂന്നാമത്തെ ത്വവാഫ് ചെയ്യുമ്പോള്‍ എന്റെ അരക്കെട്ടില്‍ ആരോ തൊടുന്നതായി തോന്നി. ഇത് അബദ്ധത്തില്‍ സംഭവിച്ചതായിരിക്കുമെന്നാണ് വിചാരിച്ചത്. ഞാന്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആറാമത്തെ ത്വവാഫ് ചെയ്യുമ്പോള്‍ പെട്ടെന്ന് എന്റെ നിതംബത്തില്‍ ആരോ ശക്തിയായി പിടിച്ചതായി തോന്നി. ഞാന്‍ മരവിച്ചുപോയി. അറിഞ്ഞുകൊണ്ടുതന്നെയാണോ ഇത് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. തിരക്ക് വളരെ കൂടുതലായിരുന്നതിനാല്‍ ഇത് അവഗണിച്ചുകൊണ്ട് പതിയെ മുന്നോട്ടുപോവാന്‍ തുടങ്ങി. ഇതിനിടയിലും തിരിഞ്ഞുനോക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നടന്നില്ല. യെമനി കോര്‍ണറില്‍ എത്തിയപ്പോള്‍ ആരോ എന്നെ പിടിക്കുകയും എന്റെ നിതംബത്തില്‍ നുള്ളുകയും ചെയ്തു. അവിടെ തന്നെ നിന്നുകൊണ്ട് ആ കൈ പിടിച്ച് നീക്കി. എന്നാല്‍ തിരക്കിനിടയില്‍ തിരിഞ്ഞു നോക്കാനായില്ല. അവിടെ ഞാന്‍ സ്തംഭിച്ചുനിന്നുപോയി. എനിക്ക് അവിടെനിന്ന് രക്ഷപെടാന്‍ ആകുമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാല്‍ എനിക്ക് പറ്റാവുന്നതിന്റെ പരമാവധി തിരിഞ്ഞു നോക്കാന്‍ ശ്രമിച്ചു. കഷ്ടപ്പെട്ട് തിരിഞ്ഞു നോക്കിയെങ്കിലും ആരാണ് അതെന്ന് കാണാനായില്ല. 

എനിക്ക് ആക്രമിക്കപ്പെട്ടതായി തോന്നി. സംസാരിക്കാന്‍ പോലും സാധിച്ചില്ല. അമ്മ ഒഴികെ ആരും എന്നെ വിശ്വസിക്കുകയോ ഇത് സീരിയസ് ആയി എടുക്കുകയോ ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ ഒന്നും മിണ്ടിയില്ല. ഹോട്ടലില്‍ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മയോട് എല്ലാ കാര്യങ്ങളും പറയുന്നത്. ഇത് കേട്ടിട്ട് അമ്മ തകര്‍ന്നുപോയി. ഈ സംഭവത്തിന് ശേഷം അവിടേക്ക് വീണ്ടും ഒറ്റയ്ക്കു പോവാന്‍ അമ്മ അനുവദിച്ചിട്ടില്ല. 

പുണ്യ സ്ഥലത്തുപോലും നമ്മള്‍ സുരക്ഷിതരല്ല എന്നു പറയുന്നത് ദുഖകരമാണ്. ഞാന്‍ ആക്രമിക്കപ്പെട്ടു. ഒന്നല്ല രണ്ടല്ല മൂന്ന് തവണ. പുണ്യ സ്ഥലത്ത് എനിക്കുണ്ടായ മുഴുവന്‍ അനുഭവവും ഈ ഒറ്റ സംഭവത്തോടെ ഇല്ലാതായി. ഇത്തരം ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറയേണ്ടത് ആവശ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്രപേര്‍ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടെന്ന് അറിയില്ല. എന്നാല്‍ ഈ സംഭവം എന്നെ വളരെ അധികം അസ്വസ്ഥയാക്കി. '

യുവതിയുടെ തുറന്നു പറച്ചിലിന് പിന്നാലെ നിരവധി പേരാണ് സ്വന്തം അനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് മോസ്‌ക് മീ റ്റു ഹാഷ്ടാഗിനെ ഉപയോഗിച്ചത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വേയിന്‍സ്റ്റീനിനെതിരെയുള്ള ലൈംഗിക അതിക്രമണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മീ ടൂ ഹാഷ്ടാഗ് ലോകവ്യാപകമായി പ്രചാരം നേടിയതിന് പിന്നാലെയാണ് മോസ്‌ക് മീ ടൂവും സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com