'ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ ഉപയോഗശൂന്യര്‍ ; വിമത പോരാളികളായ സ്ത്രീകളുടെ ജനനേന്ദ്രിയം തകര്‍ക്കൂ' ; സൈന്യത്തോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്

കമ്യൂണിസ്റ്റ് മുന്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഡ്യൂട്ടര്‍ട്ടെയുടെ വിവാദ ആഹ്വാനം
'ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ ഉപയോഗശൂന്യര്‍ ; വിമത പോരാളികളായ സ്ത്രീകളുടെ ജനനേന്ദ്രിയം തകര്‍ക്കൂ' ; സൈന്യത്തോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില : വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. വിമത പോരാളികളുടെ ജനനേന്ദ്രിയം വെടിവെച്ച് തകര്‍ക്കാനാണ് സൈന്യത്തിന് പ്രസിഡന്റ് ഡ്യൂട്ടെര്‍ട്ടെയുടെ നിര്‍ദേശം. കഴിഞ്ഞ ബുധനാഴ്ച കമ്യൂണിസ്റ്റ് മുന്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഡ്യൂട്ടര്‍ട്ടെയുടെ വിവാദ ആഹ്വാനം. 

വിമത പോരാളികളായ സ്ത്രീകളെ കൊല്ലുകയല്ല, പകരം അവരുടെ ജനനേന്ദ്രിയം വെടിവെച്ച് തകര്‍ക്കണം. ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ ഉപയോഗശൂന്യരാണ്. ഡ്യൂട്ടെര്‍ട്ടേ അഭിപ്രായപ്പെട്ടു. 

ഡ്യൂട്ടെര്‍ട്ടെയുടെ പ്രസംഗത്തിനെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ഡ്യൂട്ടെര്‍ട്ടേയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ്. സൈന്യത്തിന് സ്ത്രീകളുടെ മേല്‍ അതിക്രമം നടത്താന്‍ പ്രേരണ നല്‍കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനയെന്നും, സ്ത്രീകള്‍ക്കെതിരെ ആക്രമണത്തിന് സര്‍ക്കാര്‍ തന്നെ ആഹ്വാനം നല്‍കുകയാണെന്നും ബബ്രിയേല വിമന്‍സ് പാര്‍ട്ടി നേതാവ് എമ്മി ഡെ ജീസസ് അഭിപ്രായപ്പെട്ടു. 

പ്രസംഗം വിവാദമായതോടെ, ഡ്യൂട്ടെര്‍ട്ടെയുടെ പ്രസ്താവനയില്‍ നിന്നും സ്ത്രീ ജനനേന്ദ്രിയത്തെക്കുറിച്ച് പരാമര്‍ശമുള്ള വാക്ക് പ്രസിഡന്റിന്റെ ഓഫീസ് നീക്കിയിട്ടുണ്ട്. മുമ്പും സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധനേടിയ ആളാണ് പ്രസിഡന്റ് ഡ്യൂട്ടെര്‍ട്ടെ റോഡ്രിഗസ്. ഐഎസില്‍ ചേരുന്ന വനിതകളെ സൈനികര്‍ക്ക് ബലാല്‍സംഗം ചെയ്യാമെന്നും, നിയമ നടപടി നേരിടില്ലെന്നും ഡ്യൂട്ടെര്‍ട്ടേ പറഞ്ഞിരുന്നു. 

2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, 1989 ലെ ജയില്‍ കലാപത്തിനിടെ ഓസ്‌ട്രേലിയന്‍ മിഷണറി സ്ത്രീ ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ ഡ്യൂട്ടെര്‍ട്ടെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. അവര്‍ സുന്ദരിയായിരുന്നെന്നും, അവസരം കിട്ടിയിരുന്നെങ്കില്‍ താനും ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു ഡ്യൂട്ടെര്‍ട്ടെ അഭിപ്രായപ്പെട്ടത്. 

മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടുന്ന സ്ഥലത്ത് വെച്ചുതന്നെ വെടിവെച്ച് കൊല്ലുമെന്ന പ്രസ്താവനയോടെയാണ് ഡ്യൂട്ടെര്‍ട്ടെ ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് 4000 ഓളം മയക്കുമരുന്ന് കള്ളക്കടത്തുകാരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com