ഭരണം പിടിച്ചതിന് പിന്നാലെ നേപ്പാളില്‍ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകുന്നു;  ചരിത്ര പ്രഖ്യാപനം ഉടന്‍

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റും തമ്മില്‍ ഒന്നിച്ച് ഒറ്റ പാര്‍ട്ടിയാകുന്നു
ഭരണം പിടിച്ചതിന് പിന്നാലെ നേപ്പാളില്‍ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകുന്നു;  ചരിത്ര പ്രഖ്യാപനം ഉടന്‍


കഠ്മണ്ഡു: നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റും തമ്മില്‍ ഒന്നിച്ച് ഒറ്റ പാര്‍ട്ടിയാകുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിച്ച് അധികാരം നേടിയതിന് പിന്നാലെയാണ് ഏകീകൃത പാര്‍ട്ടിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ വീണ്ടും കാര്യക്ഷമമായത്. കെ.പി ശര്‍മ ഒലി നേതൃത്വം നല്‍കുന്ന സിപിഎന്‍ യുഎംഎല്ലും പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ നടന്നുവന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിന് വേദിയൊരുങ്ങുന്നത്. 

കഴിഞ്ഞ ദിവസം ലളിത്പൂരില്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടികള്‍ ഒന്നാക്കി ഒരു കേന്ദ്ര കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി. കേന്ദ്ര കമ്മിറ്റിയിലേക്ക് നൂറില്‍ കൂടുതല്‍ അംഗങ്ങള്‍ വേണ്ട എന്നാണ് പാര്‍ട്ടികളുടെ തീരുമാനം എന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങളും പ്രവര്‍ത്തന ശൈലിയും രൂപപ്പെടുത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി കെ.പി ശര്‍മ ഒലി അധികാരമേല്‍ക്കും മുമ്പ് ഏകീകൃത പാര്‍ട്ടി രൂപപ്പെടുമെന്നാണ് വിവരങ്ങള്‍. 

പൊതുവില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ മൂന്നില്‍ ഒരുഭാഗം അംഗങ്ങളെയാണ് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കുന്നത്. അതുപോലെ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് പിബിയുടെ മൂന്നില്‍ ഒരുഭാഗം അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്. ഏകീകൃത പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ 99 അംഗങ്ങളുണ്ടാകും. പോളിറ്റ് ബ്യൂറോയില്‍ 33 അംഗങ്ങളും സ്റ്റാന്റിങ് കമ്മിറ്റിയില്‍  11 അംഗങ്ങളുമുണ്ടാകും എന്നാണ് അറിയാന്‍ സാധിക്കുന്നത്. 

1991ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാര്‍ക്‌സിസ്റ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും ഒരുമിച്ച് സിപിഎന്‍ യുഎംഎല്‍ രൂപീകരിച്ചത്. 1994ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ രൂപീകൃതമാകുന്നത്. ജനാധിപത്യ വ്യവസ്ഥയിലേക്ക് നേപ്പാള്‍ മാറിയ ശേഷം ഈ ഇരു പാര്‍ട്ടികളും പലതവണയായി രാജ്യം ഭരിച്ചിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച് ഇവര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരുന്നു. പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 56 സീറ്റുകളില്‍ 40ലും ഇടത് സഖ്യം വിജയം നേടി. യുഎംഎല്‍ 27 സീറ്റുകള്‍ നേടിയപ്പോള്‍ മാവോയിസ്റ്റ് സെന്റര്‍ പതിമൂന്ന് സീറ്റുകള്‍ നേടി. നിലവില്‍ ചെറുതും വലുതുമായി പതിമൂന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് നേപ്പാളിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com