തോക്കല്ല അപകടകാരി അശ്ലീല വീഡിയോ; ഫ്‌ളോറിഡ ഹൗസ് തോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല പകരം പോണിനെ സാമൂഹിക വിപത്തായി പ്രഖ്യാപിച്ചു

തോക്കിനെ നിയന്ത്രിക്കുന്നതിനുള്ള ബില്ലിനെ ഒഴിവാക്കി അപകടകാരികളായ പോണ്‍ സൈറ്റുകളെ തടയാന്‍ നടപടി എടുത്തിരിക്കുകയാണ് ചൊവ്വാഴ്ച ചേര്‍ന്ന ഫ്‌ളോറിഡ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്
തോക്കല്ല അപകടകാരി അശ്ലീല വീഡിയോ; ഫ്‌ളോറിഡ ഹൗസ് തോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല പകരം പോണിനെ സാമൂഹിക വിപത്തായി പ്രഖ്യാപിച്ചു

ഫ്‌ളോറിഡയിലെ സ്‌കൂളില്‍ ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇവിടത്തെ ഭരണാധികാരികള്‍ക്ക് ഇത് അത്ര വലിയ കാര്യമൊന്നുമല്ല. തോക്കുകളല്ല അശ്ലീല സൈറ്റുകളാണ് സമൂഹത്തിന് ആപത്തെന്നാണ് ഭരണാധികാരികളുടെ നിലപാട്. തോക്കിനെ നിയന്ത്രിക്കുന്നതിനുള്ള ബില്ലിനെ ഒഴിവാക്കി അപകടകാരികളായ പോണ്‍ സൈറ്റുകളെ തടയാന്‍ നടപടി എടുത്തിരിക്കുകയാണ് ചൊവ്വാഴ്ച ചേര്‍ന്ന ഫ്‌ളോറിഡ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്. 

നിരവധി പ്രശ്‌നങ്ങളാണ് അധികൃതരുടെ മുന്നിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രാധാന്യം തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്നതിനുള്ള ബില്ലായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡൗഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 പേര്‍ വെടിയേറ്റു മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. പോണോഗ്രാഫിയെ സമൂഹത്തിന്റെ പ്രധാന ആരോഗ്യ പ്രശ്‌നമായി ഉത്തരവിടാനും പരിഗണനയിലുണ്ടായിരുന്നു. ചെറിയ കുട്ടികളുടെ മരണത്തിന് കാരണമായ തോക്കിനെതിരേ നിലപാട് എടുക്കുന്നതിന് പകരം അധികാരികള്‍ പരിഗണിച്ചത് അശ്ലീല സൈറ്റുകളെ നിരോധിക്കുന്നതിലാണ്. 

17 പേര്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷം ഫ്‌ളോറിഡ ഹൗസ് പോണോഗ്രാഫിയെ പൊതു ആരോഗ്യ പ്രശ്‌നമാക്കിക്കൊണ്ടുള്ള ബില്ലിന് അനുമതി നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിനിധിയായ കാര്‍ലോസ് ഗില്ലെര്‍മോ സ്മിത് പറഞ്ഞു. റിപ്പബ്ലിക്കന്‍ 2018 ലെ ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഇത്തരം കാര്യങ്ങളിലാണ്. അപകടാരികളായ ആയുധങ്ങളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും നടത്താതെ പോണിന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി സമയം കളയുകയായിരുന്നു ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആയുധങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ പെട്ടെന്ന് പരിഗണിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഫ്‌ളോറിഡയില്‍ ഉയരുന്നത്. തോക്കിനേക്കാള്‍ പ്രാധാന്യമില്ല പോണിനെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഈ ബില്ലിലൂടെ ഇനി ഒരു അപകടം ഉണ്ടാകുന്നത് തടയാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ ഇത് ഇല്ലാതാക്കുകയാണ് ജനപ്രതിനിധികള്‍ ചെയ്തതെന്നും അവര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com