'ഷിറ്റ്‌ഹോള്‍ എന്ന് വിളിച്ചിട്ടില്ല, പക്ഷേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു'; ആഫ്രിക്കന്‍ രാജ്യങ്ങളെ ആക്ഷേപിച്ചെന്ന വാര്‍ത്ത തള്ളി ട്രംപ്

ട്രംപിന്റെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്
'ഷിറ്റ്‌ഹോള്‍ എന്ന് വിളിച്ചിട്ടില്ല, പക്ഷേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു'; ആഫ്രിക്കന്‍ രാജ്യങ്ങളെ ആക്ഷേപിച്ചെന്ന വാര്‍ത്ത തള്ളി ട്രംപ്

വാഷിംഗ്ടണ്‍; ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ താന്‍ രാജ്യങ്ങളെ ഷിറ്റ്‌ഹോള്‍ എന്ന് വിളിച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ഷിറ്റ്‌ഹോള്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി വൈറ്റ്‌ഹൈസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപില്‍ നിന്ന് വളരെ മോശം പരാമര്‍ശമുണ്ടായത്. 

ട്രംപിന്റെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 'ഈ ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നെല്ലാം വരുന്ന ജനങ്ങളെ നമ്മള്‍ എന്തിനാണ് ചുമക്കുന്നത്' എന്നാണ് ട്രംപ് ചോദിച്ചത്. നീചമായ പരാമര്‍ശത്തിലൂടെ വംശീയവാദിയാണെന്ന് അദ്ദേഹം സ്വയം വിളിച്ചുപറഞ്ഞിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. ട്രംപ് അമേരിക്കയെ വലിച്ചുകൊണ്ടുപോകുന്നത് ഇത്തരത്തിലുള്ള ഇരുണ്ട ചിന്തയിലേക്കാണെന്നും അവര്‍ ആരോപിക്കുന്നു. 

ഹെയ്തി ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ട്രംപിന്റെ പരാമര്‍ശം. 'എന്തിനാണ് ഇനിയും ഹെയ്തിയന്‍സ്? അവരെ പുറത്താക്കൂ' എന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നോര്‍വേ പോലുള്ള രാജ്യങ്ങളിലെ ജനങ്ങളെ കൂടുതലായി രാജ്യത്തിലേക്ക് എത്തിക്കണമെന്നും ട്രംപ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെയുണ്ടായ ഉഭയകക്ഷി ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ട്രംപ് അധിക്ഷേപം നടത്തിയത്. ട്രംപിന്റെ പരാമര്‍ശനത്തിനെതിരേ രാജ്യത്തും  പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ഇതിനെ അപലപിച്ച് രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com