ഗുഹയിലകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവര്‍ത്തനം: കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ച് മുങ്ങള്‍ വിദഗ്ധര്‍

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
ഗുഹയിലകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവര്‍ത്തനം: കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ച് മുങ്ങള്‍ വിദഗ്ധര്‍

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവരെ പുറത്തെത്തിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് ഗുഹയുടെ പുറത്തെത്തിക്കാനാണ് മുങ്ങല്‍ വിദഗ്ധര്‍ ശ്രമിക്കുന്നത്. ഗുഹയില്‍ സംഘത്തിനൊപ്പം തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 

ആരോഗ്യസംഘവും കൗണ്‍സിലര്‍മാരും കുട്ടികള്‍ക്ക് ഭക്ഷണവും അവശ്യസഹായങ്ങളും എത്തിച്ചിട്ടുണ്ട്. അതേസമയം ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയ വഴികളില്‍ വലിയ തോതില്‍ വെള്ളവും ചളിയും കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും നാലു മാസം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈയവസരത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 

ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കുട്ടികള്‍ കുടുങ്ങിയിരിക്കുന്ന ഭാഗത്തേക്ക് കൂടുതല്‍ വെള്ളം എത്തുന്നത് തടയാന്‍ സാധിക്കുമെന്ന് നാവികസേന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളം കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാവുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടേ പുറത്തെത്തിക്കാന്‍ ശ്രമം നടത്തൂവെന്നും ഉപപ്രധാനമന്ത്രി പ്രാവിത് വോങ്‌സുവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഗുഹയില്‍നിന്നുള്ള ദൃശ്യങ്ങള്‍ തായ് നാവികസേന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ ലോഹപ്പുതപ്പുകള്‍ പുതച്ചാണ് കുട്ടികള്‍ കഴിയുന്നത്. പരമ്പരാഗത തായ് രീതിയില്‍ കുട്ടികള്‍ അഭിവാദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്കിടെ ചിരിക്കുന്ന കുട്ടികള്‍ ടോര്‍ച്ചടിച്ച് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ബന്ധുക്കള്‍ക്ക് കുട്ടികളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.

ജനുവരി 23നാണ് സംഘം ഗുഹയ്ക്കുള്ളില്‍ പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം തായ് നാവികസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com