എതിര്‍ ശബ്ദങ്ങള്‍ വേണ്ട;18,500 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, ക്യാബിനറ്റില്‍ വിശ്വസ്തര്‍ മാത്രം: തുര്‍ക്കിയില്‍ പിടിമുറുക്കി എര്‍ദോഗന്‍

തുര്‍ക്കിയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ സമസ്ഥ മേഖലകളിലും പിടിമുറുക്കാനൊരുങ്ങി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍
എതിര്‍ ശബ്ദങ്ങള്‍ വേണ്ട;18,500 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, ക്യാബിനറ്റില്‍ വിശ്വസ്തര്‍ മാത്രം: തുര്‍ക്കിയില്‍ പിടിമുറുക്കി എര്‍ദോഗന്‍

തുര്‍ക്കിയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ സമസ്ഥ മേഖലകളിലും പിടിമുറുക്കാനൊരുങ്ങി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍. 
ഭരണപരമായ എല്ലാ അധികാരവും പ്രസിഡന്റില്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശ്രമം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് എര്‍ദോഗന്‍. തനിക്ക് ഒട്ടും ഭീഷണിയില്ലാത്ത തരത്തിലാണ് പുതിയ ക്യാബിനറ്റിനെ എര്‍ദോഗന്‍ തെരഞ്ഞെടുക്കുന്നത്. 20 അംഗം മന്ത്രിസഭയില്‍ നിന്ന് 16 അംഗ മന്ത്രിസഭയായി ക്യാബിനറ്റ് ചുരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

സത്യപ്രതിജ്ഞയ്ക്ക് മുമ്പേതന്നെ എതിര്‍ശബ്ദമുയര്‍ത്തുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് 18,500 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പട്ടാള അട്ടിമറിയെ തുടര്‍ന്ന് 2016 ജൂലൈയില്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് മുന്നോടിയായാണ് വന്‍ പിരിച്ചുവിടല്‍ നടന്നത്.  ഇതില്‍ 8,998 പൊലീസ് ഓഫിസര്‍മാരും 6,152 സൈനിക ഉദ്യോഗസ്ഥരും 200 സര്‍വകലാശാലാ അധ്യാപകരും ഉള്‍പ്പെടും. നേരത്തേ 1,60,000 പേരെ പിരിച്ചുവിട്ടതിനു പുറമേയാണിത്. 

രാജ്യത്തെ സാമ്പത്തിക മേഖലയിലും ഉടച്ചുവാര്‍പ്പ് നടത്തുമെന്ന് എര്‍ദോഗന്‍ അവകാശപ്പെടുന്നു. തന്റെ മുന്‍ ഭരണകാലത്തില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തിക നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുര്‍ക്കിയെ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി മാറ്റുമെന്നാണ് അവകാശവാദം. 

നടപ്പാക്കാന്‍ പോകുന്ന പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലൂടെ രാജ്യത്തിന് കൂടുതല്‍ ശക്തിലഭിക്കുമെന്നും എര്‍ദോഗന്‍ പറയുന്നു. പാര്‍ലമെന്ററി സിസ്റ്റത്തില്‍ മാറ്റം വരുത്തി ഭരണപരമായ മുഴുവന്‍ അധികാരവും പ്രസിഡന്റില്‍ കേന്ദ്രീകരിക്കാനാണ് എര്‍ദോഗന്റെ നീക്കം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ട്. ഇസ്‌ലാമിസ്റ്റ് ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എര്‍ദോഗന്റെ ഭരണത്തിന് കീഴില്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com