'അച്ഛനേയും അമ്മയേയും കാണുന്നതിന് മുന്‍പ് അവര്‍ ആദ്യം ചോദിച്ചത് ചോക്ലേറ്റ്'; എട്ടുകുട്ടികളും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍

'എല്ലാവരും മാനസികമായി മികച്ച രീതിയിലാണ്. കൂടാതെ ആര്‍ക്കും പനി ബാധിച്ചിട്ടില്ല'
'അച്ഛനേയും അമ്മയേയും കാണുന്നതിന് മുന്‍പ് അവര്‍ ആദ്യം ചോദിച്ചത് ചോക്ലേറ്റ്'; എട്ടുകുട്ടികളും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍

തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ എട്ട് കുട്ടികളും ശാരീരികമായും മാനസികമായും മികച്ച നിലയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ വളരെ സന്തോഷത്തിലാണെന്നും അച്ഛനേയും അമ്മയേയും കാണുന്നതിന് മുന്‍പ് അവര്‍ ചോക്ലേറ്റാണ് ആവശ്യപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രക്ഷപ്പെടുത്തിയവരില്‍ രണ്ട് പേര്‍ക്ക് ന്യുമോണിയ സാധ്യതയുള്ളതിനാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്ന് ഒഴിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. 

എല്ലാവരും മാനസികമായി മികച്ച രീതിയിലാണ്. കൂടാതെ ആര്‍ക്കും പനി ബാധിച്ചിട്ടില്ലെന്നും പബ്ലിക് ഹെല്‍ത്ത് മിനിസ്ട്രി പെര്‍മനന്റ് സെക്രട്ടറി ജെസോഡ ചൊകെഡമ്രോങ്‌സുക് പറഞ്ഞു. 12 നും 16 നും ഇടയില്‍ പ്രായമുള്ള 12 ഫുട്‌ബോള്‍ ടീം അംഗങ്ങളും അവരുടെ പരിശീലകനുമാണ് ഗുഹയില്‍ കുടുങ്ങിയത്. ആദ്യത്തെ രണ്ട് ഘട്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് എട്ട് കുട്ടികളെ പുറത്തെടുത്തത്. കോച്ചും നാലു കുട്ടികളും ഇപ്പോഴും ഗുഹയിലാണ്. 

കഴിഞ്ഞ 16 ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിയതില്‍ നിന്നുണ്ടായ മാനസികാഘാതത്തില്‍ നിന്നും അവിടെനിന്നുള്ള രോഗബാധയിലൂടെയും നീണ്ടകാലത്തെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ക്ക് എക്‌സ് റേയും രക്ത പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിലൂടെയാണ് ന്യുമോണിയയുടെ സാധ്യതകള്‍ രണ്ടുപേരില്‍ തിരിച്ചറിഞ്ഞത്. ആന്റിബയോട്ടിക് കഴിച്ചാല്‍ ഇത് ശരിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഒരാഴ്ച ആശുപത്രിയില്‍ കഴിയാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവസാനം പുറത്തുവന്ന നാല് കുട്ടികളും സാധാരണ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ നിരീക്ഷണത്തിലായതിനാല്‍ ഗ്ലാസിലൂടെ മാത്രമേ ഇവരെ മാതാപിതാക്കള്‍ക്ക് കാണാന്‍ സാധിക്കൂ. മഴ ശക്തമായത് അവസാന ഘട്ട രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com