നീന്തൽ വേഷത്തിലെ ചിത്രമെടുത്തു ; യുഎസ് പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം 

സ്വിമ്മിം​ഗ് പൂളിനടുത്ത് നീന്തൽ വസ്ത്രം ധരിച്ച് നിന്ന നടിയുടെ ചിത്രം പകർത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം
നീന്തൽ വേഷത്തിലെ ചിത്രമെടുത്തു ; യുഎസ് പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം 

ദുബായ് : ദുബായിൽ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കൻ പൗരനെയും കുടുംബത്തെയും ഈജിപ്ഷ്യൻ നടി ആക്രമിച്ചതായി പരാതി. ഈജിപ്ഷ്യൻ നടി സെയ്നയും സഹോദരിയുമാണ്, യുഎസ് പൗരനെയും ഭാര്യയെും 11 വയസ്സുള്ള മകളെയും ആക്രമിച്ചത്. ദുബായിലെ പഞ്ചനക്ഷത്രഹോട്ടലിൽ കഴിഞ്ഞ ജൂൺ 29 നായിരുന്നു സംഭവം. 

സ്വിമ്മിം​ഗ് പൂളിനടുത്ത് നീന്തൽ വസ്ത്രം ധരിച്ച് നിന്ന നടിയുടെ ചിത്രം പകർത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ നടിയുടെ ചിത്രമല്ല, മകളുടെ ചിത്രമാണ് പകർത്തിയതെന്നാണ് യുഎസ് പൗരന്റെ വാദം. എന്നാൽ അനുവാദമില്ലാതെ, തങ്ങളുടെ സ്വകാര്യ ചിത്രം പകർത്തുകയായിരുന്നു എന്നാണ് നടിയും സഹോദരിയും പറയുന്നു. പകർത്തിയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനും നടി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. 

മകളുടെ കയ്യിലെ ഫോൺ നടി തട്ടിപ്പറിച്ചെടുത്ത് താഴെ എറിഞ്ഞെന്നും, നടിയുടെ സഹോദരി മകളെ ശാരീരികമായി ആക്രമിച്ചെന്നും യുഎസ് പൗരനും കുടുംബവും പരാതിപ്പെട്ടു. കുട്ടിയെയും അമ്മയെയും നടിയും സഹോദരിയും മാന്തുകയും കടിക്കുകയും ചെയ്തെന്നും ഇവർ പരാതിപ്പെട്ടു. സംഭവത്തെ  തുടർന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, നടിയെയും സഹോദരിയെയും, അമേരിക്കൻ പൗരനെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

കേസെടുത്ത പൊലീസ് കേസന്വേഷണം പൂർത്തിയാകുന്നതുവരെ രാജ്യം വിട്ട് പോകരുതെന്ന് നിർദേശം നൽകി. നിയമസഹായത്തിന് ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്റെ സഹായം യുഎസ് പൗരൻ തേടി. അതേസമയം യുഎഇയിലെ നിയമം അനുസരിച്ച്, ഒരാളുടെ അനുവാദമില്ലാതെ അയാളുടെ സ്വകാര്യ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രങ്ങൾ മായ്ച്ചുകളയണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പിന്നീട് വിശദീകരിച്ചു. രാജ്യത്തെ നിയമസംവിധാനങ്ങളിൽ പ്രതീക്ഷ ഉണ്ടെന്നും നടി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com