ഒടുവില്‍ കമ്യൂണിസ്റ്റ് ക്യൂബയും മാറുന്നു; സ്വകാര്യസ്വത്തും സ്വവര്‍ഗ്ഗ വിവാഹവും നിയമവിധേയമാക്കും

കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയുടെയും വിയറ്റ്‌നാമിന്റെയും വഴി പിന്തുടര്‍ന്ന് സ്വതന്ത്ര വിപണിയാകാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബയെന്ന് ഔദ്യോഗിക വാര്‍ത്താ മാധ്യമമായ 'ഗ്രാന്‍മ'യാണ്
ഒടുവില്‍ കമ്യൂണിസ്റ്റ് ക്യൂബയും മാറുന്നു; സ്വകാര്യസ്വത്തും സ്വവര്‍ഗ്ഗ വിവാഹവും നിയമവിധേയമാക്കും

മിയാമി: സ്വകാര്യ സ്വത്തും സ്വവര്‍ഗ്ഗ വിവാഹവും നിയമ വിധേയമാക്കിയുള്ള ഭരണഘടനാ ഭേദഗതിക്ക് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം ഈ ആഴ്ച ഉണ്ടാകുമെന്നാണ്  റിപ്പോര്‍ട്ടുകള്‍.  സ്വകാര്യസ്വത്ത് നിയമവിധേയമാക്കിയുള്ള നിയമം ക്യൂബന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊളിച്ചെഴുത്താവുമെന്നാണ് കരുതപ്പെടുന്നത്. ഫിദേലിന്റെ സഹോദരനായ റൗള്‍കാസ്‌ട്രോ ഏപ്രിലില്‍ വിരമിച്ചതോടെയാണ് ക്യൂബ  മാറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയുടെയും വിയറ്റ്‌നാമിന്റെയും വഴി പിന്തുടര്‍ന്ന് സ്വതന്ത്ര വിപണിയാകാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബയെന്ന് ഔദ്യോഗിക വാര്‍ത്താ മാധ്യമമായ 'ഗ്രാന്‍മ'യാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ ഭരണഘടന ക്യൂബയെ അടിമുടി മാറ്റുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹ നിയമങ്ങള്‍ മാറ്റിയെഴുതും. സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃതമാക്കുമെന്നും വിവാഹം എന്നത് സ്ത്രീയും പുരുഷനും എന്നത് മാറ്റി രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരലെന്ന നിര്‍വചനം ആക്കുമെന്നും ക്യൂബന്‍ സെക്രട്ടറി ഓഫ് കൗണ്‍സില്‍ ഹൊമേറെ അകോസ്റ്റ വ്യക്തമാക്കി.

സാമ്രാജ്യത്വവും ഏകാധിപത്യവുമാണ് ലാറ്റിനമേരിക്കയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് വിഘാതമാകുന്നതെന്നായിരുന്നു സ്ഥാനമേറ്റയുടനെ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയാസ് കനേല്‍ പറഞ്ഞത്. ഇന്നത്തെ ക്യൂബയുടെ പുരോഗതിക്ക് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കുകയണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്രവിപണിയിലേക്ക് ക്യൂബയും മാറുക എന്നത് റൗള്‍ കാസ്‌ട്രോ അധികാരമേറ്റ സമയം മുതലേ ഉയര്‍ന്നു വന്ന ആവശ്യമായിരുന്നു. റൗളിന്റെ കാലത്ത് സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. റസ്റ്റോറന്റുകളും ടാക്‌സി സര്‍വ്വീസുകളുമായിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗം. കഴിഞ്ഞ വര്‍ഷത്തോടെ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ വലിയ നിയന്ത്രണം വന്നതോടെ ഈ ബിസിനസുകള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com