'ഞാനും ഒരു മനുഷ്യനാണ്; തെറ്റുകള്‍ സംഭവിക്കാം'; ഇന്ത്യയെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് ചോദിച്ച് ഫോട്ടോഗ്രാഫര്‍

കൃത്രിമ ഭക്ഷണം നിരത്തിവച്ച ടേബിളിന് മുമ്പില്‍ കുട്ടികളെ നിര്‍ത്തി കണ്ണുമടച്ച് ഇഷ്ടഭക്ഷണം സ്വപ്‌നം കാണാന്‍ പറഞ്ഞ് ഫോട്ടോ എടുത്ത മാമോ ധാര്‍മ്മികത ഇല്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടത്തിയതെന്നും ആക്ഷേപം
'ഞാനും ഒരു മനുഷ്യനാണ്; തെറ്റുകള്‍ സംഭവിക്കാം'; ഇന്ത്യയെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് ചോദിച്ച് ഫോട്ടോഗ്രാഫര്‍

ന്യൂഡല്‍ഹി: വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തില്‍ ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ അലേസ്യോ മാമോ പരസ്യമായി മാപ്പ് പറഞ്ഞു. 'ഡ്രീമിങ് ഫുഡ്' എന്ന ഫോട്ടോ സീരീസാണ് അലേസ്യോയുടേതായി വേള്‍ഡ് പ്രസ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ചു വന്നത്. 

ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ എടുത്ത ചിത്രങ്ങളിലൂടെ അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മാമോ കുറിച്ചത്.വികസിത രാജ്യങ്ങള്‍ ഭക്ഷണം പാഴാക്കി കളയുമ്പോള്‍ ഇന്ത്യയില്‍ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ലക്ഷക്കണക്കിന് ആളുകളുണ്ട് എന്ന് ചിത്രീകരിക്കാന്‍ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ചര്‍ച്ച ഉണ്ടാക്കുന്നത് വഴി ഭക്ഷണം പാഴാക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂവെന്നും ആരെയും വേദനിപ്പിക്കണമെന്നില്ലെന്നും തെറ്റ് പറ്റിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.ഡ്രീമിങ് ഫുഡ് എന്ന പ്രോജക്ട് 2011 ലാണ് ആരംഭിക്കുന്നത്.ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോയി അവരോട് അടുത്തിഴപഴകിയാണ് താന്‍ പ്രോജക്ട് പൂര്‍ത്തിയാക്കിയതെന്നും ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.


വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ ആയി നേരത്തെ മാമോയുടെ ഫോട്ടോകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അവിടെയുള്ള വിവിധ പ്രായത്തിലെ ജനങ്ങളോട് ഇഷ്ടമുള്ള ഭക്ഷണം എന്താണെന്ന് ചോദിച്ച ശേഷം ഒരു ടേബിളില്‍ പലവിധ ഭക്ഷണം നിരത്തി വച്ച് ആളുകളെ കൈ കൊണ്ട് മുഖം മറച്ച് നിര്‍ത്തിയാണ് മാമോ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ദരിദ്രാവസ്ഥ വിശദമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് വേള്‍ഡ് പ്രസ് ഫോട്ടോയ്ക്കും മാമോയ്ക്കും നേരിടേണ്ടി വന്നത്. ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നതിന് വേണ്ടി ചിത്രീകരിച്ച സീരീസാണ് എന്ന് ആരോപണം ഉയര്‍ന്നു. 

കൃത്രിമ ഭക്ഷണം നിരത്തിവച്ച ടേബിളിന് മുമ്പില്‍ കുട്ടികളെ നിര്‍ത്തി കണ്ണുമടച്ച് ഇഷ്ടഭക്ഷണം സ്വപ്‌നം കാണാന്‍ പറഞ്ഞ് ഫോട്ടോ എടുത്ത മാമോ ധാര്‍മ്മികത ഇല്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്നാല്‍ മത്സര വിജയികളാണ് ഒരാഴ്ച പേജ് കൈകാര്യം ചെയ്തതെന്നും ചോദ്യങ്ങള്‍ക്ക് അവര്‍ തന്നെ മറുപടി നല്‍കുമെന്നും പറഞ്ഞാണ് വേള്‍ഡ് പ്രസ് ഫോട്ടോ മാമോവിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com