ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കും; സാര്‍ക് രാജ്യത്തലവന്‍മാരും പങ്കെടുത്തേക്കും

ആഗസ്റ്റ് 11 നാണ് പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്.
ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കും; സാര്‍ക് രാജ്യത്തലവന്‍മാരും പങ്കെടുത്തേക്കും

ഇസ്ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി  നരേന്ദ്രമോദിയേയും ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് നേതാക്കള്‍. ആഗസ്റ്റ് 11 നാണ് പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളിലെ തലവന്‍മാരെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് പിടിഐയുടെ ശ്രമം. 

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയം നേടിയ ഇമ്രാന്‍ ഖാനെ നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
 രണ്ട് രാജ്യങ്ങളുടെയും ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ ഇമ്രാന്‍ഖാന്റെ ഭരണത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം പുലരുന്നതിനും തെക്കനേഷ്യയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ഇന്ത്യയ്ക്കുള്ള താത്പര്യം അദ്ദേഹം നിയുക്ത പാക് പ്രധാനമന്ത്രിയെ അറിയിച്ചു.
 
സമൃദ്ധവും വികസനോന്മുഖവും സമാധാനപ്രിയവുമായ അയല്‍ക്കാരനെയാണ് ഇന്ത്യ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയവും നേരത്തെ ഇമ്രാന്‍ഖാനെ അഭിനന്ദിച്ച് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അംഗങ്ങള്‍ ഇമ്രാന്‍ഖാന്റെ പിടിഐക്ക് തികഞ്ഞിരുന്നില്ല. സ്വതന്ത്രന്‍മാരുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് പിടിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com