കരഞ്ഞുതീര്‍ക്കാനില്ല; മകളുടെ ചോര പുരണ്ട കുപ്പായവുമായി ഗാസയിലെ പോരാട്ട ഭൂമിയില്‍ അവരെത്തി

എല്ലാ പലസ്തീനി പെണ്‍കുട്ടികളും റസാനാണ്, എല്ലാ പലസ്തീനി ഉമ്മമാരും റസാനാണ്, ജീവന്‍ കൊടുത്തും ഞങ്ങള്‍ അവള്‍ പോയ വഴിയേ പോകും
കരഞ്ഞുതീര്‍ക്കാനില്ല; മകളുടെ ചോര പുരണ്ട കുപ്പായവുമായി ഗാസയിലെ പോരാട്ട ഭൂമിയില്‍ അവരെത്തി

റാമല്ലെ: യുദ്ധഭൂമിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ വെടിയേറ്റ് വീണ് ഗാസയിലെ നഴ്‌സ് റസാന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങിയിട്ടില്ല. എന്നാല്‍ റസാന്റെ ഓര്‍മകളില്‍ മാത്രം ജീവി്‌ച്ചൊടുങ്ങാന്‍ തയ്യാറാല്ല ഉമ്മ സബ്രീന്‍ അല്‍ നജര്‍. മകളുടെ വഴിയെ തന്നെ സഞ്ചരിക്കാനാണ് ഉമ്മയുടെ തീരുമാനം. 

പലസ്തീന്‍ മാലാഖ എന്നറിയപ്പെടുന്ന റസാന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അവളുടെ ചോര പുരണ്ട കുപ്പായമണിഞ്ഞ് സബ്രീനും പലസ്തീന്‍ റിലീഫ് സൊസൈറ്റി പ്രവകര്‍ത്തകരോടൊപ്പം മുറിവേറ്റവരെ പരിചരിക്കാനെത്തി.

''എല്ലാ പലസ്തീനി പെണ്‍കുട്ടികളും റസാനാണ്, എല്ലാ പലസ്തീനി ഉമ്മമാരും റസാനാണ്, ജീവന്‍ കൊടുത്തും ഞങ്ങള്‍ അവള്‍ പോയ വഴിയേ പോകും.ധീരയായിരുന്നു തന്റെ മകള്‍. ഇസ്രായേല്‍ പട്ടാളത്തെ അവള്‍ ഒരിക്കലും ഭയപ്പെട്ടില്ല'', ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സബ്രീന്‍ പറഞ്ഞു. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ പട്ടാളം റസാനെ വധിച്ചതെന്നും സബ്രീന്‍ കൂട്ടിച്ചേര്‍ത്തു. 

ചോരയില്‍ കുതിര്‍ന്ന തന്റെ മകളുടെ കുപ്പായം നെഞ്ചോടു ചേര്‍ത്തു കരയുന്ന റസാന്റെ പിതാവ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ഉള്ളുലച്ചിരുന്നു. ഗാസ പട്ടണമായ ഗാന്‍ യൂനുസില്‍ വെള്ളിയാഴ്ചയാണ് റസാന്‍ വെടിയേറ്റു വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com