സിംഗപ്പൂരില്‍ ചരിത്ര കൂടിക്കാഴ്ച;  കൊറിയയുമായി മികച്ച ബന്ധമുണ്ടാക്കുമെന്ന് ട്രംപ്

ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് - ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്ന്  കിം 
സിംഗപ്പൂരില്‍ ചരിത്ര കൂടിക്കാഴ്ച;  കൊറിയയുമായി മികച്ച ബന്ധമുണ്ടാക്കുമെന്ന് ട്രംപ്


സിംഗപ്പൂര്‍: കൂടിക്കാഴ്ചയ്ക്ക് മുന്‍പ് പരസ്പരം ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും സിംഗപ്പൂരില്‍. ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്കാണ് സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലില്‍ തുടക്കം കുറിച്ചിരിക്കുന്നത്. 45 മിനിറ്റ് നേരമാണ് കൂടിക്കാഴ്ച.ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടാണു ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തുന്നത്. 

ഉത്തരകൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ ആവര്‍ത്തിച്ചു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാന്‍ ഉത്തരകൊറിയയ്ക്കു 'സവിശേഷമായ' സുരക്ഷാ ഉറപ്പുകള്‍ നല്‍കാമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. യുഎസുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂര്‍വമായ അവസരമാണിത്  പോംപെയോ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com