കുഞ്ഞിനെ മടിയില്‍ കിടത്തി അമ്മ പരീക്ഷ എഴുതി; അഫ്ഗാന്‍ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രണ്ട് മാസം പ്രായമായ കുട്ടിയേയും കൊണ്ടാണ് യുവതി പരീക്ഷ ഹോളില്‍ കയറിയത്
കുഞ്ഞിനെ മടിയില്‍ കിടത്തി അമ്മ പരീക്ഷ എഴുതി; അഫ്ഗാന്‍ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രീക്ഷ എഴുതുന്നതിനിടയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ പരിപാലിക്കുന്ന അഫ്ഗാന്‍ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹം കഴിക്കാന്‍ പഠിപ്പ് മുടക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് ഈ അമ്മ. 

അഫ്ഗാനിസ്താനിലെ ദായ്കുംദി പ്രവിശ്യയിലുള്ള ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതായി എത്തിയതായിരുന്നു 25 കാരിയായ ജഹാന്‍ താബ്. രണ്ട് മാസം പ്രായമായ കുട്ടിയേയും കൊണ്ടാണ് യുവതി പരീക്ഷ ഹോളില്‍ കയറിയത്. പരീക്ഷ തുടങ്ങി കുറച്ച് കഴിഞ്ഞതോടെ കുഞ്ഞ് കരച്ചില്‍ ആരംഭിച്ചു. പിന്നെ കുഞ്ഞിനേയും എടുത്ത് കസേരയില്‍ നിന്ന് ഇറങ്ങി നിലത്ത് ഇരുന്നു. കുഞ്ഞ് മടിയില്‍ കിടക്കുമ്പോള്‍ അമ്മ പരീക്ഷ എഴുതി. നസീര്‍ഖോസ്ര എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സാമൂഹ്യ ശാസ്ത്ര പഠനത്തിനായി നടത്തുന്ന കാങ്കോര്‍ പരീക്ഷ എഴുതാനാണ് ജഹാന്‍ എത്തിയത്. 

പരീക്ഷഹാളില്‍ നിരീക്ഷകനായി എത്തിയിരുന്ന യഹിയ ഇര്‍ഫാന്‍ എന്ന അധ്യാപകനാണ് യുവതിയുടെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനിലെ യുവതികള്‍ക്ക് പ്രചോദനമായാണ് അധ്യാപകന്‍ ചിത്രം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ലോകം മുഴുവന്‍ ചിത്രം ഏറ്റെടുത്തു. 

ആറുമണിക്കൂര്‍ യാത്ര ചെയ്താണ് പരീക്ഷ എഴുതുന്നതിനായി യുവതി നിള്ളിയില്‍ എത്തിയത്. കര്‍ഷകന്റെ ഭാര്യയായ ജഹാന് മൂന്ന് കുട്ടികളാണുള്ളത്. യുവതി ആഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ തയ്യാറായി ഭര്‍ത്താവ് ഉണ്ടെങ്കിലും പണം ഇരുവരുടെയും സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതീര്‍ക്കുകയാണ്. യുവതിയുടെ വിവരങ്ങള്‍ അറിഞ്ഞ അഫ്ഗാന്‍ യൂത്ത് അസോസിയേഷന്‍ യുവതിയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഗോ ഫണ്ട് മി എന്ന പേരില്‍ ഇവര്‍ ഒരു ധനസമാഹരണ പരിപാടി ആരംഭിച്ചുകഴിഞ്ഞു. ആയിരക്കണിക്കിന് അഫ്ഗാന്‍ യുവതികള്‍ക്ക് താബ് ഒരു മാതൃകയാണെന്നാണ് ഇവരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com