നരകം ഇല്ലെന്ന് മാര്‍പാപ്പ പറഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്

മോശമായ ആത്മാക്കള്‍ ശിക്ഷിക്കപ്പെടില്ലെന്ന് പോപ്പ് പറഞ്ഞതായാണ് 93 കാരനായ സ്‌കാല്‍ഫറി റിപ്പോര്‍ട്ട് ചെയ്തത്
നരകം ഇല്ലെന്ന് മാര്‍പാപ്പ പറഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്

റോം; നരകം ഇല്ലെന്ന് മാര്‍പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കത്തോലിക്ക വിശ്വാസത്തിന്റെ ആണിക്കല്ലായ കണക്കാക്കുന്ന നരകത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'ലാ റിപ്പബ്ലിക്ക' എന്ന ന്യൂസ് പേപ്പറിലാണ് ഇതു സംബന്ധിച്ച് വാര്‍ത്ത വന്നത്.  ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് യൂഗേനിയോ സ്‌കാല്‍ഫറിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാര്‍പ്പാപ്പ ഇത്തരത്തില്‍ പറഞ്ഞത്. 

എന്നാല്‍ മാര്‍പാപ്പ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വത്തിക്കാന്റെ നിലപാട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് വത്തിക്കാന്‍ പറയുന്നത്. മോശമായ ആത്മാക്കള്‍ ശിക്ഷിക്കപ്പെടില്ലെന്ന് പോപ്പ് പറഞ്ഞതായാണ് 93 കാരനായ സ്‌കാല്‍ഫറി റിപ്പോര്‍ട്ട് ചെയ്തത്. ലാ റിപ്പബ്ലിക്കയുടെ സ്ഥാപകനായ ഇദ്ദേഹം നിരീശ്വരവാദിയും ഇടതുസഹയാത്രികനുമാണ്. നരകത്തെക്കുറിച്ച് പോപ്പ് പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാല്‍ പോപ്പിന്റെ യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകളല്ല വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നതെന്നും വത്തിക്കാന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസ്യയോഗ്യമല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 

എന്നാല്‍ താന്‍ എഴുതിയതില്‍ ഉറച്ചു നില്‍ക്കുകയാണ് സല്‍ഫാരി. അതൊരു അഭിമുഖമായിരുന്നില്ല, കൂടിക്കാഴ്ച മാത്രമായിരുന്നു അതുകൊണ്ട് താന്‍ പോപ്പിന്റെ വാക്കുകള്‍ കുറിച്ചുവെച്ചില്ലെന്നുമാണ് സല്‍ഫാരി നല്‍കുന്ന വിശദീകരണം. എന്നാല്‍ നരകമില്ലെന്ന് പോപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെറ്റു ചെയ്യുന്നവരുടെ ആത്മാക്കള്‍ നരകത്തില്‍ പോകുമെന്നാണ് കത്തോലിക്ക വിശ്വാസത്തിലുള്ളത്. കത്തോലിക്കയുടെ ഉയര്‍ന്ന സ്ഥാനത്തുള്ള പോപ്പ് തന്നെ വിശ്വാസത്തെ തള്ളിപ്പറഞ്ഞെന്നുള്ള പ്രചാരണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അതിനിടയിലാണ് റിപ്പോര്‍ട്ടിനെ തള്ളി വത്തിക്കാന്‍ തന്നെ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com