ആ വാര്‍ത്തകള്‍ വ്യാജം; മതനിന്ദയുടെ പേരില്‍ തടവിലിട്ട ആസീയ ബീബിയെ നാടുകടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാക്കിസ്ഥാന്‍

മതനിന്ദ കുറ്റമാരോപിച്ച് പാക്കിസ്ഥാനില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ വനിത ആസിയ ബീബിയെ ഹോളണ്ടിലേക്ക് നാടുകടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പാക് അധികൃതര്‍
ആ വാര്‍ത്തകള്‍ വ്യാജം; മതനിന്ദയുടെ പേരില്‍ തടവിലിട്ട ആസീയ ബീബിയെ നാടുകടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാക്കിസ്ഥാന്‍

ലാഹോര്‍: മതനിന്ദ കുറ്റമാരോപിച്ച് പാക്കിസ്ഥാനില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ വനിത ആസിയ ബീബിയെ ഹോളണ്ടിലേക്ക് നാടുകടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പാക് അധികൃതര്‍. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റിലായ ആസിയ കഴിഞ്ഞ എട്ട് വര്‍ഷമായി മുള്‍ട്ടാനിലെ വനിതകള്‍ക്കായുള്ള ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയായിരുന്നു. 47 കാരിയായ ആസിയ നാല് കുട്ടികളുടെ അമ്മയാണ്. ഇവരെ വെറുതെവിട്ടതിനെതിരെ രാജ്യം മുഴുവന്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നത്.

കഴിഞ്ഞ ദിവസം ഇവരെ സുപ്രീം കോടതി കുറ്റ വിമുക്തയാക്കിയതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് പുറത്തിറങ്ങിയ ഇവരെ റാവല്‍പിണ്ടിയിലെ നുര്‍ ഖാന്‍ എയര്‍ബേസിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ഹോളണ്ടിലേക്ക് കടത്തിയതായി പാക് സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആസിയ ബീബിയെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഹോളണ്ടിലേക്ക് കടത്തിയതായി തെഹരീക് ഐ ലബായിക് പാക്കിസ്ഥാന്‍ പാര്‍ട്ടി (ടിഎല്‍പി
) ആരോപിച്ചു. വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയണ് ടിഎല്‍പി. ഹോളണ്ട് അംബാസഡര്‍ ജയിലിലെത്തി ആസിയയെ കാണുകയും അധികൃതരുമായി കൂടിയാലോചന നടത്തിയുമാണ് ഇവരെ ഹോളണ്ടിലേക്ക് കടത്തിയതെന്നും ടിഎല്‍പി പറയുന്നു. 

എന്നാല്‍ ആസിയ ബീബി രാജ്യം വിട്ടുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. അവര്‍ രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാക് വിവരാവകാശ മന്ത്രി ഫവദ് ചൗധരിയും രംഗത്തെത്തി. വളരെ വൈകാരികമായി നില്‍ക്കുന്ന ഒരു വിഷയമാണിത്. ഒരുറപ്പുമില്ലാതെ, തെളിവുകളൊന്നും ഇല്ലാതെ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ ഉത്തരവാദിത്വബോധം കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2010ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോര്‍ കോടതി വധശിക്ഷക്കു വിധിച്ചത്. ഒക്‌ടോബര്‍ 31ന് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കി. തുടര്‍ന്ന് ജയില്‍ മോചിതയായാല്‍ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com