എച്ച്‌ഐവി ബാധിതനായ സൈനികന്‍ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി: കുട്ടികളെ വലയിലാക്കിയത് ഡേറ്റിങ് ആപ് വഴിയും സമൂഹമാധ്യമങ്ങളിലൂടെയും

18 വയസിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് പുറത്തുവിട്ടത്. 
എച്ച്‌ഐവി ബാധിതനായ സൈനികന്‍ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി: കുട്ടികളെ വലയിലാക്കിയത് ഡേറ്റിങ് ആപ് വഴിയും സമൂഹമാധ്യമങ്ങളിലൂടെയും

ബാങ്കോക്ക്: എഴുപതിലേറെ കൗമാരക്കാരായ ആണ്‍കുട്ടികളെ സൈനിക ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. 43കാരനായ ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്നും, 18 വയസിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് പുറത്തുവിട്ടത്. 

സൈനിക ഉദ്യോഗസ്ഥനെതിരെ കുട്ടികളില്‍ ചിലര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തത് ശേഷമായിരുന്നു ഇയാള്‍ ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. 13നും 18 വയസിനും ഇടയിലുള്ള ആണ്‍കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍.

കൗമാരക്കാരുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു പീഡനത്തിന് മുന്നോടിയായി ഇയാള്‍ ആദ്യം ചെയ്തിരുന്നത്. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ പ്രതി ഒട്ടേറെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ബ്ലൂഡും ഉപയോഗിച്ചിരുന്നു. കുട്ടികളുമായി ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്‌നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്.  

കുട്ടികളുടെ പരാതി ലഭിച്ചതിന് പിന്നാലെ തായ്‌ലന്‍ഡ് പൊലീസ് സംഘം ഖോന്‍കെയ്ന്‍ പ്രവിശ്യയിലെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ചില മരുന്നുകള്‍ ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്ന സംശയമുണര്‍ത്തി. തുടര്‍ന്ന് എച്ച്‌ഐവി രോഗികള്‍ കഴിക്കുന്ന മരുന്നുകളാണിതെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു. 

തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പ്രതിക്ക് എച്ച്‌ഐവി പോസിറ്റീവാണെന്ന് വ്യക്തമായി. ഇതോടെ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി ബാധ പകര്‍ന്നിട്ടുണ്ടാകുമോ എന്ന സംശയത്തിലാണ് പൊലീസുകാര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ ആറ് കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

തായ്‌ലന്‍ഡ് നിയമപ്രകാരം വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, സംഭവത്തില്‍ ഇനിയും വിശദമായ അന്വേഷണം നടത്തുമെന്നും, ഇരകളായ കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com