ലോകത്ത് ഒന്‍പതില്‍ ഒരാള്‍ പട്ടിണി: യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

2017ല്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിച്ചുയരുകയാണ്. 
ലോകത്ത് ഒന്‍പതില്‍ ഒരാള്‍ പട്ടിണി: യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

2030ഓടെ ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഈ നടപടികളൊന്നും ഫലം കാണുന്നില്ല എന്ന നിരാശജനകമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2017ല്‍, തുടര്‍ച്ചയായ 
മൂന്നാം വര്‍ഷവും ലോകത്തിലെ പട്ടിണിനിരക്ക് കുതിച്ചുയരുകയാണ്. 

രാജ്യാന്തര തലത്തിലെ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിനിരക്ക് കൂട്ടുന്നതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമുള്ള മിക്ക പ്രദേശങ്ങളിലും പട്ടിണിനിരക്ക് വര്‍ധിക്കുകയാണ്. ആകെയുള്ള 82.1 കോടി ജനങ്ങളില്‍ ഒന്‍പതു പേരില്‍ ഒരാളെന്ന കണക്കില്‍ 2017ല്‍ പട്ടിണിയിലായിരുന്നെന്നാണ് സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷ്യന്‍ ഇന്‍ ദ് വേള്‍ഡ് 2018 റിപ്പോര്‍ട്ട്. 

അതേസമയം ലോകത്താകെ 67.2 കോടി മുതിര്‍ന്നവര്‍ പൊണ്ണത്തടിയന്മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് എട്ടു പേരെയെടുത്താല്‍ അതില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്കു പൊണ്ണത്തടിയുണ്ട്. 2014ല്‍ ഇത് 60 കോടിയായിരുന്നു. ഒരേ സമയം ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ വേറെ ഒരു വിഭാഗം വെള്ളം കൂടി കിട്ടാത്ത അവസ്ഥയിലാണ്. 

2015ലാണ് യുഎന്‍ അംഗരാജ്യങ്ങള്‍ ലോകത്ത് നിന്നും പട്ടിണി ഉന്‍മൂലനം ചെയ്യുന്നത് സംബന്ധിച്ച ലക്ഷ്യങ്ങള്‍ തയാറാക്കിയത്. ഒരു ദശാബ്ദക്കാലത്തോളം പട്ടിണിനിരക്ക് കുറഞ്ഞു വന്നിരുന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇപ്പോള്‍ പട്ടിണി നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ഇതിന് പല കാരണങ്ങള്‍ ഐക്യരാഷ്ട്രസഭ മുന്‍നിര്‍ത്തുന്നുണ്ട്.

2017ല്‍ 51 രാജ്യങ്ങളിലെ 12.4 കോടി ജനങ്ങള്‍ കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം  പട്ടിണിയിലായി. പല രാജ്യങ്ങളും ഇപ്പോഴും കലാപങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുകയാണ്. കലാപം തുടരുന്ന യെമന്‍, സൊമാലിയ, സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാലാവസ്ഥാ ദുരന്തങ്ങളും തിരിച്ചടിയുണ്ടാക്കി. വരള്‍ച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രശ്‌നങ്ങള്‍ ഈ രാജ്യങ്ങളില്‍ ഒന്നോ രണ്ടോ തവണയാണുണ്ടായത്. 

പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തതും പൊണ്ണത്തടിയിലേക്കു നയിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ചെലവു കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുകയാണു പതിവ്. കൊഴുപ്പും പഞ്ചസാരയും ഉപ്പുമെല്ലാം കൂടിയ ഇത്തരം ഭക്ഷ്യവസ്തുക്കളാണ് പൊണ്ണത്തടിക്കു കാരണമാകുന്നത്. ജനങ്ങളെ മാനസികമായും പട്ടിണി ബാധിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com