ഇന്ത്യയല്ല ; തീവ്രവാദവും അമേരിക്കയുമാണ് ഭീഷണി ; പാക് സൈന്യം നിലപാട് മാറ്റത്തിലേക്ക് ? 

ആണവായുധങ്ങളുടെ തന്ത്രപരമായ ഉപയോഗത്തെക്കുറിച്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വിവരവുമില്ല
ഇന്ത്യയല്ല ; തീവ്രവാദവും അമേരിക്കയുമാണ് ഭീഷണി ; പാക് സൈന്യം നിലപാട് മാറ്റത്തിലേക്ക് ? 

ഇസ്ലാമാബാദ് : പാക് സൈന്യത്തിലെ പുതുതലമുറ ഓഫീസര്‍മാരുടെ ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയല്ല, പകരം തീവ്രവാദപ്രവര്‍ത്തനമാണ് പാകിസ്ഥാന് ഭീഷണിയാകുക എന്ന് പുതിയ ഓഫീസര്‍മാര്‍ വിലയിരുത്തുന്നു. യുഎസ് സൈനികന്‍ കേണല്‍ ഡേവിഡ് സ്മിത്ത് തയ്യാറാക്കിയ ക്വറ്റ എക്‌സ്പീരിയന്‍സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പാക് സൈന്യത്തിലെ ജൂനിയര്‍, മധ്യ തലങ്ങളിലെ ഓഫീസര്‍മാര്‍ ഇന്ത്യയല്ല, മറിച്ച് ഭീകരവാദമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് വിലയിരുത്തുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗോത്ര മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇങ്ങനെ വിലയിരുത്തുന്നത്. ഭീകരപ്രവര്‍ത്തനത്തിനെതിരെയായിരുന്നു ഇവര്‍ക്ക് കൂടുതല്‍ സമയവും ഏറ്റുമുട്ടേണ്ടി വന്നത്. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ നിരവധി സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായി. നിരവധി പേരുടെ കുടുംബം തകര്‍ന്നത് കാണേണ്ടി വന്നുവെന്നും ജൂനിയര്‍ ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ബ്രിഗേഡിയര്‍ മുതല്‍ മേജര്‍ ജനറല്‍ വരെയുള്ള സീനിയര്‍ ഓഫീസര്‍മാര്‍, ലെഫ്റ്റനന്റ് കേണല്‍ മുതല്‍ കേണല്‍ വരെയുള്ള മധ്യ തലം, ക്യാപ്റ്റന്‍ മുതല്‍ മേജര്‍ വരെയുള്ള ജൂനിയര്‍ ഓഫീസര്‍ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡേവിഡ് സ്മിത്തിന്റെ വിലയിരുത്തല്‍. ജൂനിയര്‍ ഓഫീസര്‍മാരുടെ അഭിപ്രായം, 1977 മുതല്‍ 2014 വരെയുള്ള 37 വര്‍ഷത്തെ പാക് സൈന്യത്തിന്റെ നിലപാടിലെ വന്‍മാറ്റമായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 

ആണവായുധങ്ങളുടെ തന്ത്രപരമായ ഉപയോഗത്തെക്കുറിച്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വിവരവുമില്ല. ആണവ യുദ്ധം സംബന്ധിച്ച് പാക് സൈനിക കോളേജില്‍ യാതൊന്നും പഠിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അമേരിക്കയാകും സൈനികമായി തങ്ങള്‍ക്ക് ഭീഷണിയാകുക എന്ന് ജൂനിയര്‍ ഓഫീസര്‍മാര്‍ വിലയിരുത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com