മോദിയെ ക്ഷണിച്ച് ഇമ്രാന്റെ കത്ത്; ലക്ഷ്യം ഇന്ത്യ- പാക് സമാധാന ചര്‍ച്ച 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
മോദിയെ ക്ഷണിച്ച് ഇമ്രാന്റെ കത്ത്; ലക്ഷ്യം ഇന്ത്യ- പാക് സമാധാന ചര്‍ച്ച 

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ മാസം അവസാനത്തോടെ ഇന്ത്യാ- പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നതിനൊപ്പം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമാ സ്വരാജും ഷാ മെഹ്മൂദ് ഖുറേഷിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച കൂടി എന്ന ആഗ്രഹവും ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അയല്‍രാജ്യങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു കാല്‍വെയ്പ്പുകളോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാക്കിസ്ഥാന്‍ നടത്തുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അധികാരത്തില്‍ ഏറിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത്. 

2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണമായും തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കാശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞു. ഇന്ത്യ ലക്ഷ്യമാക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ മണ്ണ് വളക്കൂര്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തതാണെന്നതാണ് ഇന്ത്യയുടെ പക്ഷം. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും മോചിപ്പിച്ച്  സമാധാനവും അഭിവൃദ്ധിയും കൈവരുത്തുന്നതിനായി നേരത്തേ നരേന്ദ്ര മോദി ഫോണിലൂടെ പങ്കുവെച്ച ആശയങ്ങളും ഇമ്രാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഏഷ്യന്‍ ഉച്ചകോടിയുടെ ഭാഗമായി സുഷമാ സ്വരാജ് 2015ല്‍ ഇസ്ലാമാബാദിലേക്ക് പോയതായിരുന്നു ഇതിന് മുന്‍പ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒരേയൊരു പരിപാടി. സമാധാനം, സുരക്ഷ, സിബിഎംഎസ്, ജമ്മു കാശ്മീര്‍, സിയാച്ചിന്‍, സാമ്പത്തിക വാണിജ്യ സഹകരണം, ഭീകരവാദം ഇല്ലാതാക്കല്‍, മയക്കുമരുന്ന് കടത്ത് നിയന്ത്രണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍, മത ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഉണ്ടാകുമെന്ന രീതിയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com