ഇന്ത്യയുടെ നിലപാട് ധാര്‍ഷ്ട്യം; അധികാരത്തിലിരിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്ത 'ചെറിയ' മനുഷ്യരെന്നും ഇമ്രാന്‍ഖാന്‍

അതിര്‍ത്തിയില്‍ പാക് പ്രകോപനം  തുടരുന്നതിനിടെ കൂടിക്കാഴ്ച നടത്തിയിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയത്
ഇന്ത്യയുടെ നിലപാട് ധാര്‍ഷ്ട്യം; അധികാരത്തിലിരിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്ത 'ചെറിയ' മനുഷ്യരെന്നും ഇമ്രാന്‍ഖാന്‍

 ഇസ്ലാമാബാദ്:  സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനായി പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ നിരാകരിച്ച ഇന്ത്യയുടെ നടപടി അങ്ങേയറ്റം ധാര്‍ഷ്ട്യവും നിരാശാജനകവുമാണെന്ന്  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദീര്‍ഘ വീക്ഷണമില്ലാത്ത നേതാക്കളാണ് ഇന്ത്യയെ നയിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ വിമര്‍ശിച്ചു.

വലിയ പദവികളിലെത്തുന്ന ചില ചെറിയ മനുഷ്യര്‍ വിശാലമായ കാഴ്ചപ്പാടുകളില്ലാത്തവരാണെന്നും അത്തരം ആളുകളെ താന്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെയുള്ള ഇമ്രാന്റെ വിമര്‍ശനം.

അതിര്‍ത്തിയില്‍ പാക് പ്രകോപനം  തുടരുന്നതിനിടെ കൂടിക്കാഴ്ച നടത്തിയിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയത്. ജമ്മുകശ്‌രില്‍ പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോവുകയും സൈനികനെ പാക് സൈന്യം വധിച്ച ശേഷം തലയറുത്ത് പ്രദര്‍ശിപ്പിച്ചതും ഇന്ത്യയുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇതോടെയാണ് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഇന്ത്യ തീരുമാനം പിന്‍വലിച്ചത്. 

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ പാക് പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു. 
ന്യൂയോര്‍ക്കില്‍ നടക്കുന്ന  ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കൂടിക്കാഴ്ച നടത്താനായിരുന്നു ഇതേത്തുടര്‍ന്ന് തീരുമാനിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com