സ്‌ട്രോബെറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയതിന് പിന്നാലെ ആപ്പിളിലും പഴത്തിലും; സൂചി വിഴുങ്ങിയതുമൂലം രണ്ടുപേര്‍ ആശുപത്രിയില്‍ 

ക്വീന്‍സ്‌ലാന്റ്, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയ സ്‌ട്രോബെറികള്‍ കഴിക്കരുതെന്ന് പൊലീസും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്
സ്‌ട്രോബെറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയതിന് പിന്നാലെ ആപ്പിളിലും പഴത്തിലും; സൂചി വിഴുങ്ങിയതുമൂലം രണ്ടുപേര്‍ ആശുപത്രിയില്‍ 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിവിധയിടങ്ങളില്‍ സ്‌ട്രോബെറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയതിന് പിന്നാലെ മറ്റ് പഴവര്‍ഗ്ഗങ്ങളില്‍ നിന്നും സൂചി കണ്ടൈത്തി. ആപ്പിളിലും പഴത്തിലുമാണ് സൂചി കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി സൂചി ഒളിപ്പിച്ച നിലയിലുള്ള പഴങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

സൂചി കഴിച്ച് തൊണ്ടയില്‍ മുറിവേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിയാണ് ആദ്യമായി സ്‌ട്രോബറിക്കുള്ളില്‍ നിന്ന് സൂചി ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ സംഭവം വിവരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് വൈറലായതോടെയാണ് കൂടുതല്‍ ആളുകള്‍ ഇത് ശ്രദ്ധിച്ചുതുടങ്ങിയത്. ഇതോടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. 

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രെഗ് ഹണ്ട് ഉത്തരവിട്ടിട്ടുണ്ട്. ക്വീന്‍സ്‌ലാന്റ്, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയ സ്‌ട്രോബെറികള്‍ കഴിക്കരുതെന്ന് പൊലീസും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിക്കുന്നതിന് മുന്‍പ് പഴങ്ങള്‍ മുറിച്ചുനോക്കണമെന്നും നിര്‍ദേശമുണ്ട്. 

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംശയമുള്ള നൂറോളം പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com