പുരോഹിതരുടെ ലൈംഗിക പീഡനം: കുട്ടികളോട് മാപ്പിരന്ന് ജര്‍മന്‍ കത്തോലിക്ക സഭ

പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്കസഭ 
പുരോഹിതരുടെ ലൈംഗിക പീഡനം: കുട്ടികളോട് മാപ്പിരന്ന് ജര്‍മന്‍ കത്തോലിക്ക സഭ

ബെര്‍ലിന്‍: പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായി ജര്‍മന്‍ കത്തോലിക്കസഭ. 1946നും 2014നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ജര്‍മന്‍ കത്തോലിക്കസഭയുടെ മേധാവിയായ കര്‍ദിനാള്‍ റീന്‍ഹാഡ് മാക്‌സ് ഇരകളോട് ക്ഷമചോദിച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ചെയര്‍മാനായ അദ്ദേഹം വ്യക്തമാക്കി.

ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നിയമിച്ച കമ്മിഷനാണ് ബാലലൈംഗിക പീഡനങ്ങളുള്‍പ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവ മൂടിവെച്ച സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 27 രൂപതകളില്‍നിന്നുള്ള 38,000 രേഖകള്‍ പരിശോധിച്ചാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1946നും 2014നുമിടയില്‍ രാജ്യത്തെ 1670 പുരോഹിതര്‍ ഇക്കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനത്തില്‍ പങ്കാളികളായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കി. പീഡനത്തിന് ഇരയായ പകുതിയിലധികം കുട്ടികളും പതിമ്മൂന്നോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. ആരോപണം നേരിട്ട മൂന്നിലൊന്ന് പുരോഹിതന്‍മാര്‍ മാത്രമാണ് സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള സഭാനടപടികള്‍ നേരിട്ടത്. 38 ശതമാനം കേസുകള്‍ സിവില്‍കോടതികളിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫുല്‍ദയില്‍ നടക്കാന്‍പോകുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ തീരുമാനിച്ച റിപ്പോര്‍ട്ട് ഈ മാസമാദ്യം മാധ്യമങ്ങള്‍വഴി ചോര്‍ന്നു. കുറ്റകൃത്യങ്ങളുടെ യഥാര്‍ഥ എണ്ണം വെളിപ്പെടുത്തിയതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാവുമെന്നാണ് ഗവേഷകസംഘം പറയുന്നത്. പലരേഖകളും നശിപ്പിക്കപ്പെട്ടതും തിരുത്തലുകള്‍ വരുത്തിയതും യഥാര്‍ഥ കണക്ക് ലഭ്യമാവുന്നതിന് തടസ്സമായി. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് റിപ്പോര്‍ട്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.

പീഡനങ്ങള്‍ മറച്ചുവെച്ചതിന്റെയും നിഷേധിച്ചതിന്റെയും ഉത്തരവാദിത്വം കത്തോലിക്കസഭ ഏറ്റെടുക്കണമെന്നും കുറ്റവാളികളായ പുരോഹിതരെ നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ജര്‍മന്‍ നിയമമന്ത്രി കാതറീന ബര്‍ലി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com