പപ്പായ ഇല കൊണ്ടൊരു ഹെല്‍ത്തി ഡ്രിങ്ക്

ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പപ്പായ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാനാവും. അതുകൊണ്ട് ഇനി പഴം കഴിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ഇലകൊണ്ടുള്ള ജ്യൂസും കുടിച്ചാലോ..
പപ്പായ ഇല കൊണ്ടൊരു ഹെല്‍ത്തി ഡ്രിങ്ക്

നമ്മുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് പപ്പായ. ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറത്തിലുള്ള മാംസളമായ ഈ പഴം നാവില്‍ കപ്പലോടിപ്പിക്കും. ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പപ്പായ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാനാവും. അതുകൊണ്ട് ഇനി പഴം കഴിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ഇലകൊണ്ടുള്ള ജ്യൂസും കുടിച്ചാലോ.. പപ്പായ ഇല ജ്യൂസ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കണ്ട, പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് പപ്പായയില. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ ഡെങ്കിപ്പനി പടര്‍ന്ന കാലഘട്ടത്തില്‍ മലയാളികള്‍ ഇതിന്റെ വില മനസിലാക്കിയതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ ഗണ്യമായ രീതിയില്‍ കുറയുന്ന ഒരുതരം പനിയാണ് ഡെങ്കിപ്പനി. അതുകൊണ്ട് രോഗികളോട് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ വര്‍ധിക്കാന്‍ പപ്പായ ഇല ജ്യൂസ് കുടിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. പപ്പായ ഇലയ്ക്ക് രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശേഷിയുണ്ട്. ആന്റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക വഴിയാണ് ഇത് സാധിയ്ക്കുന്നത്.

ദഹനേന്ദ്രിയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും പപ്പായ ഇല ജ്യൂസ് നല്ലതാണ്. ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ്. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും വീര്‍മതയുമെല്ലാം തടയാന്‍ പപ്പായയിലയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്നതിലൂടെ പപ്പായ ഇല ജ്യൂസ് പ്രമേഹരോഗികള്‍ക്കും ഗുണപ്രദമാണ്. അതുപോലെ ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണനത്തിന് നല്ലതാണ്. അതിനാല്‍ ആഴ്ചയില്‍ ഒരു ഗ്ലാസ് പപ്പായ ഇല ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com