കൂടുതല്‍ ഗുണം പ്രതീക്ഷിച്ച് ജൈവഭക്ഷണത്തിനു പൈസ മുടക്കുന്നതു വെറുതെയാണ്‌

രാസവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളോ, പഴ വർഗങ്ങളോ കഴിക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല
കൂടുതല്‍ ഗുണം പ്രതീക്ഷിച്ച് ജൈവഭക്ഷണത്തിനു പൈസ മുടക്കുന്നതു വെറുതെയാണ്‌

"ചേട്ടാ, ദാ ഈ നേന്ത്രപ്പഴം കഴിക്കണം"

"ഇത്, നേന്ത്രപ്പഴം (ഏത്തപ്പഴം) ആണോ? കണ്ടിട്ട് മെലിഞ്ഞ എന്തോ ചെറുപഴം പോലിരിക്കുന്നല്ലോ?" ഞാൻ ചോദിച്ചു

"അത് ചേട്ടാ, ഇത് ഓർഗാനിക് നേന്ത്രപ്പഴം ആണ്. ഒരു രാസവളവും ഇടാതെ ഉണ്ടാക്കിയത്"

ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ സന്ദർശിച്ചപ്പോൾ കഴിക്കുവാനായി എടുത്തു തന്നതാണ്.

നോക്കിയപ്പോൾ ഏത്തപ്പഴത്തിന്റെ ഒരു സവിശേഷതകളും ഇല്ല.

ഒട്ടും രുചിയും ഇല്ല.

നിങ്ങൾക്കും ഇതേ പോലെ അനുഭവങ്ങൾ ഉണ്ടായിക്കാണും, ഇല്ലേ?

ഓർഗാനിക് ഫാമിങ് എന്ന് പറഞ്ഞു നമ്മളെ പലരും തെറ്റിദ്ധരിപ്പിക്കാറുണ്ട്.

അശാസ്ത്രീയമായ എല്ലാ കൃഷിക്കും കൂടി ഇട്ടു വിളിക്കുന്ന ഓമനപ്പേരായി മാറി ഇപ്പോൾ ഓർഗാനിക് ഫാമിങ്.

കൂടെ കുറെ കെട്ടു കഥകളും.

ഇന്ന് നമുക്ക് രാസവളത്തെ ക്കുറിച്ചു കൂടുതൽ അറിയാം.

സുരേഷ് സി പിള്ള

എന്താണ് രാസവളം?

ഇംഗ്ലീഷിൽ fertilizer എന്ന് പറയാം. ഇത് മലയാളീകരിച്ചു രാസവളം എന്നാക്കി. ഈ പേരിലുള്ള 'രാസ' ആണ് പ്രശ്നം എന്ന് തോന്നുന്നു. പകരം 'സമൃദ്ധകം' എന്നായിരുന്നുവെങ്കിൽ കുറച്ചുകൂടി സ്വീകാര്യത കിട്ടിയേനെ. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ 'plant food' എന്നാണ് പൊതുവായി fertilizer നു പറയുന്നത്. ചെടികൾക്ക് വളർച്ചയ്ക്ക് ആവശ്യമുള്ള പോഷകാഹാരം നൽകുന്ന പദാർത്ഥത്തെ ആണ് രാസവളം എന്ന് പറയുന്നത്.

എന്തൊക്കെയാണ് സാധാരണ രാസവളത്തിലെ ഘടകങ്ങൾ?

പലതരം രാസവളങ്ങളിലെയും ഇനി പറയുന്ന മൂലകങ്ങളുടെ അളവുകൾ വ്യത്യാസപ്പെട്ടിരിക്കും.

എന്നിരുന്നാലതും സാധരണ കാണപ്പെടുന്ന മൂലകങ്ങൾ ഇവയാണ്.

പ്രഥാന സ്ഥൂലപോഷകങ്ങൾ 
നൈട്രജൻ (Nitrogen; N), ഫോസ്ഫറസ് (Phosphorus; P), പൊട്ടാസ്യം (Potassium;K). (NPK fertilizers).

ഇതര സ്ഥൂലപോഷകങ്ങൾ: കാൽസ്യം (calcium; Ca), മഗ്നീഷ്യം (magnesium (Mg), സൾഫർ (sulfur; S);

സൂക്ഷ്മ പോഷകങ്ങൾ: ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാൻഗനീസ് (manganese: Mn), നാകം zinc (Zn) തുടങ്ങിയവ.

ഈ മൂലകങ്ങൾ സസ്യങ്ങളുടെ വളർച്ചയ്ക്ക് എങ്ങിനെയാണ് ഉപകരിക്കുന്നത്?

ഏറ്റവും പ്രധാന സസ്യപോഷകമാണ് നൈട്രോജെൻ (Nitrogen; N): ഇലകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പ്രകാശ സംശ്ലേഷണത്തിനുള്ള ക്ലോറോഫിലുകളുടെ നിർമ്മാണത്തിനും, കായ്കളും, പഴങ്ങളും ഒക്കെ ഉൽപ്പാദിപ്പിക്കാനും നൈട്രോജെൻ അത്യന്താപേക്ഷിതമാണ്.

ഫോസ്ഫറസ് (Phosphorus; P) DNA നിർമ്മാണത്തിനും, ഊർജ്ജാവഹകർ ആയ Adenosine triphosphate (ATP) യുടെ നിർമ്മാണത്തിനും ഫോസ്ഫറസ് അത്യന്താ പേക്ഷിതമാണ്. വേരുകളുടെ വളർച്ചയ്ക്ക് ഫോസ്ഫറസ് കൂടിയേ തീരൂ.

പൊട്ടാസ്യം (Potassium;K). തണ്ടുകളുടെ കരുത്തിനും, പൂവുകൾ ഉണ്ടാവുന്നതിനും, പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്.

വളരെ ചെറിയ അളവിൽ കാൽസ്യം (calcium; Ca), മഗ്നീഷ്യം (magnesium (Mg), സൾഫർ (sulfur; S); ചെമ്പ് (copper; Cu), ഇരുമ്പ് (iron; Fe), മാൻഗനീസ് (manganese: Mn), നാകം zinc (Zn) തുടങ്ങിയവ ജൈവരാസപ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യമായ enzyme ന്റെ നിർമ്മാണത്തിന് അത്യന്താ പേക്ഷിതമാണ്.

ഓർഗാനിക് വളങ്ങൾ എന്നാൽ എന്താണ്?

പ്രകൃതി ദത്തമായ വളങ്ങൾ ആണ് ഓർഗാനിക് വളങ്ങൾ. സസ്യങ്ങളുടെ അഴുകിയ ഭാഗങ്ങൾ, ചാണകം, ഗോ മൂത്രം, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ [animal excreta-manure], കമ്പോസ്റ്റ്, അറവു ശാലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവയും ഓർഗാനിക് വളങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ഇവ രാസ വളങ്ങളുടെ അത്രയും ഫലപ്രദമായവ അല്ല. തന്നെയുമല്ല വളർച്ചയ്ക്ക് ആവശ്യമുള്ള കൃത്യമായ അളവിലുള്ള സ്ഥൂല, സൂക്ഷ്മ പോഷകങ്ങളും മറ്റു മൂലകങ്ങളും ഓർഗാനിക് വളങ്ങളിൽ നിന്ന് കിട്ടുകയുമില്ല.

രാസവളം ഉപയോഗിക്കുന്നതു കൊണ്ട് ആരോഗ്യപരമായ എന്തെകിലും പ്രശ്നങ്ങൾ ഉണ്ടോ?

രാസവളം ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികളോ, പഴ വർഗങ്ങളോ കഴിക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

പരിസ്ഥിതി സംബന്ധമായ എന്തൊക്കെ പ്രശ്ങ്ങൾ ആണ് രാസവളം കൊണ്ട് ഉണ്ടാകുന്നത്?

വളം ഇടുമ്പോൾ മഴ വെള്ളത്തിൽ കലർന്ന് കുടിവെള്ളത്തിൽ എത്താതെ നോക്കണം. കൂടാതെ അമിതമായ രാസവള പ്രയോഗം വെള്ളത്തിൽ കലർന്ന് വെള്ളത്തിൽ പായലുകളുടെ വളർച്ച കൂട്ടാൻ സാദ്ധ്യത ഉണ്ട്. കുട്ടനാട്ടിലെ അമിതമായ പായൽ വളർച്ച പാടങ്ങളിൽ നിന്നുള്ള രാസവളം വെള്ളത്തിൽ കലർന്ന് ഉണ്ടായതാകാനുള്ള സാദ്ധ്യത ഉണ്ട് (ഈ രീതിയിൽ പഠനങ്ങൾ നടന്നതായി അറിവില്ല). രാസവളപ്രയോഗം വെള്ളത്തിൽ കലർന്ന് മൽസ്യ സമ്പത്തിനെയും കാര്യമായി ബാധിക്കാൻ സാദ്ധ്യത ഉണ്ട്.

വളം ഇല്ലാതെ ഉണ്ടാക്കിയ ഫലങ്ങൾ കൂടുതൽ ഗുണകരമാണോ?

ലളിതമായി പറഞ്ഞാൽ നല്ല വളക്കൂറുള്ള മണ്ണ് അല്ലെങ്കിൽ വളം ഇടാതെയുണ്ടാക്കിയ പച്ചക്കറി, പഴ വർഗ്ഗങ്ങൾക്ക് വേണ്ടത്ര പോഷക ആഹാരം കിട്ടുന്നില്ല. വേണ്ടത്ര പോഷകാഹരം കിട്ടാതെ പോഷണവൈകല്യം വന്ന പച്ചക്കറികൾ കഴിക്കുന്നത് ഗുണകരം എന്ന് വിചാരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലല്ലോ?

ജർമ്മനിയിലെ Hohenheim University യിലെ ഗവേഷകരെ ഉദ്ധരിച്ചു പറഞ്ഞാൽ, "No clear conclusions about the quality of organic food can be reached using the results of present literature and research results." അതായത്, ഇതുവരെയുള്ള ഗവേഷണ പഠനങ്ങൾ വച്ച് ഓർഗാനിക് ഭക്ഷണസാധങ്ങൾക്കു ഗുണനിലവാരം കാര്യമായി കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടില്ല.

അമേരിക്കയിലെ പ്രശസ്തമായ Rutgers യൂണിവേഴ്സിറ്റിയിലെ food toxicology പ്രൊഫെസ്സർ ആയ Joseph D. Rosen, പറയുന്നത് "Any consumers who buy organic food because they believe that it contains more healthful nutrients than conventional food are wasting their money." അതായത് ഗുണം കൂടുതൽ ഉണ്ട് എന്ന് കരുതി ഓർഗാനിക് ആഹാരത്തിനു പൈസ മുടക്കുന്നത് വെറുതെയാണ് എന്ന്.

(ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com