കാന്‍സര്‍ മാത്രമല്ല, അരിവാളും കൊല്ലുന്ന രോഗമാണ്

ഗോത്രസമൂഹത്തിന്റെ മരണത്തിന്റെ ചിഹ്നമായി മാറുകയാണ് അരിവാള്‍.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കാന്‍സര്‍ മാത്രമല്ല, അരിവാളും കൊല്ലുന്ന രോഗമാണ്

ഗോത്രസമൂഹത്തിന്റെ മരണത്തിന്റെ ചിഹ്നമായി മാറുകയാണ് അരിവാള്‍. വയനാട്, അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്രസമൂഹത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാവുന്ന തരത്തില്‍ അരിവാള്‍ രോഗം പടരുമ്പോഴും യാതൊരു പരിഗണനയുമില്ലാതെ രോഗികള്‍.
അതികഠിനമായ വേദനയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെടുന്ന അരിവാള്‍ രോഗത്തിന്റെ പിടിയിലാണ് വയനാട്ടിലെയും അട്ടപ്പാടിയിലെയും ഭൂരിഭാഗം ആദിവാസി സമൂഹവും. കാന്‍സറിനേക്കാളും വേദനയോടെയാണ് ആദിവാസികള്‍ അരിവാള്‍രോഗത്തെ കാണുന്നത്. എന്നാല്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അരിവാള്‍ രോഗികളെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്.
രക്തത്തിലെ ചുവന്നരക്താണുക്കള്‍ ജനിതക കാരണങ്ങളാല്‍ അരിവാള്‍പോലെ വളയുകയും ഇത് ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നു. ഇതുവഴി കോശങ്ങളുടെ രക്തക്കുഴലിലൂടെയുള്ള സഞ്ചാരം തടസ്സപ്പെടുകയും രക്തക്കുഴലില്‍ തടസ്സങ്ങളുണ്ടാവുകയും ചെയ്യുന്നു. ഓക്‌സിജന്റെ പ്രവാഹത്തെയും ഇത് ബാധിക്കുന്നു. അരിവാള്‍ രോഗത്തെ ശാസ്ത്രീയമായ രീതിയില്‍ ഇങ്ങനെ നിര്‍വ്വചിക്കാം. അതികഠിനമായ വേദനയും വിളര്‍ച്ചയും അണുബാധയും ഉണ്ടാകുന്നതിനാല്‍ ന്യൂമോണിയയായോ മഞ്ഞപ്പിത്തമായോ മരണംവരെ സംഭവിക്കാം.
ആദിവാസി സമൂഹം അനുഭവിക്കുന്ന ഈ വേദനയ്ക്ക് വൈദ്യശാസ്ത്രം ശാശ്വത പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വേദനരഹിതമായ അന്തരീക്ഷം ഒരുക്കേണ്ടതായിരുന്നു. അരിവാള്‍ രോഗബാധിതരായവരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് നടപ്പാക്കിയ പദ്ധതികളൊന്നും സര്‍ക്കാര്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയില്ല.
വയനാടുപോലെയുള്ള ആദിവാസി പ്രദേശങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ അരിവാള്‍ രോഗികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതിനായി രോഗികളായവര്‍ക്ക് മറ്റു ജോലികളൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. എന്‍.ആര്‍.എച്ച്.എം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളിക് ആസിഡ് ഉള്‍പ്പെടെ രണ്ടുതരം ഗുളികകള്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. മറ്റു ചികിത്സകളൊന്നുമില്ല.
അരിവാള്‍ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് എന്ന ആവശ്യത്തെത്തുടര്‍ന്ന് 2009ല്‍ പി. രാജീവ് എം.പി.യുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപയ്ക്ക് വയനാട് ജില്ലാ ആശുപത്രിയില്‍ ഒരു ഫ്‌ളോര്‍ നിര്‍മ്മിച്ചുനല്‍കി.  47 സ്റ്റെപ്പുകള്‍ കയറിവേണം ഈ വാര്‍ഡിലസേക്കെത്താന്‍. കൂടാതെ ചൂടുകൂടിയ ആസ്ബസ്റ്റോസുകളാണ് റൂഫ് പാകിയതെന്നതിനാല്‍ ചൂടു കൂടുമ്പോള്‍ രോഗികള്‍ക്ക് വേദന അസഹനീയവുമായിരിക്കും. ഇത്തരം പരാതിയുണ്ടായിരുന്നു.
ഈ കെട്ടിടം ഇതുവരെ അരിവാള്‍ രോഗികള്‍ക്കായി ഉപയോഗിച്ചിട്ടില്ല. ജനറല്‍ വാര്‍ഡില്‍ ഒരു ബെഡ്ഡില്‍ രണ്ടു രോഗികളെന്ന മട്ടില്‍ മറ്റു പല രോഗികള്‍ക്കും ഒപ്പമാണ് അരിവാള്‍ രോഗികള്‍ക്ക് ജില്ലാ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കിയത്. അരിവാള്‍ രോഗികള്‍ക്കായി നിര്‍മ്മിച്ച കെട്ടിടമാകട്ടെ, മീറ്റിംഗുകള്‍ നടത്താനുള്ള ഹാളായി മാറ്റുകയും ചെയ്തു. ഈ സ്ഥിതി ഇപ്പോഴും തുടരുകയാണ്.
അരിവാള്‍ രോഗികളില്‍ സര്‍ജറി ആവശ്യമാകുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ കാന്‍സര്‍ രോഗികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും നിര്‍ധനരായ ആദിവാസികള്‍ക്ക് ലഭിക്കാറില്ല. കാരുണ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി അരിവാള്‍ രോഗികള്‍ക്കും ചികിത്സ ആനുകൂല്യം നല്‍കണമെന്ന് അരിവാള്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അരിവാള്‍ രോഗ പ്രതിരോധ സമിതി പ്രവര്‍ത്തക സരസ്വതി ആവശ്യപ്പെടുന്നു. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ റേഷന്‍ മുന്‍ഗണന അരിവാള്‍ രോഗികള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.
അരിവാള്‍ രോഗികള്‍ക്കായി നല്‍കിയ ഭൂമിയുടെ ഇടപാടില്‍ത്തന്നെ അഴിമതി നടന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളും വെള്ളമില്ലാതെ തരിശായി കിടന്നതും, കുന്നിന്റെ ചരിവുമൊക്കെയായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് വകുപ്പ് മന്ത്രി എ.കെ. ബാലന്‍തന്നെ പറഞ്ഞിട്ടുണ്ട്.
അരിവാള്‍ രോഗികള്‍ രണ്ടുതരത്തിലാണുള്ളത്. അച്ഛന്റെയും അമ്മയുടെയും ജീനുകള്‍ ചേര്‍ന്നാലേ കുട്ടിയ്ക്ക് അരിവാള്‍ രോഗം പടരാനുള്ള സാധ്യതയുള്ളു. മാതാപിതാക്കളില്‍ ഒരാള്‍ക്കു മാത്രമാണ് രോഗമെങ്കില്‍ വലരും തലമുറയിലേക്ക് പകരില്ല. എന്നാല്‍ രോഗത്തിന്റെ കാരിയറായി മാറാം. അങ്ങനെ വരുംതലമുറയിലേക്ക് രോഗം പടരാം.
അരിവാള്‍ രോഗം ഒരു ജനിതക രോഗമായതിനാല്‍ കൃത്യമായ ചികിത്സയൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രക്തബന്ധത്തിലുള്ള വിവാഹമാണ് അരിവാള്‍ രോഗത്തിനു കാരണമായി കണക്കാക്കുന്നത്. ആദിവാസി മേഖലകളില്‍ ഇത്തരം വിവാഹബന്ധങ്ങള്‍ കൂടുതലുമാണ്. അതുകൊണ്ടുതന്നെ 40 ശതമാനത്തിനടുത്ത് ഗോത്രസമൂഹത്തില്‍ അരിവാള്‍ രോഗികളോ, രോഗവാഹകരോ ഉണ്ടെന്നാണ് രോഗപ്രതിരോധ സമിതിയുടെ കണക്ക്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇത് പത്തുശതമാനമാണ്.
അരിവാള്‍ രോഗിയാണെന്ന് അറിഞ്ഞാല്‍ വിവാഹം നടക്കില്ലെന്നതിനാല്‍ പലരും മറച്ചുവയ്ക്കാറുണ്ട്. വയനാട് പോലുള്ള പ്രദേശങ്ങളില്‍ മുഖ്യധാരാ മനുഷ്യരില്‍നിന്നും പൂര്‍ണ്ണമായും അകന്ന് ജീവിക്കുന്ന വിഭാഗങ്ങളുള്ളതിനാല്‍ അവരുടെ കൂട്ടത്തിലുള്ള കണക്കെടുക്കലുകളൊന്നും സര്‍ക്കാരിന് നടത്താന്‍ സാധിച്ചിട്ടില്ല. ഇതാണ് സര്‍ക്കാരിന്റെ കണക്ക് കുറയാനുള്ള കാരണം.
മറ്റു സമുദായങ്ങളില്‍നിന്നും വിവാഹം ചെയ്യാനുള്ള സാഹചര്യം പുരുഷന്മാര്‍ക്ക് ഉണ്ടെങ്കിലും സ്ത്രീകള്‍ക്കില്ല. ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട് കഴിയുന്നവരാണ് ആദിവാസി സ്ത്രീകളില്‍ ഏറെയും. വിദ്യാഭ്യാസ, ബോധവത്കരണ പദ്ധതികള്‍ സര്‍ക്കാര്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന് സ്ത്രീമുന്നേറ്റങ്ങള്‍ സാധ്യമാക്കണമെന്നും അരിവാള്‍ രോഗ പ്രതിരോധ സമിതി സര്‍ക്കാരില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രതിരോധ സമിതി ആവശ്യപ്പെടുന്നു. പത്താംക്ലാസ് വരെ പഠിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ അലോട്ട്‌മെന്റ് പ്രകാരം വളരെ ദൂരെയുള്ള സ്‌കൂളില്‍ പോയി വേണം പഠിക്കാന്‍. ഈ സ്ഥിതി മാറ്റി അതേ സ്‌കൂളില്‍ത്തന്നെ പഠിക്കാനുള്ള അവസരം നല്‍കണം. എങ്കിലേ തുടര്‍പഠനം സാധ്യമാവൂ എന്ന് അവര്‍ വാദിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ അരിവാള്‍ ഗോത്രസമൂഹത്തിന്റെ അന്ത്യത്തിന്റെ ചിഹ്നമായി മാറുമെന്ന് അരിവാള്‍ രോഗ പ്രതിരോധ സമിതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com