പ്രമേഹം: സ്ത്രീകള്‍ക്ക് വേണംപ്രത്യേക പരിഗണന

പ്രമേഹത്തെ തോല്‍പ്പിക്കാന്‍ ശരിയായ ആഹാരശീലം സൂക്ഷിക്കുക എന്നതാണ് പ്രധാനം.
ഡോ വിപി വിപിന്‍
ഡോ വിപി വിപിന്‍

പ്രമേഹത്തെ തോല്‍പ്പിക്കാന്‍ ശരിയായ ആഹാരശീലം സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇക്കാര്യം പൊതുജനങ്ങളിലെത്തിക്കാന്‍ ലോകാരാഗ്യസംഘടനയും അന്താരാഷ്ട്ര പ്രമേഹ സംഘടനയും (ഐഡിഎഫ്) പ്രത്യേക ബോധവല്‍ക്കരണപരിപാടികള്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും നവംബര്‍ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുകയാണ്. 'സ്ത്രീകളും പ്രമേഹവും; ആരോഗ്യകരമായ ഭാവി നമ്മുടെ അവകാശമാണ്'എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ആഗോളതലത്തില്‍ 200 കോടി സ്ത്രീകള്‍ പ്രമേഹബാധിതരാണ്. ഒട്ടേറെ വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും പ്രമേഹം ബാധിച്ച സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു. പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്ക് പരിചരണം ലഭിക്കുന്നില്ല എന്നത് ഗൗരവകരമായ കാര്യമാണ്. പ്രമേഹത്തേക്കുറിച്ച് സ്ത്രീകളില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഗുണനിലവാരമുള്ള പരിചരണം അവര്‍ക്ക് ലഭ്യമാക്കുക എന്നതുമാണ് പ്രധാന കാര്യം. 

പ്രമേഹത്തിന്റെ വ്യാപ്തി
ലോകമാകെ പ്രമേഹത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണ്. ഐ.ഡി.എഫ് പഠനങ്ങളനുസരിച്ച് പതിനൊന്നില്‍ ഒരാള്‍ക്കുവീതം പ്രമേഹം ഉണ്ട്. 2040 ആകുമ്പോഴേക്കും ഇത് പത്തില്‍ ഒരാള്‍ക്ക് എന്ന തോതിലേക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലാണ് പ്രമേഹത്തിന്റെ വ്യാപ്തി കൂടുതല്‍. ഇന്ത്യയിലും പ്രമേഹത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണ്. ലോകത്തിന്റെ പ്രമേഹ ആസ്ഥാനം എന്ന പദവിയുള്ള ചൈനയുടെ തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ജീവിതശൈലി, സംസ്‌കാരം, ആഹാരക്രമം, പാരമ്പര്യവും പരിസ്ഥിതി സംബന്ധവുമായ ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രമേഹത്തിന്റെ വ്യാപ്തി വ്യത്യസ്തമാണ്. മുന്‍ പഠനങ്ങളനുസരിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പ്രമേഹത്തിന്റെ വ്യാപ്തി കൂടുതല്‍. കേരളമാണ് പ്രമേഹത്തിന്റെ ഇന്ത്യയിലെ ആസ്ഥാനം. ദേശീയ ശരാശരിയായ 6-9 ശതമാനത്തിന്റെ ഇരട്ടിയാണ് കേരളത്തിലെ ശരാശരി. അതായത് 17-20 ശതമാനം. ഇത് വളരെക്കൂടുതലാണ്. 40-50 വയസുകളില്‍ പ്രമേഹമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയിരുന്നത് 30-40 വയസിലേക്ക് കുറഞ്ഞു. പ്രമേഹബാധിതരായ യുവാക്കളുടെയും കൗമാരക്കാരുടെയും എണ്ണത്തിലും വര്‍ധനവുണ്ടായി. പ്രമേഹത്തിന്റെ ഈ പ്രവണതകള്‍ക്കു കാരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഭക്ഷണശീലത്തില്‍ വന്ന വലിയ മാറ്റങ്ങളാണ് പ്രമേഹത്തെ വലുതായി സ്വാധീനിക്കുന്നത്. അതോടൊപ്പം ബര്‍ഗറുകള്‍, പിസ, കോളകള്‍, വറുത്ത ഭക്ഷ്യവസ്തുക്കള്‍, മറ്റ് ജങ്ക് ഫൂഡുകള്‍ തുടങ്ങിയ ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും അവ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഈ രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. 
2. ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നു. ഭൂരിഭാഗംപേരും ടെലിവിഷന്‍, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയുടെ മുമ്പില്‍ സമയം ചെലവഴിക്കുകയാണ്. ഇതുമൂലം യുവജനങ്ങളില്‍ അമിതവണ്ണം വര്‍ധിക്കുകയും അത് പിന്നീട് പ്രമേഹത്തിലേക്ക് നയിക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. 
3. കുട്ടികളില്‍ വിദ്യാഭ്യാസസംബന്ധമായും മുതിര്‍ന്നവരില്‍ ജോലിസംബന്ധവുമായും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്നത് പ്രമേഹത്തിലേക്ക് നയിക്കാന്‍ കാരണമായി. 
4. ഹൈഡ്രോകാര്‍ബണ്‍, കീടനാശിനികള്‍ തുടങ്ങി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നവയുമായുള്ള സമ്പര്‍ക്കം എന്‍ഡോക്രൈന്‍ അഥവാ ഹോര്‍മോണ്‍ സംബന്ധമായ കുഴപ്പങ്ങള്‍ക്കും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനും ഇടയാക്കുന്നു. 
5. ജനിതകമായ പ്രവണതകള്‍ മൂലം ഇന്ത്യാക്കാരില്‍ വയറിനു ചുറ്റുമായി കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. ബിഎംഐ സാധാരണ നിലയിലുള്ളവരില്‍പ്പോലും ശരീരത്തില്‍ കൊഴുപ്പ് കൂടുതല്‍ അടിയുന്നതിനുള്ള പ്രവണതയുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും അതുവഴി പ്രമേഹം ഉണ്ടാകുന്നതിനും സാധ്യത കൂട്ടുന്നു.

പ്രമേഹം: വിവിധ തരം
ടൈപ്പ് 2 പ്രമേഹം: ഏതാണ്ട് 90 ശതമാനം പേരിലും കാണപ്പെടുന്നത് ടൈപ്പ് 2 പ്രമേഹമാണ്. 40 വയസിനുമുകളിലുള്ളവരിലാണ് സാധാരണ കണ്ടുവരുന്നത്. ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിന് പ്രതിരോധം നേരിടുമ്പോഴാണ് ടൈപ്പ് 2 പ്രമേഹമുണ്ടാകുന്നത്. അമിതവണ്ണം, കഴുത്തിലും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത നിറം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വ്യായാമരഹിതമായ ജീവിതശൈലിയുള്ളവരിലാണ് ഈയവസ്ഥ കാണപ്പെടുന്നത്. 
ടൈപ്പ് 1 പ്രമേഹം: പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ നശിക്കുന്നതുമൂലം കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്നതാണിത്. ശരീരം മെലിഞ്ഞിരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, ഭാരക്കുറവ്, ചില സമയങ്ങളിലെ ശ്വാസതടസം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഇവരില്‍ കാണാം. രോഗം കണ്ടെത്തുമ്പോള്‍ മുതല്‍ രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമായി വരും. 
ജസ്റ്റേഷണല്‍ ഡയബറ്റിസ് മെലിറ്റസ് അഥവാ ഗര്‍ഭകാലത്തെ പ്രമേഹം ഗര്‍ഭകാലത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടങ്ങളിലാണ് തിരിച്ചറിയപ്പെടുന്നത്. പ്ലാസന്റയില്‍നിന്ന് സ്രവിക്കുന്ന ഹോര്‍മോണുകളും രാസാഗ്നികളും ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതാണ് ഇതിനു കാരണം. 
പാന്‍ക്രിയാസിനെ ബാധിക്കുന്ന മറ്റ് അസുഖങ്ങള്‍മൂലം പ്രമേഹം ഉണ്ടാകാം. ഗുരുതരമായ പാന്‍ക്രിയാറ്റൈറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, മറ്റ് മാരകാവസ്ഥ തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്.  വയറുവേദന, കൊഴുപ്പ് കൂടിയ ഭക്ഷണംകഴിക്കുമ്പോള്‍ ദഹനത്തിന് ബുദ്ധിമുട്ട്, ഭാരം കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 

വളരെ അപൂര്‍വമായി ജനികമാറ്റങ്ങള്‍ മൂലവും മരുന്നുകളുടെയോ രാസവസ്തുക്കളുടെയോ പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമോ പ്രമേഹം ഉണ്ടാകാം. 
പ്രമേഹവും പ്രമേഹ സാധ്യതകളും എത്രയും വേഗം തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. നാല്‍പ്പത് വയസിന് മുകളിലുള്ള എല്ലാവരും പ്രമേഹമുണ്ടോ എന്ന് പരിശോധിക്കണം, പ്രത്യേകിച്ച് തടികൂടുതലുള്ളവര്‍. വ്യായാമം ഇല്ലാതിരിക്കുക, അടുത്ത ബന്ധുക്കള്‍ക്ക് പ്രമേഹം ഉണ്ടായിരിക്കുക, നാല് കിലോയില്‍ കൂടുതല്‍ ഭാരമുള്ള കുഞ്ഞിന് ജന്മം നല്കിയ സ്ത്രീകള്‍, അധിക രക്തസമ്മര്‍ദ്ദമുണ്ടായിരിക്കുക, കൊളസ്‌ട്രോള്‍ നിലയില്‍ അസാധാരണത്വം കാണുക, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം കണ്ടെത്തിയ സ്ത്രീകള്‍, പ്രമേഹം ഉണ്ടാകാന്‍ സാധ്യത നേരത്തെ കണ്ടെത്തുക തുടങ്ങിയവയുണ്ടെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. 

രക്തത്തിലെ പഞ്ചസാരയുടെ കഴിഞ്ഞ മൂന്നുമാസത്തെ ശരാശരി അളവ് നിശ്ചയിക്കുന്ന എച്ച്ബിഎവണ്‍സി എന്ന പരിശോധന, ഭക്ഷണം കഴിക്കുന്നതിനുമുമ്പുള്ള രക്തപരിശോധന, 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചതിന് രണ്ട് മണിക്കൂറിനുശേഷമുള്ള പരിശോധന എന്നിവ പ്രമേഹം കൃത്യമായി കണ്ടെത്താന്‍ സഹായിക്കും. പരിശോധനാഫലം സാധാരണനിലയിലാണെങ്കിലും മൂന്നുവര്‍ഷത്തെ ഇടവേളയില്‍ പരിശോധന തുടരാം. 

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ സ്‌പെഷലിസ്റ്റാണ് ലേഖകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com