മരുന്നു കഴിച്ചാലും ഇനി രോഗം മാറില്ല; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

ഭാവിയില്‍ മരുന്നുകള്‍ക്ക് പോലും നമ്മെ സഹായിക്കാനാവില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
മരുന്നു കഴിച്ചാലും ഇനി രോഗം മാറില്ല; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെറിയ പനി വന്നാല്‍ പോലും ഡോക്റ്ററെ കണ്ട് മരുന്നു വാങ്ങുന്നവരാണ് നമ്മള്‍. എന്ത് അസുഖം വന്നാലും അതിനെ മരുന്നു കഴിച്ച് മാറ്റാനാവുമെന്ന വിശ്വാസത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ വിശ്വാസം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ മരുന്നുകള്‍ക്ക് പോലും നമ്മെ സഹായിക്കാനാവില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വേണ്ടതിനും വേണ്ടാത്തതിനും മരുന്നു കഴിക്കുന്ന സ്വഭാവം തന്നെയാണ് നമുക്ക് തിരിച്ചടിയാകാന്‍ പോകുന്നത്. 

സാധാരണ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയിലെ ഡോക്റ്റര്‍മാര്‍ ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ കുറിച്ചുനല്‍കുന്നതാണ് വൈദ്യശാസ്ത്ര രംഗത്തിന് തന്നെ ഭീഷണിയാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്റ്റീരിയകളുടെ ശേഷി വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നും ഇതോടെ മരുന്നുകള്‍ ഉപയോഗശൂന്യമാകുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. 

ഗ്ലോബല്‍ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്, പ്രിസ്‌ക്രൈബിംഗ് എഫികസി ഇന്‍ നിയൊണേറ്റ്‌സ് ആന്‍ഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി വിവിധ നഗരങ്ങളിലെ ആറ് ആശുപത്രികളിലായി 680 കുട്ടികളെയാണ് നിരീക്ഷിച്ചത്. സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സിലെ ഡോ. സുമാന്ദ് ഗാന്ദ്രയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹി, തെലുങ്കാന, ആന്ധ്ര പ്രദേശ്, കേരളം, മഹാരാഷ്ട്ര, ലണ്ടന്‍, യുഎസ്എ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഗവേഷകരാണ് പഠനം നടത്തിയത്. 

മൂന്നാം തലമുറയിലെ മരുന്നുകളായ (തേര്‍ഡ് ജനറേഷന്‍ സെഫലോസ്‌പോറിന്‍സ് - 3ജിസി) സെഫ്ട്രിയാക്‌സ്‌വണ്‍ പോലുള്ളവ കൂടുതലായി ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. പഠനത്തിനായി തെരഞ്ഞെടുത്ത കുറിപ്പടികളില്‍ 35 ശതമാനവും ഇത്തരത്തിലുള്ളവയാണ്. പെന്‍സിലിന്‍ പോലുള്ള ബേസിക് മരുന്നുകള്‍ 19 ശതമാനം മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

അടുത്തിടെ മാത്രം പുറത്തിറക്കിയ മരുന്നുകളാണ് 3ജിസി. പെന്‍സുലിന്‍ കുറച്ച് കാലമായി പ്രചാരത്തിലുള്ളവയാണ്. പെന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് പരാജയപ്പെട്ടാല്‍ മാത്രമേ 3ജിസി ഉപയോഗിക്കാന്‍ പാടൊള്ളൂവെന്ന നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലെ ഡോക്റ്റര്‍മാര്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വലിയരീതിയില്‍ മൂന്നാം തലമുറയിലെ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com