സ്ത്രീകളുടെ ശ്രദ്ധയ്ക്ക്: സ്തനാര്‍ബുദം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

രോഗം വരാനുള്ള സാധ്യത കൂടുതലാണെങ്കിലും നേരത്തെ കണ്ടുപിടിക്കുകയും ശരിയായ രീതിയിലുള്ള ചികിത്സ നല്‍കുകയും ചെയ്താല്‍ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുന്ന ചില അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്: സ്തനാര്‍ബുദം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് സ്തനാര്‍ബുദം. രാജ്യത്ത് സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 2020 ആവുമ്പോഴേക്കും രാജ്യത്ത് പ്രതിവര്‍ഷം 76,000 സ്ത്രീകള്‍ രോഗം കാരണം മരണത്തിന് കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 29 സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. രോഗം വരാനുള്ള സാധ്യത കൂടുതലാണെങ്കിലും നേരത്തെ കണ്ടുപിടിക്കുകയും ശരിയായ രീതിയിലുള്ള ചികിത്സ നല്‍കുകയും ചെയ്താല്‍ പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുന്ന ചില അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്. 

അര്‍ബുദ രോഗ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കാന്‍ രോഗിക്ക് സാധിക്കും. എന്നാല്‍ എത്രയും പെട്ടെന്ന് രോഗം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ ചെലവും അതിനനുസരിച്ച് കുറക്കാന്‍ സാധിക്കും. രോഗത്തില്‍ നിന്ന് പൂര്‍ണമുക്തി നേടാനാകും എന്നതാണ് ഏറ്റവും പ്രധാന കാര്യം. 20 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ മാസത്തില്‍ ഒരു തവണ സ്വന്തമായി സ്തന പരിശോധന നടത്തണമെന്നാണ് വിദഗ്ധ നിര്‍ദേശം. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരു തവണ മാമോഗ്രാം ചെയ്യണമെന്നും വ്യക്തമാക്കുന്നു. 

സ്വന്തമായി സ്തന പരിശോധന നടത്താന്‍ മൂന്ന് മിനിറ്റില്‍ താഴെ മാത്രം സമയമാണ് എടുക്കുന്നത്. ആര്‍ത്തവത്തിന്റെ ഏഴാം ദിവസത്തിലാണ് പരിശോധന നടത്തേണ്ടതെന്ന് ബാംഗളൂരുവിലെ ബിജിഎസ് ഗ്ലെനീഗല്‍സ് ഗ്ലോബല്‍ ആശുപത്രിയുടെ ബ്രസ്റ്റ് ഓണ്‍കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടമുള്ള ഡോ. ജയന്തി എസ് തുംസി പറഞ്ഞു. ക്രമരഹിതമായി ആര്‍ത്തവമുണ്ടാകുന്നവരാണെങ്കില്‍ മാസത്തിലെ പ്രത്യേക ദിവസം ഇതിനായി തെരഞ്ഞെടുക്കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി. 

സ്തനം പരിശോധിക്കുന്നതിന്റെ ആദ്യ പടിയായി കണ്ണാടിക്കു മുന്‍പില്‍ നഗ്നയായി നില്‍ക്കണം. രണ്ട് സ്തനങ്ങളുടേയും വലിപ്പവും രൂപവും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള തടിപ്പോ മുഴയോ ഉണ്ടോയെന്ന് നോക്കണം. സ്തനത്തിന് മുകളിലുള്ള ത്വക്കും നിരീക്ഷിക്കേണ്ടതുണ്ട്. നീര്‍ച്ചുഴിയോ ചുളിവോ ചുവപ്പോ ത്വക്കിലുണ്ടോയെന്നും നോക്കണം. മുലക്കണ്ണുകളും വ്യക്തമായി പരിശോധിക്കണം. സാധാരണയായി ഇവ പുറത്തേക്കായിരിക്കും നില്‍ക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും രീതിയിലുള്ള സ്ഥാനചലനം മുലക്കണ്ണുകള്‍ക്ക് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 

കൈകളുടെ അടിഭാഗം സ്തനങ്ങളുടെ ഭാഗമായതിനാല്‍ ഇരു കൈകളും ഉയര്‍ത്തി ഈ ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടോയെന്ന് നോക്കണം. കുളിക്കുന്ന സമയങ്ങളിലും സ്തനങ്ങളിലെ മാറ്റങ്ങളെ അറിയാന്‍ ശ്രമിക്കണം. കിടക്കുമ്പോള്‍ തലയിണയെ തോളിന് താഴെയായി വെച്ച് ഇടതു സ്തനത്തെ വലതു കൈകൊണ്ടും വലത് സ്തനത്തെ ഇടത് കൈകൊണ്ടും പരിശോധിക്കണം. മധ്യത്തിലെ മൂന്ന് വിരലുകള്‍കൊണ്ട് സ്തനങ്ങളെ ഉഴിഞ്ഞു നോക്കുന്നതിലൂടെ ഏതെങ്കിലും രീതിയിലുള്ള തടിപ്പുണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ സാധിക്കും. പരിശോധനക്കിടെ ഏതെങ്കിലും രീതിയിലുള്ള തടിപ്പോ നിറ വ്യത്യാസമോ തോന്നുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com