ആര്‍ത്തവം അനായാസമാക്കാന്‍ ഇവ കഴിക്കൂ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 06th September 2017 03:22 PM  |  

Last Updated: 06th September 2017 05:50 PM  |   A+A-   |  

Untitledjkjlj

സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ സമയം അത്ര സുഖകരമായ ഒന്നല്ല. മാനസികമായും ശാരീരികമായും സ്ത്രീകള്‍ ഏറെ കഷ്ടപ്പെടുന്ന സമയമാണിത്. ഈ സമയത്ത് അസഹ്യമായ വേദന, വയറിലെ സ്തംഭനാവസ്ഥ, ഗ്യാസ് പ്രശ്‌നങ്ങള്‍, മസിലുകളുടെ വലിച്ചിലുകള്‍, രക്തം കട്ടയായി പോവുക തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടാനിടയുണ്ട്. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകും. മാനസികമായും ശാരീരികമായും ആശ്വാസം നല്‍കുകയും ചെയ്യും. അത്തരത്തില്‍ ആര്‍ത്തവസമയത്ത് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം...

ഏത്തപ്പഴം


ധാരാളം ബി6 വൈറ്റമിനും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും അടങ്ങിയ ഏത്തപ്പഴം ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ മാറാന്‍ സഹായിക്കും. ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ നേന്ത്രപ്പഴം ദഹനത്തെ സഹായിക്കുന്നതാണ്. മാത്രമല്ല വയറിലെ അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചോക്ലേറ്റ്


ചോക്ലേറ്റുകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയാമാണ് ആര്‍ത്തവ ദിനങ്ങള്‍. ഇക്കാലയളവില്‍ ചോക്കളേറ്റ് കഴിക്കുന്നത് സെറാടോണിന്‍ ലെവല്‍ വര്‍ധിപ്പിക്കുകയും ഇത് മാനസികാവസഥയെ സന്തുലിതമാക്കുകയും സന്തുഷ്ടമാക്കുകയും ചെയ്യും. സന്തോഷനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്കളേറ്റിന് കഴിയും.

റൊട്ടി


ധാന്യങ്ങളില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പേശീമുറുക്കം ഉള്‍പ്പെടെയുള്ളവ കുറയ്ക്കാന്‍ മഗ്നീഷ്യം സഹായിക്കും. റൊട്ടിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ഇ എന്നിവ ക്ഷീണം, വിഷാദം എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. 

ഓറഞ്ച്


ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കും. കൂടാതെ വൈറ്റമിന്‍ ഡി മൂഡ് നന്നാക്കാനും സഹായിക്കും.

തണ്ണിമത്തന്‍


പ്രകൃതിദത്തമായ പഞ്ചസാര, നാരുകള്‍ എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ കഴിക്കുന്നത് ആര്‍ത്തവസമയത്തെ നിര്‍ജ്ജലീകരണം നീര്‍ക്കെട്ട്, ക്ഷീണം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്.