സ്‌ട്രോക്ക് വന്നവര്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലെന്ന് പഠനം
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2017 01:28 PM |
Last Updated: 11th September 2017 06:53 PM | A+A A- |

സ്‌ട്രോക്കില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഏകദേശം 45 ശതമാനം ആളുകളില്‍ സ്‌ട്രോക്ക് വന്നതിനു ശേഷമുള്ള ആറുമാസത്തിനുള്ളില്‍ കാന്‍സര്‍ രോഗബാധയുമുണ്ടായിട്ടുണ്ടെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഉത്തരാധുനിക പഠനപ്രകാരം സ്‌ട്രോക്കിന് ശേഷം കാന്‍സര്‍ രൂപാന്തരപ്പെടുമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ തോത് എത്രയെന്ന് അടയാളപ്പെടുത്താനായിട്ടില്ലെന്ന് സ്‌പെയിനിലെ ഡി ലെ പ്രിന്‍സെസ ആശുപത്രിയിലെ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജേക്കബോ റൊഗാഡോ പറഞ്ഞു. സ്‌ട്രോക്ക് വന്നവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടാന്‍ കാരണമാകുന്നത് ഏത് ഘടകമാണെന്ന് നോക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഡി ലെ പ്രിന്‍സെസ ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട 914 രോഗികളില്‍ ഗവേഷകര്‍ പഠനം നടത്തി. സ്‌ട്രോക്ക് വന്ന് കഴിഞ്ഞ ആകെ 381 ആളുകളെ 18 മാസത്തേക്ക് നിരീക്ഷിച്ചപ്പോള്‍ അതില്‍ 29 ആളുകള്‍ക്കും (7.6) കാന്‍സറും പിടിപെട്ടതായി കണ്ടെത്തി. കൂടുതല്‍ ആളുകള്‍ക്കും മലാശയം, ശ്വാസകോശം, പ്രോസ്റ്ററേറ്റ് ഗ്രന്ധി എന്നീ അവയവങ്ങളിലാണ് കാന്‍സര്‍ രൂപാന്തരപ്പെട്ടത്.
നിരീക്ഷിക്കപ്പെട്ടവരില്‍ 17 രോഗികളില്‍ (4.5 ശതമാനം) സ്‌ട്രോക്ക് വന്ന് ആദ്യത്തെ ആറുമാസത്തിനുള്ളില്‍ തന്നെ കാന്‍സറിന്റെ ശക്തിയായ ആക്രമണമാണുണ്ടായതെന്ന് ഭീതിദമായ കാര്യമാണ്. കൂടാതെ സ്‌ട്രോക്ക് വന്ന പ്രായമായ ആളുകളില്‍ (76 വയസില്‍ കൂടുതല്‍) കാന്‍സറിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. ശരീരത്തിലടങ്ങിയിട്ടുള്ള അധിക അളവിലുള്ള ഫിബ്രിനോജനും കുറഞ്ഞ അളവിലുള്ള ഹീമോഗ്ലോബിനുമാണ് ഇതിന് കാരണം.
മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് വന്നതിന് ശേഷം കാന്‍സര്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് റൊഗാഡോ പ്രസ്താവിക്കുന്നു. സ്‌ട്രോക്ക് വന്നിട്ട് ഏകദേശം ആറുമാസം കഴിഞ്ഞാലാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പുറത്തുവരുന്നത്. അപ്പോള്‍ സ്‌ട്രോക്കിന് ഒപ്പം തന്നെ കാന്‍സറും രൂപാന്തരപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റൊഗാഡോ വ്യക്തമാക്കി.