പപ്പായ; ആമാശയത്തിന്റെ അടുത്ത സുഹൃത്ത്

By സമകാലികമലയാളം ഡെസ്‌ക്   |   Published: 12th September 2017 05:01 PM  |  

Last Updated: 12th September 2017 05:05 PM  |   A+A-   |  

orange-fruit-pphbjhgjh

പപ്പായ ഒരു ഫലം എന്നതിനപ്പുറത്തേക്ക് നല്ലൊരു ഔഷധം കൂടിയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പപ്പെയ്‌നും മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്‌നും പ്രോട്ടീനെ ദഹിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്.

പ്രായമായവര്‍ പപ്പായ കഴിക്കുന്ന ശരീരത്തിന് വളരെ നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം. കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു. 

കാന്‍സര്‍ വരാതിരിക്കാനും പപ്പായയില്‍ അടങ്ങിയ ചില ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍ പറയുന്നുണ്ട്. കൂടാതെ ഇതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ പ്രവര്‍ത്തിക്കും.

പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം) എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദമാണ്.

ആര്‍ട്ടീരിയോസ്‌ക്്‌ളീറോസിസ് (രക്തധമനികള്‍ക്കുളളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയ സംബന്ധിയായരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ സൂചന നല്‍കുന്നു.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ നല്ലതാണ്. പപ്പായ മുടിയ്ക്ക് നല്ലൊരു കണ്ടീഷ്ണര്‍ ആണ്. ഫേസ്പായ്ക്കായും പഴുത്ത പപ്പായ ഉപയോഗിക്കാം.