മറന്നല്ലോ! എന്താണ് ആ രോഗത്തിന്റെ പേര്?

By സമകാലികമലയാളം ഡെസ്‌ക്  |   Published: 20th September 2017 04:28 PM  |  

Last Updated: 20th September 2017 07:00 PM  |   A+A-   |  

demetinadfgff

മറവി ഒരു അനുഗ്രഹമാണ്. ചിലപ്പോള്‍ ആപത്തും. ഒരു ശാപം തന്നെയാണ് മറവിയെന്നതിന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ജീവിതം സാക്ഷി. സ്വന്തം പേര് തൊട്ട് ജീവിക്കുന്ന ചുറ്റുപാട് വരെ ഇവര്‍ മറന്നു പോകുന്നു. വര്‍ഷങ്ങളുടെ ഓര്‍മകള്‍ നഷ്ടമാകുന്നതിലൂടെ രോഗിയുടെ ജീവിതത്തിന്റെ താളവും തെറ്റും.

അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന ഈ രോഗാവസ്ഥ മറവിരോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭാരത ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ 2030 ആകുമ്പോള്‍ രോഗബാധിതര്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍ അല്‍ഷിമര്‍ രോഗി മരണത്തിന് കീഴടങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. 1906 ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി കൃത്യമായ പഠനം നടക്കുന്നത്. മാനസിക രോഗ ശാസ്ത്രജ്ഞന്‍, ന്യൂറോ പാത്തോളജിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജര്‍മന്‍ കാരനായ അലിയോസ് അല്‍ഷിമറാണ് ഈ പഠനം നടത്തിയത്. അതുകൊണ്ടാണ് ഓര്‍മ നശിക്കുന്ന ഈ രോഗത്തിന് അല്‍ഷിമേഴ്‌സ് എന്ന പേരു നല്‍കിയത്.

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.

ഓര്‍മ നഷ്ടപ്പെട്ടു പോകുന്നതാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഭൂതകാലത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോഴും വളരെ അടുത്തായി കണ്ട ദൃശ്യമോ വായിച്ച കാര്യങ്ങളോ പൂര്‍ണമായും ഈ രോഗമുള്ളയാള്‍ മറന്നു പോകും. സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ദിനചര്യകള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കാതിരിക്കുക, സ്ഥലകാലങ്ങള്‍ മറന്നു പോകുക, ഉദാസീനത, പെരുമാറ്റ വൈകല്യം, തുടങ്ങിയവയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.

നാളെ സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോക അല്‍ഷിമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓരോ വര്‍ഷവും ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.