ഹൃദ്‌രോഗികള്‍ മുട്ടകഴിച്ചാല്‍ പ്രശ്‌നമില്ലെന്ന് പഠനം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th September 2017 05:22 PM  |  

Last Updated: 28th September 2017 06:32 PM  |   A+A-   |  

eggghjhh

ഹൃദ്‌രോഗമുള്ളവര്‍ക്ക് മുട്ട കഴിക്കാമോ ഇല്ലയോ എന്ന വിഷയത്തില്‍ ഒരുപാട് വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. കോഴിമുട്ടയും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തിയാണിത്. കൊളസ്‌ട്രോള്‍ ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥമായിട്ടായിരുന്നു മുട്ടയെ കണക്കാക്കിയിരുന്നത്.

രണ്ട് മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍ ഏകദേശം 300 മില്ലിഗ്രാം കൊളസ്‌ട്രോളായി. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളേണ്ട കൊളസ്‌ട്രോളിന്റെ പരിധിയും 300 മില്ലിഗ്രാം തന്നെയാണ്. അതുകൊണ്ട് കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ ആഹാരത്തില്‍ നിന്ന് മുട്ടയെ ഒഴിവാക്കുകയാണ് എല്ലാവരും ചെയ്തിരുന്നത്.

എന്നാല്‍ അമേരിക്കയില്‍ നടന്ന ഗവേഷണളില്‍ മുട്ട ഹൃദ്‌രോഗികള്‍ ഔഴിവാക്കേണ്ട ഭക്ഷണമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. മുട്ടയ്ക്ക് ഹൃദ്രോഗ പ്രതിരോധരംഗത്ത് കല്പിച്ചിരുന്ന ഭ്രഷ്ട് ഇതോടെ ഒഴിവാക്കപ്പെടുകയാണ്. പഠനഫലങ്ങള്‍  പ്രകാരം, ശരീരത്തില്‍ ആകെയുള്ള കൊളസ്‌ട്രോളിന്റെ 15 ശതമാനം മാത്രമാണ് ഭക്ഷണത്തിലൂടെ എത്തിച്ചേരുന്നത്. കൊളസ്‌ട്രോളിന്റെ പ്രധാന ഉല്പാദനകേന്ദ്രം കരളാണ്. 85 ശതമാനം കൊളസ്‌ട്രോളും അവിടെ ഉല്പാദിപ്പിക്കപ്പെടുന്നു.

അങ്ങനെയാണെങ്കില്‍ 3-4 ഗ്രാം കൊളസ്‌ട്രോളാണ് കരള്‍ ദിവസേന ഉല്‍പാദിപ്പിക്കുന്നത്. അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയത്തിന്റെ ഫലമായി ഉണ്ടാകുന്ന 'അസറ്റൈല്‍ - കൊ - എ' എന്ന ഘടകത്തില്‍ നിന്നാണ് കൊളസ്‌ട്രോള്‍ നിര്‍മ്മിക്കുന്നത്. കരളിലെ കൊളസ്റ്ററോള്‍ ഉല്പാദനം പല നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഭക്ഷണത്തിലൂടെ കൂടുതല്‍ കൊളസ്‌ട്രോള്‍ എത്തിയാല്‍ കരള്‍ ഉല്‍പാദനം കുറയ്ക്കും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ തോതില്‍ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഭക്ഷണത്തിലൂടെ പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും പഞ്ചസാരയും അടങ്ങുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതലായെത്തിയാല്‍ കൊളസ്‌ട്രോള്‍ നിര്‍മാണത്തിന് അനിവാര്യമായ 'അസറ്റൈല്‍-കൊ-എ' സുലഭമാകുന്നുവെന്നുമാണ് പഠനങ്ങളില്‍ പറയുന്നത്.

എന്നാല്‍ ഇന്ത്യക്കാരില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് 32 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കാനഡായിലുള്ളവരേക്കാള്‍ ഇരട്ടിയും ജപ്പാന്‍കാരേക്കാള്‍ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗ സാധ്യത. ഈ പഠനം ഇന്ത്യക്കാരുടെ ശാരീരിക അവസ്ഥയോട് ചേരുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതുകൊണ്ട് നമ്മള്‍ മുട്ടയുടെ മഞ്ഞക്കരു വേണ്ടെന്ന് വയ്ക്കുകയാണ് നല്ലത്.