ജനറല്‍ ആശുപത്രിയില്‍ 15കോടി രൂപയുടെ യന്ത്രമെത്തി; എന്താണത്? എന്തിനാണത്?

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ക്യാന്‍സര്‍ ചികിത്സ എന്ന ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടി ചവിട്ടി എറണാകുളം ജനറല്‍ ആശുപത്രി
ജനറല്‍ ആശുപത്രിയില്‍ 15കോടി രൂപയുടെ യന്ത്രമെത്തി; എന്താണത്? എന്തിനാണത്?

ഡോക്ടറെ കാണാനുള്ള നീണ്ട ക്യൂ, പരിമിതമായ സൗകര്യങ്ങള്‍, കേടായ യന്ത്രസാമഗ്രികള്‍... സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ചുള്ള നമ്മുടെ പരിഭവങ്ങള്‍ ഒരു പരിധിവരെയെങ്കിലും തിരുത്തിക്കുറിച്ച ആശുപത്രികളില്‍ ഒന്നാണ് എറണാകുളം ജനറല്‍ ആശുപത്രി. പ്രവര്‍ത്തനമികവിനുള്ള എന്‍എബിഎച്ച് അംഗീകാരം പണ്ടേ നേടിയ ജനറല്‍ ആശുപത്രിയ്ക്ക് മുതല്‍ക്കൂട്ടായി പുതിയൊരു സംവിധാനം കൂടി വന്നെത്തിയിരിക്കുന്നു. 15 കോടി രൂപയോളം വില വരുന്ന പുതിയ യന്ത്രം സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്കാണ് അനുഗ്രഹമാകുക. ലീനിയര്‍ ആക്‌സിലറേറ്റര്‍ (ലിനാക്) പ്രവര്‍ത്തനസജ്ജമായതോടെ താങ്ങാനാവുന്ന ചെലവില്‍ ക്യാന്‍സര്‍ ചികിത്സ എന്ന ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടി ചവിട്ടിയിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി.

ലിനാക് നല്‍കുന്ന പ്രയോജനങ്ങള്‍

റേഡിയേഷന്‍ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന കോബാള്‍ട്ട് എന്ന യന്ത്രത്തെ അപേക്ഷിച്ച് ലിനാകിന്റെ മെച്ചങ്ങള്‍ ചെറുതല്ലെന്ന് ജനറല്‍ ആശുപത്രിയിലെ റേഡിയേഷന്‍ ഫിസിസ്റ്റ് സജീഷ് എസ് നായര്‍ പറയുന്നു. 'ഗാമാ റേഡിയേഷന്‍ ഉപയോഗിച്ചുള്ളതാണ് കൊബാള്‍ട്ട് തെറാപ്പി. കണ്‍വെന്‍ഷണല്‍ രീതി പിന്തുടരുന്ന ഈ മെത്തേഡില്‍ റേഡിയേഷന്‍ ചെയ്യുന്നതിനായി ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ഫീല്‍ഡ് തിരഞ്ഞെടുത്ത് ആ തിരഞ്ഞെടുത്ത ഭാഗം മുഴുവനായി റേഡിയേഷന് വിദ്ധേയമാക്കാനേ സാധിക്കുകയൊള്ളു. ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോശങ്ങളെയും റേഡിയേറ്റ് ചെയ്യേണ്ടതായി വരും. എന്നാല്‍ ലിനാക്കില്‍  റേഡിയേഷന്‍ ആവശ്യമായിട്ടുള്ള കോശങ്ങളെ മാത്രം ഉള്‍പ്പെടുത്തികൊണ്ടുള്ള റേഡിയേഷന്‍ സാധ്യമാണ്', സജീഷ് പറഞ്ഞു.  

ചികിത്സയ്ക്കായി നൂതനമായ പല രീതികളും സ്വീകരിക്കാന്‍ ലിനാക്ക് വഴി സാധിക്കുമെന്നും ഐഎംആര്‍ടി, വോള്യുമെട്രിക് ആര്‍ക് തെറാപ്പി, 3ഡിസിആര്‍ടി, ഇലക്ട്രോണ്‍ തെറാപ്പി തുടങ്ങിയവ ലിനാക് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുമെന്നും സജീഷ് പറയുന്നു. കൊബാള്‍ഡ് തെറാപ്പിയില്‍ ശരീരത്തിന്റെ മധ്യഭാഗത്തെയോ മറ്റോ ബാധിക്കുന്ന ട്യൂമറുകള്‍ ട്രീറ്റ് ചെയ്യുമ്പോള്‍ അതിന്റെ മുകളിലും താഴെയുമായി സ്ഥിതിചെയ്യുന്ന അവയവങ്ങളെയും റോഡിയേഷന്‍ ബാധിക്കും. ലിനാക്കില്‍ ഇത് ഒഴിവാക്കി ശരിയായ ഇടത്ത് മാത്രം റേഡിയേഷന്‍ നല്‍കാനാകും എന്ന പ്രത്യേകതയുമുണ്ട്, സജീഷ് കൂട്ടിച്ചേര്‍ത്തു. 

കോബാള്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ഔട്ട്പുട്ടില്‍ സ്ഥിരത നിലനിര്‍ത്താനാകുമെന്നതും ലിനാക്കിന്റെ പ്രത്യേകതയാണ്. 'കൊബാള്‍ട്ടില്‍ ഒരു റേഡിയോ ആക്ടീവ് സോഴ്‌സ് ആണ് ഉപയോഗിക്കുന്നത്. അത് കാലാകാലങ്ങളില്‍ പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുന്ന ഒന്നാണ്. അതായത് ഈ വര്‍ഷം ലഭിക്കുന്ന ഔട്ട്പുട്ട് അടുത്തവര്‍ഷം ലഭിക്കില്ല. ഈ വര്‍ഷം ഒരു മിനിറ്റുകൊണ്ട് ട്രീറ്റ് ചെയ്യുന്ന കേസിന് അടുത്തവര്‍ഷം രണ്ട് മിനിറ്റ് വേണ്ടിവരും. അതുകൊണ്ടുതന്നെ റേഡിയേഷന് വേണ്ടിവരുന്ന സമയം കൂടും ഇത് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ട അവസ്ഥയ്ക്ക് കാരണമാകും. എന്നാല്‍ ലിനാക്ക് ഇലക്ട്രോണിക് ഉപകരണം ആയതുകൊണ്ടുതന്നെ ഔട്പുട്ടിന് സ്ഥിരതയുണ്ടാകും', സജീഷ് പറഞ്ഞു.

ഇനി റേഡിയേഷന്‍ ചെലവിനെകുറിച്ചോര്‍ത്തും പേടിക്കേണ്ട

ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ നടത്തിവരുന്ന രോഗികള്‍ക്ക് റേഡിയേഷന്‍ ചെലവു കാരുണ്യ സഹായ നിധി വഴിയോ മറ്റ് സഹായ നിധികളിലോ ഉള്‍പ്പെടും. ലിനാക് ചികിത്സയ്ക്ക് കാരുണ്യ വഴിയുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 40,000രൂപ മാത്രമാണ് ചെലവു വരിക. സ്വകാര്യ ആശുപത്രികളിലും മറ്റും രണ്ടരലക്ഷത്തിലധികം ചെലവു വരുന്ന ഒന്നാണ് ഇത്. മറ്റ് ആശിപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിദ്ധേയരാകുന്ന രോഗികള്‍ റേഡിയേഷന് മാത്രമായും ഇവിടേക്ക് എത്താറുണ്ട് അവര്‍ക്കും കാരുണ്യയുടെ ആനുകൂല്യം ലഭ്യമാക്കാനുള്ള അവസരം ഉണ്ട്. 

ലിനാക് ചികിത്സ എങ്ങനെ?

രോഗികള്‍ ഓപിയില്‍ വന്ന് കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം റേഡിയേഷന്‍ വേണ്ടവരുടെ പേഷ്യന്റ് പ്ലാനിംഗും മറ്റും നടത്തി റേഡിയേഷന്‍ തിയതി തീരുമാനിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കൊബാള്‍ട്ട് സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ ഒരു മാസത്തോളം റേഡിയേഷന്‍ ചെയ്യാനായി രോഗികള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ലിനാക്കില്‍ നിലവില്‍ വേറ്റിംഗ് പീര്യഡ് ഒന്നുമില്ലെന്ന് സജീഷ് പറഞ്ഞു. ഈ മാസം പ്രവര്‍ത്തനമാരംഭിച്ച പുതിയ സംവിധാനത്തില്‍ ഇതിനോടകം 10 രോഗികള്‍ റേഡിയേഷന് വിദ്ധേയരായികഴിഞ്ഞു. 

ഇതുവഴി മുമ്പ് മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി അയച്ചിരുന്ന പല കേസുകളും ഇനി ഇവിടെനിന്നുതന്നെ രോഗികള്‍ക്ക് ലഭിക്കും. പ്രോസ്‌റ്റേറ്റ് ട്രീറ്റ്‌മെന്റ്, ഇലക്ട്രോണ്‍ ട്രീറ്റ്‌മെന്റ് പോലുള്ളവ മുമ്പ് മറ്റ് ഇടങ്ങളിലേക്ക് റെഫര്‍ ചെയ്ത് വിടുകയായിരുന്നു ചെയ്തിരുന്നത്. അത് പലപ്പോഴും രോഗികള്‍ക്ക് അമിതമായ ചെലവ് ഈടാക്കേണ്ട അവസ്ഥ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ലിനാക്ക് യാഥാര്‍ത്ഥ്യമായതോടെ ഇത്തരം ആശങ്കകളെല്ലാം അവസാനിക്കുകയാണ്.

ലിനാക് യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ 

'റേഡിയേഷനായി ഒന്നര മണിക്കൂറോളം കിടക്കേണ്ടി വരുന്ന കാന്‍സര്‍ രോഗി. കാന്‍സര്‍ ബാധിച്ച കോശത്തെ മാത്രമല്ല ആരോഗ്യമുള്ള കോശത്തെ വരെ കൊന്നൊടുക്കുന്ന റേഡിയേഷന്‍ ... പണമില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ട രോഗികള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ കണ്ടറിഞ്ഞ വേദന', ആദ്യമായി ലീനിയര്‍ ആക്‌സിലേറ്റര്‍ എന്ന വിലയേറിയ ഉപകരണം ഒരു ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായതിന് പിന്നിലെ കാരണം മുന്‍ എംപി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചിട്ടത് ഇങ്ങനെ. 

ഏകദേശം 13.7 കോടി രൂപ ചെലവ് വന്ന പദ്ധതിക്ക് തുടക്കം കുറിക്കുമ്പോള്‍ ആസാധ്യമെന്ന് പലരും പറഞ്ഞെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോയതെന്നാണ് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്. എട്ട് എംപി മാര്‍ ഒന്നിച്ചു നിന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ പിന്തുണയുമായി ഷിപ്പ്‌യാര്‍ഡും റിഫൈനറിയും സിന്തൈറ്റും കാനറാ ബാങ്കും റോട്ടറി ക്ലബ്ബും ഒപ്പം ചേര്‍ന്നിരുന്നു. കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആദ്യമായാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന ലിനാക് സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനം ആദ്യമായി ഒരു ജില്ലാ ആശുപത്രിയിലേക്കും എത്തിയിരിക്കുന്നു. 2015 സെപ്തംബര്‍ 3ന് തറക്കല്ലിട്ട പദ്ധതി എല്ലാ തരത്തിലുള്ള സാങ്കേതിക അനുമതികളും പൂര്‍ത്തികരിച്ച് പ്രവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com