വേനല്‍ ചൂടില്‍ വെന്തുരുകി പോകുമോ!!!.. വേണം സംരക്ഷണം

വെള്ളം ധാരാളമായി കുടിക്കണം. നമ്മള്‍ അറിയാതെ, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു പോകുമെന്ന് ഓര്‍മ്മവേണം.
വേനല്‍ ചൂടില്‍ വെന്തുരുകി പോകുമോ!!!.. വേണം സംരക്ഷണം

ള്‍ഫ് രാജ്യങ്ങള്‍ക്കു സമാനമായ കൊടുംചൂടിലേക്കു കേരളം കുതിക്കുകയാണ്. 40 ഡിഗ്രി ചൂടെന്നത് കേട്ടുകേള്‍വി മാത്രമായിരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്നതൊരു പതിവ് സംഗതിയായിരിക്കുന്നു. തണലത്തു നിന്നാല്‍പ്പോലും ദേഹത്തേക്ക് അടിച്ചുകയറുന്നത് ചൂട് കാറ്റാണ്. വെയിലില്‍ ഇറങ്ങിയാല്‍ തീയില്‍ ഇറങ്ങിയതുപോലെ, ശരീരം പൊള്ളിപ്പോകുന്ന പ്രതീതി. നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും കൊടുംചൂടിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു. ചൂടില്‍ വാടാതിരിക്കാന്‍ ഏറെ മുന്‍കരുതലുകള്‍ വേണം. അന്തരീക്ഷ താപനില കുത്തനെയാണ് ഈയിടെയായി ഉയരുന്നത്. താപനില മിക്കവാറും 40 ഡിഗ്രിക്കു മുകളിലേക്കു ഉയര്‍ന്നേക്കാം. അന്തരീക്ഷ ഊഷ്മാവ് ഈ നിലയ്ക്ക് മാറുന്നതോടെ 45 ഡിഗ്രിയുടെ ചൂടിന്റെ ഫലമാണ് ഉണ്ടാവുകയെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കേരളത്തിലെ ഈ കൊടൂം ചൂട് പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും ശരാശരിക്കും മുകളിലാണ്. 

ഉയര്‍ന്ന താപനിലയുള്ള പകല്‍ സമയത്തു വീടിനുള്ളിലും ഓഫീസിനുള്ളിലും ഇരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങേണ്ടിവരുന്നവര്‍ ചൂട് തുടങ്ങുന്നതിനു മുന്നെയോ പകല്‍ അസ്തമിക്കുമ്പോഴോ മാത്രം പുറത്തിറങ്ങുക. വെള്ളം ധാരാളമായി കുടിക്കണം. നമ്മള്‍ അറിയാതെ, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു പോകുമെന്ന് ഓര്‍മ്മവേണം. ശരീരത്തിലെ ജലാംശവും ധാതുക്കളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനാല്‍ കൈകാലുകളിലേയും വയറ്റിലേയും മാംസപേശികള്‍ക്കു ശക്തമായ വേദന ഉണ്ടായേക്കാം. ചിലപ്പോഴൊക്കെ തലവേദനയും തലകറക്കവും ഓക്കാനവും ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ഒ.ആര്‍.എസ് ലായനി ഉപയോഗിക്കുകയോ വേണം. വിളര്‍ച്ചയും വിയര്‍പ്പും രക്തസമ്മര്‍ദ്ദക്കുറവും ആരംഭിക്കുന്നുണ്ടെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ അഭയം തേടണം. കൃഷ്ണമണി വികസിക്കുകയും പള്‍സ് ദുര്‍ബ്ബലമാവുകയും ശ്വാസോച്ഛ്വാസം മന്ദീഭവിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്നതാണ്. ഉയര്‍ന്ന താപനിലയുള്ള അന്തരീക്ഷത്തില്‍നിന്നും ആളെ മാറ്റുക, വിശ്രമം നല്‍കുക, ആവശ്യമെങ്കില്‍ കുത്തിവെയ്പിലൂടെ ജലവും ധാതുക്കളും ശരീരത്തിലെത്തിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്. 

വേണം കരുതല്‍
പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ വെയിലത്ത് ഇറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഹൃദ്രോഗികളും കാര്യമായി ശ്രദ്ധിക്കണം. ജ്യൂസ് കുടിക്കേണ്ടിവരുമ്പോള്‍ ഇത്തരക്കാര്‍ പൂര്‍ണ്ണമായും കൃത്രിമ മധുരം ചേര്‍ക്കുന്നത് ഒഴിവാക്കണം. ധാരാളമായി ഐസ് ഉപയോഗിക്കുന്നതും നല്ലതല്ല. ഉയര്‍ന്ന താപനിലയില്‍ വിയര്‍പ്പിലൂടെയുണ്ടാവുന്ന ജലധാതു നഷ്ടങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കണം. ശരിയായതും പോഷകസമൃദ്ധമായതുമായ ഭക്ഷണം കഴിക്കാതെ വെയിലത്ത് ഇറങ്ങരുത്. തലവേദന, തളര്‍ച്ച, മനോവിഭ്രമം, ഉറക്കം തൂങ്ങുക, കാഴ്ച മങ്ങുക, ഛര്‍ദ്ദിക്കുക എന്നിവ പ്രാഥമിക ലക്ഷണങ്ങളായി കണ്ടാല്‍ മതിയായ വിശ്രമം എടുക്കാന്‍ വൈകരുത്. ആവശ്യത്തിനു വെള്ളം കുടിക്കുക, ചൂടില്‍നിന്നും രക്ഷ നേടുക എന്നിവയാണ് പ്രതിവിധി. ഇടവിട്ടു പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും. 

സൂര്യാഘാതം എന്ന ഭീഷണി
കൊടുംചൂടില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണം. വെയില്‍ ഒരു തരത്തിലും ശരീരത്തിലേക്ക് നേരിട്ട് പ്രവേശിക്കാതെ, വസ്ത്രങ്ങള്‍കൊണ്ട് പൊതിഞ്ഞുവെയ്ക്കുക. തുടര്‍ച്ചയായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും, പുറം ജോലിയില്‍ ഏര്‍പ്പെടുന്നവരും ഈ ചൂടിനെ സൂക്ഷിച്ചേ മതിയാവൂ. ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തിലെ സ്തംഭനം മൂലം ഇത്തരക്കാര്‍ക്ക് ഹീറ്റ്‌സ്‌ട്രോക്ക് സംഭവിച്ചേക്കാം. അന്തരീക്ഷത്തില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ഉള്ളപ്പോഴാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാവുക. കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ ഇപ്പോള്‍ ഇതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച്, പാലക്കാട് പോലെയുള്ള തുറന്ന പ്രദേശങ്ങള്‍ ഏറെയുള്ള ജില്ലകളില്‍. 
സൂര്യാഘാതം സംഭവിച്ചാല്‍ ത്വക്കിനോട് ചേര്‍ന്നുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം സ്തംഭിക്കുകയും വിയര്‍പ്പുഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. ശരീരതാപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും മന്ദത, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുകയും ചെയ്യും. ഉടന്‍ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്‌നമാണിത്. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു.

സൂക്ഷിക്കണം, സൂര്യാഘാതം
നിരവധി സാഹചര്യങ്ങള്‍ സൂര്യാഘാതത്തിലേക്ക് നയിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം, കഠിനമായ ചൂടുള്ള കാലാവസ്ഥ, അണുബാധ, മദ്യലഹരിക്കടിപ്പെട്ട അവസ്ഥ, വാര്‍ദ്ധക്യം, പൊണ്ണത്തടി, അനുയോജ്യമല്ലാത്ത വസ്ത്രധാരണരീതി എന്നിവയാണ് പ്രധാനം. ചൂടുള്ള പകല്‍സമയത്ത് ഒരിക്കലും മദ്യപിക്കരുത്. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവര്‍ ഒരുകാരണവശാലും ഈര്‍പ്പമേറിയ വെയിലത്ത് ഇറങ്ങരുത്. അത് അവരുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചേക്കാം.

സൂര്യനില്‍നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് കൊടുംചൂടിലെ പ്രധാന വില്ലന്മാര്‍. വെയിലേറ്റ തൊലിപ്പുറത്ത് നീറ്റലോ വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് സൂര്യാഘാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നു. രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടിയാവും. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പ്പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥയ്ക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മ്മം ഉണങ്ങി വരണ്ടിരിക്കും.

മറ്റു ചിലര്‍ക്ക്, പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇവരുടെ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും. സൂര്യാഘാതമുണ്ടായാല്‍ ഉടന്‍ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം. സൂര്യാഘാതത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഓര്‍മ്മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും സംഭവിച്ചേക്കാം. അല്‍പ്പം സൂക്ഷിച്ചാല്‍ ഇവയില്‍നിന്നൊക്കെയും രക്ഷ നേടാം. ഇനി പറയുന്നവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായി പൊതുവേ കരുതുന്നത്. സൂര്യാഘാതത്തിന്റെ സൂചനകള്‍ കണ്ടാല്‍ ഉടന്‍ പരിഹാരം കാണണം.

ചില ലക്ഷണങ്ങള്‍
ചര്‍മ്മത്തിനു വിളര്‍ച്ചയുണ്ടാവുക, ക്ഷീണത്തോടൊപ്പം ഓക്കാനവും തലകറക്കവും, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം എന്നിവയാണിത്. സാധാരണഗതിയില്‍ രക്തസമ്മര്‍ദ്ദം കൂടിയതായി കരുതുമെങ്കിലും വാസ്തവത്തില്‍ ഇതു സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. അടുത്തുള്ള തണുപ്പുള്ള സ്ഥലത്തു വിശ്രമിക്കുക മാത്രമാണ് മാര്‍ഗ്ഗം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച ഗ്ലൂക്കോസ് വെള്ളം പറ്റുന്നിടത്തോളം കുടിക്കണം. നിര്‍ബന്ധമായും ഡോക്ടറെ കാണണം. ആവശ്യത്തിനു വിശ്രമം നേടണം.

പ്രഥമശുശ്രൂഷ ഇങ്ങനെ
കൊടുംവെയിലത്തു നില്‍ക്കുന്നയൊരാള്‍ പൊടുന്നനെ തളര്‍ന്നുവീണാല്‍ അയാള്‍ക്കു സൂര്യാഘാതമേറ്റതായി സംശയിക്കാം. ആശുപത്രിയിലേക്കു മാറ്റും മുന്‍പേ ഇത്തരക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കണം. തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം. തുടര്‍ന്നു ശരീരത്തിലെ വസ്ത്രങ്ങള്‍ ഊരിമാറ്റുക. മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റുക. ആവശ്യത്തിനു ശ്വാസോച്ഛ്വാശത്തിനു അവസരം നല്‍കുക. വെള്ളം മുക്കിയ തുണി ഉപയോഗിച്ച് ശരീരം തുടക്കുക. ഐസ് കട്ടകള്‍ ലഭ്യമാണെങ്കില്‍ അത് ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും. ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ താപനില താഴ്ത്തിക്കൊണ്ടു വന്നാലുടന്‍ ജലം കുടിക്കാനായി നല്‍കണം. 
കൈകാലുകള്‍ തിരുമ്മിക്കൊടുക്കണം, കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം, ധാരാളം ജലം കുടിക്കാനായി നല്‍കണം, തുടര്‍ന്ന് സൂര്യാഘാതമേറ്റയാളെ സൗകര്യപ്രദമായ ആശുപത്രിയിലെത്തിക്കുക.

വേനല്‍ക്കാലത്ത് ചെയ്യേണ്ടത്
കഴിയുന്നിടത്തോളം വെയിലത്ത് ഇറങ്ങാതെ സൂക്ഷിക്കുക. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് നേരിട്ട് പതിക്കാനുള്ള അവസരം നല്‍കാതിരിക്കുക. സൂര്യാതാപം തടയാന്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാം. ഫംഗസ് ബാധയ്‌ക്കെതിരായി ആന്റി ഫംഗല്‍ ലേപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റിറോയിഡ് അടങ്ങിയവ ഒഴിവാക്കണം. അമിത ചൂടില്‍ കായിക പരിശീലനം, തുറസ്സായ സ്ഥലത്തെ അധ്വാനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒട്ടും നന്നല്ല. കുട, തൊപ്പി എന്നിവ ധരിക്കണം. പുരുഷന്മാര്‍ ഫുള്‍ കൈ ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക്  വേനല്‍ക്കാല വസ്ത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇതു സൂര്യതാപത്തെ തടയാന്‍ സഹായിക്കും. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.  അടിവസ്ത്രങ്ങളും കോട്ടണ്‍കൊണ്ടുള്ളവ തന്നെയാണ് നല്ലത്. ഷര്‍ട്ടിന് താഴെ കോട്ടണ്‍ ബനിയനുകള്‍ ധരിക്കുന്നത് വിയര്‍പ്പ് ആഗിരണം ചെയ്യും. രണ്ട് നേരം തണുത്ത വെള്ളത്തില്‍ കുളിക്കണം. ഇതു വിയര്‍പ്പകറ്റാനും ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. 

ദിവസവും രണ്ടു മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കണം. മധുരം ഒഴിവാക്കുന്നത് നല്ലതാണ്. ഉപ്പ് ഉപയോഗിക്കുമ്പോള്‍ അധികമാവാതെ ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറ്റണം. അണുബാധകള്‍ ഇല്ലാത്ത വെള്ളമാണ് കുടിക്കാനായി ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. ആവശ്യത്തിനു വെള്ളം കുടിക്കുമ്പോഴും പഴങ്ങളും പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസും ധാരാളമായി കഴിക്കുക.

വേനല്‍ക്കാലത്ത് ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവയും പൂര്‍ണ്ണമായും ഒഴിവാക്കണം. താല്‍ക്കാലികമായി ദാഹശമനം ഇവ വരുത്തുമെങ്കിലും പിന്നീട് അമിത ദാഹമുണ്ടാക്കും. തന്നെയുമല്ല, വേനല്‍ക്കാലത്തെ ഇവയുടെ ഉപയോഗം കൂടുതല്‍ നിര്‍ജ്ജലീകരണവും തന്മൂലം വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും.
ഭക്ഷണത്തില്‍ ധാരാളമായി പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വേനല്‍ക്കാലത്ത് മാംസാഹാരം ഒഴിവാക്കുക. ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, പപ്പായ, മാങ്ങ, പേരക്ക, ഓറഞ്ച് മുതലായ വേനല്‍ക്കാല പഴങ്ങള്‍ കൂടുതലായി കഴിക്കുക. 

സൂര്യാഘാത ലക്ഷണങ്ങള്‍
1. ചൂടുള്ളതും വരണ്ടതും ചുവന്നതും ആയ ചര്‍മ്മം
2. ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക 
3. തലവേദന
4. ഓക്കാനം
5. ശ്വാസം മുട്ടല്‍
6. ശരീര ഊഷ്മാവ് കൂടുതലാകുക
7. കൃഷ്ണമണി ചെറുതാകുക
8. സ്ഥലകാല വിഭ്രാന്തി
9. രക്തസമ്മര്‍ദ്ദം ഉയരുക
10. വായില്‍നിന്നും നുരയും പതയും വരിക

നിര്‍ജ്ജലീകരണം തടയാന്‍
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നമാണിത്. ജലവും ധാതുലവണങ്ങളും അമിതമായി വിയര്‍പ്പിലൂടെ നിര്‍ജ്ജലീകരണ സമയത്തു നഷ്ടപ്പെടും. ബാഷ്പീകരണം വഴിയും ധാരാളം ജലം ശരീരത്തില്‍നിന്നും ഇല്ലാതാവും. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് വൃക്കകളെയാണ്. മൂത്രത്തില്‍ അണുബാധ ഉണ്ടായേക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. നിര്‍ജ്ജലീകരണം തടയാന്‍ ആപ്പിള്‍ ജ്യൂസ് നല്ലതാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പഴങ്ങളും പഴച്ചാറുകളും നന്നായി ഉപയോഗിക്കാം. ഉപ്പ് ചേര്‍ത്ത വെള്ളം വളരെ നല്ലതാണ്. മധുരം പരാമവധി ഒഴിവാക്കണം. വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഓറഞ്ച് പാനീയം നിര്‍ജ്ജലീകരണം തടയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ്. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ തോത് ഉയര്‍ത്തി നല്ല ഊര്‍ജ്ജവും ഉന്‍മേഷവും പകരും.

ചെറുക്കണം, ചൂടുകുരുവിനെ 
വേനല്‍ക്കാലത്ത് കുട്ടികളില്‍ ഉണ്ടായിരുന്ന ചൂടുകുരു ഇപ്പോള്‍ മുതിര്‍ന്നവരിലും കണ്ടു വരുന്നുണ്ട്. ചെറിയ കുരുക്കള്‍, വിയര്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് അധികവും കാണുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നതുകൊണ്ടുണ്ടാകുന്നതാണിത്. ചൂട് അധികം തങ്ങിനില്‍ക്കാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയാണ് ഫലപ്രദമായ മാര്‍ഗ്ഗം. ധാരാളം വെള്ളം കുടിക്കുന്നത് ഒരു പരിഹാരമാണ്. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഓട്‌സ് ഇതിനുള്ളൊരു പരിഹാരമാണ്. ഓട്‌സ് വെള്ളത്തില്‍ കലക്കി ചൂടുകുരു ഉള്ളിടത്തു പുരട്ടുക. സ്വാഭാവിക പരിഹാരമാണ് പൗഡര്‍. കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക. ചര്‍മ്മത്തില്‍ അധികമുള്ള ഈര്‍പ്പം അവ വലിച്ചെടുത്തോളും. 

ശരീരം തണുപ്പിക്കാനായി ലാക്ടോ കലാമിന്‍ ലോഷന്‍ പുരട്ടുക. ഇലക്കറികള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും. ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും. ചന്ദനത്തിന് ശരീരത്തിന്റെ ചൂട് കുറയ്ക്കാനുള്ള കഴിവുണ്ട്. സാന്‍ഡല്‍ പൗഡറും റോസ് വാട്ടറും തുല്യയളവില്‍ എടുത്ത് മിക്‌സ് ചെയ്തത് ചൂടുകുരുവുള്ള ഭാഗത്ത് പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. പകല്‍ ഇത് രണ്ടു തവണ ചെയ്യുക. നല്ല ആശ്വാസം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com