ലോകത്താദ്യമായി ലിംഗവും വൃഷ്ണവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ: രോഗി സുഖം പ്രാപിക്കുന്നു

വളരെ അപകടം പിടിച്ചതും സാഹസികമായതുമായ ഈ ശസ്ത്രക്രിയ 14 മണിക്കൂറുകൊണ്ടാണ് നടത്തിയത്.
ലോകത്താദ്യമായി ലിംഗവും വൃഷ്ണവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ: രോഗി സുഖം പ്രാപിക്കുന്നു

മുന്‍ അഫ്ഗാന്‍ പട്ടാളക്കാരന് ഒരു ബോംബാക്രമണത്തിലാണ് ലിംഗവും വൃഷ്ണവും നഷ്ടപ്പെട്ടത്. അദ്ദേഹത്തിന് നഷ്ടപ്പെട്ട അവയവങ്ങള്‍ ദാനം ചെയ്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുഎസ് മിലിറ്ററി സര്‍വീസ്മാന്‍. പക്ഷേ അവയവങ്ങള്‍ ദാനം ചെയ്തയാളുടെ പേരുവിവരങ്ങള്‍ സ്വകാര്യതയെ മാനിച്ച് പുറത്തു വിട്ടിട്ടില്ല.

വളരെ അപകടം പിടിച്ചതും സാഹസികമായതുമായ ഈ ശസ്ത്രക്രിയ 14 മണിക്കൂറുകൊണ്ട് യുഎസില്‍ വെച്ചാണ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 26ന് നടന്ന ശസ്ത്രക്രിയയില്‍ ഒന്‍പത് പ്ലാസ്റ്റിക് സര്‍ജന്‍മാരും രണ്ട് യൂറോളജി സര്‍ജന്‍മാരും പങ്കെടുത്തിരുന്നു. ലിംഗത്തിന്റെയും വൃഷ്ണത്തിന്റെയും മുഴുവന്‍ ഭാഗങ്ങളും അവയവ ദാതാവിന്റെ ശരീരത്തില്‍ നിന്നു തന്നെയാണ് എടുത്തത്.

'ശസ്ത്രക്രിയയിലൂടെ ഈ യുവാവിന് സാധാരണ രീതിയില്‍ മൂത്രമൊഴിക്കാനും ലൈംഗിക പ്രവര്‍ത്തനത്തിനും കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്ലാസ്റ്റിക് സര്‍ജനും പ്രഫസറും ഡയറക്ടറുമായ വിപി ആന്‍ഡ്ര്യൂ ലീ പറഞ്ഞു.

ശസ്ത്രകിയ നടത്തിയയാള്‍ക്ക് ചെറിയ ചില അപരിചിതത്വങ്ങളെല്ലാം തോന്നുണ്ട് ഇപ്പോള്‍. പക്ഷേ അത് പെട്ടെന്ന് മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനുമാകും. 'ഇത് മാനസികമായ ഒരുതരം പരിക്കാണ്. 

സൈനികന്‍ ഇപ്പോള്‍ നടക്കാനാവുന്നുണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടാനാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈനികന് പുതിയ അവയവത്തിലൂടെ മൂത്രമൊഴിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് ഡോക്ടര്‍മാര്‍. ലൈംഗികാവയവത്തിന് ഉത്തേജനം ലഭിക്കണമെങ്കില്‍ ആറ് മാസത്തോളമെടുക്കും.

ശരീരത്തിലുണ്ടാകുന്ന ഈ മാറ്റം പെട്ടെന്ന് അംഗീകരിക്കാനാവുന്നുമില്ല'- ശസ്ത്രക്രിയ കഴിഞ്ഞയാള്‍ പറഞ്ഞു. 'പക്ഷേ ഓപ്പറേഷന്‍ കഴിഞ്ഞ് ആദ്യമായി സ്വബോധത്തോടെ ഉണര്‍ന്നപ്പോള്‍ എനിക്ക് വളരെ സാധാരമായാണ് അനുഭവപ്പെട്ടത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അഫ്ഗാന്‍ യോധാവിന് ലിംഗവും വൃഷ്ണവും എങ്ങനെ നഷ്ടപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ റോഡ്‌സൈഡില്‍ കാണപ്പെട്ട സ്‌ഫോടക വസ്തുക്കളില്‍ നിന്നും അപകടം പറ്റിയെന്നാണ് പറയപ്പെടുന്നത്. ലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നേരത്തേ നടന്നിട്ടുണ്ടെങ്കിലും വൃഷ്ണം ഉള്‍പ്പെടെ മാറ്റിവയ്ക്കുന്ന സര്‍ജറി ലോകത്താദ്യമായി നടക്കുകയാണ്. ഇത് ഡോക്ടര്‍മാര്‍ക്ക് തികച്ചും വെല്ലുവിളിയായിരുന്നു.

ലോകത്തെ ആദ്യത്തെ ലിംഗം മാറ്റിവെക്കല്‍ സര്‍ജറി നടന്നത് 2006ല്‍ ചൈനയില്‍ വെച്ചാണ്. രണ്ടാമത്തേത് നടന്നത് 2015ല്‍ സൗത്താഫ്രിക്കയില്‍ വെച്ചായിരുന്നു. ഇതിന് മുന്‍പ് അവസാനമായി 2016ല്‍ യുഎസിലാണ് ഒരു ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നത്. 

ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും കോശചര്‍മ്മമെടുത്ത് എടുത്ത് ലൈംഗികാവയവം പുനര്‍നിര്‍മ്മിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചുവരാറുള്ള മാര്‍ഗം. എന്നാല്‍ വലിയ പരിക്കുകള്‍ സംഭവിക്കുമ്പോള്‍ ആവശ്യമായ ചര്‍മ്മം ശരീരത്തില്‍നിന്നും എടുക്കാന്‍ കഴിയുകയില്ല. മാത്രമല്ല അത് രോഗിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടാക്കുകയും ഉത്തേജനം, അണുബാധ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും ചെയ്യും. 

ഈ സാഹചര്യങ്ങളില്‍ ലൈംഗികാവയവം ഒന്നിച്ച് മാറ്റി വെക്കുകയാണ് പോംവഴി. എന്നാല്‍ അത് വിജയിക്കുമെന്നുറപ്പില്ലാത്ത പരീക്ഷണമാണെന്ന് മാത്രം. 

ഒരാളുടെ ശരീര ഭാഗമോ കോശചര്‍മ്മമോ മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നതിന് 'വാസ്‌കുലറൈസ്ഡ് കോമ്പോസിറ്റ് അല്ലോട്രാന്‍സ്പ്ലാന്റേഷന്‍' എന്നാണ് വിളിക്കുക. കോശ ചര്‍മ്മം, പേശികള്‍, സ്‌നായുക്കള്‍, നാഡികള്‍, എല്ല്, രക്തക്കുഴലുകള്‍ എന്നിവയുടെയെല്ലാം മാറ്റിവെക്കല്‍ ഉള്‍പ്പെടുന്നതാണ് ഈ ശസ്ത്രക്രിയ. 

മറ്റ് ഏത് ശസ്ത്രക്രിയയേയും പോലെ തന്നെ ശരീരം പുതിയ കോശചര്‍മ്മത്തെ നിരസിക്കുമോ എന്നത് ഇവിടെയും ഒരു ആശങ്കയായിരുന്നുവെന്ന് ഹോപ്കിന്‍സ് ആശുപത്രി പറയുന്നു. സൈനികന്റെ ശരീരാവസ്ഥകള്‍ക്ക് അനുസൃതമായ അവയവദാതാവിനെ കണ്ടെത്താനും ഏറെ പ്രയാസപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com