പോഷകാഹാരക്കുറവ് തീര്‍ക്കാന്‍ ഇതുമതി; മുരിങ്ങയിലയുടെ ഗുണങ്ങള്‍ കണ്ട് ഞെട്ടി ഗുജറാത്തികള്‍ 

പതിവായി മുരിങ്ങയില കഴിക്കുന്നവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുകയും, പോഷകാഹാരകുറവ് പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞന്‍മാര്‍
പോഷകാഹാരക്കുറവ് തീര്‍ക്കാന്‍ ഇതുമതി; മുരിങ്ങയിലയുടെ ഗുണങ്ങള്‍ കണ്ട് ഞെട്ടി ഗുജറാത്തികള്‍ 

വഡോദര: മലയാളിയുടെ ഇഷ്ടവിഭവങ്ങളാണ് സാമ്പാറും, അവിയലും. ഇതില്‍ മുരിങ്ങക്കോല്‍ ഉള്‍പ്പെടുത്താത്തതിനെകുറിച്ച് ശരാശരി മലയാളിക്ക് ആലോചിക്കാനെ കഴിയില്ല. അത്രമേല്‍ മുരിങ്ങക്കോല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മുരിങ്ങക്കോല്‍ പോലെ മുരിങ്ങയിലയും മലയാളിക്ക് പ്രിയപ്പെട്ടതാണ്.മുരിങ്ങയില കറികളില്‍ ചേര്‍ക്കുന്നതും, തൊരന്‍ വെച്ച് കഴിക്കുന്നതും കേരളത്തില്‍ പതിവാണ്.

എന്നാല്‍ മുരിങ്ങയിലയുടെ ഖ്യാതി ഇപ്പോള്‍ ഗുജറാത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. രുചിയല്ല ഇതിന്റെ അടിസ്ഥാനം എന്ന് മാത്രം. ഇതിന് ഔഷധഗുണമുണ്ടെന്നാണ് ഗുജറാത്തിലെ ശാസ്ത്രസമൂഹം അവകാശപ്പെടുന്നത്. എംഎസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന്റെ ഔഷധഗുണം കണ്ടെത്തിയിരിക്കുന്നത്. പതിവായി മുരിങ്ങയില കഴിക്കുന്നവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുകയും, പോഷകാഹാരകുറവ് പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

ഇതിന് പുറമേ കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും മുരിങ്ങയില ഗുണപ്രദമാണ്. ഗവേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോഷാകാഹാരകുറവ് പരിഹരിക്കാന്‍ മുരിങ്ങക്കോലും, മുരിങ്ങയിലയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കത്തക്കവിധം ശക്തമായ പ്രചാരണം നടത്താന്‍ സംസ്ഥാനസര്‍ക്കാരിനോട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദേശിച്ചു.

മുരിങ്ങയിലയില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്നതായി ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫുഡ്്‌സ് ആന്‍ഡ് ന്യൂട്രീഷനിലെ വിദഗ്ധ സംഘത്തെ നയിക്കുന്ന ഡോ വനിഷ നമ്പ്യാര്‍ പറഞ്ഞു. ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ ലഭിക്കുന്നതിന് ഏറെ സഹായിക്കുന്നത് ബീറ്റാ കരോട്ടിനാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇതിന് അനുകൂലമായ ഫലം ലഭിച്ചിച്ചതായും വനിഷ നമ്പ്യാര്‍ പറഞ്ഞു.

കൃത്രിമമായി ബീറ്റാ കരോട്ടിന്‍ ലഭിക്കുന്നതിന് സമാനമായി മുരിങ്ങയിലയുടെ ഉപയോഗത്തിലുടെയും ശരീരത്തിന് പോഷകാഹാരങ്ങള്‍ ലഭിക്കുന്നതായും ക്ലിനിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  അതിനാല്‍ പോഷകാഹാരക്കുറവ് നേരിടുന്നവര്‍ മുരങ്ങയില കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com