ഒരു മണിക്കൂര്‍ തണുത്ത വെളളത്തിലിട്ടാല്‍ അരി ചോറായി മാറും; അസമിന്റെ സ്വന്തം 'ബോക്കാ സോള്‍' ജിഐ സൂചികയില്‍ 

മഡ് റൈസ്( ചളിയില്‍ കൃഷി ചെയ്യുന്നത് എന്ന അര്‍ത്ഥത്തില്‍) അഥവാ ബോക്കാ സോള്‍ എന്ന പേരിലറിയപ്പെടുന്ന നെല്ലിനമാണ് അസമിന്റെ താഴ്‌വരയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്.
ഒരു മണിക്കൂര്‍ തണുത്ത വെളളത്തിലിട്ടാല്‍ അരി ചോറായി മാറും; അസമിന്റെ സ്വന്തം 'ബോക്കാ സോള്‍' ജിഐ സൂചികയില്‍ 

ഇറ്റാനഗര്‍:  വേവിക്കാതെ അരി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാനെ കഴിയില്ല. അരി ഭക്ഷണം മലയാളിയുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാണെങ്കിലും അത് വേവിച്ച് കഴിക്കുന്നതിന്റെ രുചിയാണ് മലയാളിക്ക് പഥ്യം. എന്നാല്‍ അസമിന്റെ താഴ്‌വരകളില്‍ നിന്ന് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ മറിച്ചാണ്. അവിടെ വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന അരി കര്‍ഷകര്‍ വികസിപ്പിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയിലെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ ജീവന്‍ നിലനിര്‍്ത്താന്‍ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഈ പ്രത്യേകം ഇനം അരി ഭൂമിശാസ്ത്രപരമായ സൂചന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മഡ് റൈസ്( ചളിയില്‍ കൃഷി ചെയ്യുന്നത് എന്ന അര്‍ത്ഥത്തില്‍) അഥവാ ബോക്കാ സോള്‍ എന്ന പേരിലറിയപ്പെടുന്ന നെല്ലിനമാണ് അസമിന്റെ താഴ്‌വരയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. നാല്‍ബരി, ബാര്‍പ്പേട്ട, ഗോള്‍പാറാ, കാംരൂപ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. മുഗള്‍ ആക്രമണങ്ങളെ ചെറുക്കാന്‍ അഹോം പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നത് ഈ അരിയിനമാണ് എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. നിലവില്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന  നൂറ്കണക്കിന് കര്‍ഷകര്‍ക്ക് ഇത് ജീവല്‍വായുവാണ്. വേവിക്കാതെ കഴിക്കാന്‍ കഴിയുമെന്നതാണ് ഈ അരിയുടെ പ്രത്യേകത. തണുത്ത വെളളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ വേവിക്കുന്നതുപ്പോലെ അരി വീര്‍ത്ത് വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. തുടര്‍ന്ന കറികള്‍ ചേര്‍ത്ത് കഴിച്ചാല്‍ സ്വാദിഷ്ടമാണ് എന്ന് കര്‍ഷകര്‍ പറയുന്നു. 

കേരളത്തിലെ പ്പോലെ അരിഭക്ഷണത്തിന് ഏറേ പ്രിയമുളള സംസ്ഥാനമാണ് അസം. അരിയും അരി കൊണ്ടുളള വൃത്യസ്ത ഭക്ഷണങ്ങളും അസാമിലെ തീന്‍മേശകളില്‍ നിത്യസാന്നിധ്യമാണ് എന്ന് സാരം. ബോക്കാ സോളിന് പുറമേ കുമോള്‍ സോള്‍, ബോറാ സോള്‍ എന്നി അരിയിനങ്ങളും അസം ജനതയുടെ  പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരം അരി ഭക്ഷണത്തോടൊപ്പം ശര്‍ക്കര, പഴം, തൈര് എന്നിവ  ചേര്‍ത്ത് തയ്യാറാക്കുന്ന വിശേഷപ്പെട്ട വിഭവങ്ങള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് നല്‍കുന്നത് അസമില്‍ പതിവ് കാഴ്ചയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com