ജനന സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് മൂന്ന് കോടി കുഞ്ഞുങ്ങൾ; യുണിസെഫ് റിപ്പോർട്ട്

ലോകത്ത് മൂന്ന് കോടി കുഞ്ഞുങ്ങള്‍ ജനന സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോർട്ട്
ജനന സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് മൂന്ന് കോടി കുഞ്ഞുങ്ങൾ; യുണിസെഫ് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്ത് മൂന്ന് കോടി കുഞ്ഞുങ്ങള്‍ ജനന സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോർട്ട്. യുണിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജനന സമയത്തെ തൂക്കക്കുറവ്, പൂര്‍ണ വളര്‍ച്ച എത്തും മുൻപുള്ള ജനനം എന്നിവയാണ് കൂടിയ മരണ നിരക്കിന്റെ പ്രധാന കാരണങ്ങള്‍. ഇതിനു പുറമേ 10 ലക്ഷം കുഞ്ഞുങ്ങള്‍ സെറിബ്രല്‍ പള്‍സി ഉള്‍പ്പെടെയുള്ള വളര്‍ച്ച വൈകല്യങ്ങളുമായി ജീവിക്കുന്നു. ആദ്യ 28 ദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നവജാത ശിശുക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മാത്രം 25 ലക്ഷം ആണെന്നും റിപ്പോർട്ടിലുണ്ട്. 63 രാജ്യങ്ങളില്‍ നിന്നുള്ള പഠന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  ന്യൂഡല്‍ഹിയില്‍ നടന്ന ദ് പാര്‍ട്നേഴ്സ് ഫോറത്തില്‍ പ്രകാശനം ചെയ്ത റിപ്പോര്‍ട്ടിലാണ് യുണിസെഫ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

പൂര്‍ണ വളര്‍ച്ച എത്താതെയുളള പ്രസവങ്ങളിലെ സങ്കീര്‍ണതകള്‍, മസ്തിഷ്ക മരണത്തിനുള്ള സാധ്യത, രൂക്ഷമായ ബാക്ടീരിയല്‍ ഇന്‍ഫെക്‌ഷന്‍, മഞ്ഞപ്പിത്തം എന്നിവയാണ് നവജാത ശിശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇവരില്‍ ജീവന്‍ നിലനിര്‍ത്താനാകുന്ന കുഞ്ഞുങ്ങള്‍ക്കു മറ്റു രോഗാവസ്ഥകളുമായി ജീവിക്കേണ്ടി വരുന്നു. ഇതു കുടുംബാംഗങ്ങളുടെ സാമ്പത്തിക, മാനസിക അവസ്ഥകളിലുണ്ടാക്കുന്ന ആഘാതം കുഞ്ഞുങ്ങളുടെ ബൗദ്ധിക, ഭാഷാ, വൈകാരിക വളര്‍ച്ചയെയും ബാധിക്കുന്നു. അതുകൊണ്ടു തന്നെ മൂന്ന് കോടി കുഞ്ഞുങ്ങള്‍ക്കു ജനന സമയത്തു സ്പെഷലൈസ്ഡ് തീവ്ര പരിചരണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.

അമ്മമാര്‍ക്കും ശിശുക്കള്‍ക്കും ശരിയായ സമയത്തു ശരിയായ പരിചരണം ലഭ്യമാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും ഇത് അവരുടെ അവകാശവും രാജ്യങ്ങളുടെ കടമയുമാണെന്നും യുണിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഒമര്‍ അബ്ദി പറഞ്ഞു. പ്രസവത്തിനു മുൻപും ശേഷവും തുടര്‍ച്ചയായ ആരോഗ്യപരിചരണം ഉറപ്പാക്കുക, മുലയൂട്ടല്‍, കുഞ്ഞും മാതാപിതാക്കളുമായുള്ള ശാരീരികസ്പര്‍ശം (കംഗാരു കെയര്‍), മരുന്നുകളും പരിചരണവും, വൃത്തിയുള്ള ആരോഗ്യ സംവിധാനം, മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ വഴി 2030 ആകുമ്പോഴേക്കും 68% ശിശു മരണ നിരക്ക് കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com