തായ്‌ലന്‍ഡില്‍ കഞ്ചാവ് നിയമവിധേയമാക്കി: ചികിത്സാ ആവശ്യത്തിന് ആണെന്ന് മാത്രം

ലോകത്തിലെ ഏറ്റവും കര്‍ശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്‌ലന്‍ഡ്.
തായ്‌ലന്‍ഡില്‍ കഞ്ചാവ് നിയമവിധേയമാക്കി: ചികിത്സാ ആവശ്യത്തിന് ആണെന്ന് മാത്രം

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഇനി മുതല്‍ കഞ്ചാവ് നിയമവിധേയമാകും. ചികിത്സയ്ക്കും ഗവേഷണത്തിനുമായി നിയന്ത്രിത അളവില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറപ്പെടുവിച്ചത്. തായ് ജനതയ്ക്കുള്ള ഒരു പുതുവര്‍ഷ സമ്മാനമാണ് നിയമസഭയില്‍ പാസാക്കിയതെന്ന് കരട് കമ്മറ്റി അധ്യക്ഷന്‍ സോംകി സവാങ്കാര്‍ണ്‍ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും കര്‍ശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം കൂടിയ അളവില്‍ കഞ്ചാവ് കയ്യില്‍ വെക്കുകയോ വ്യവഹാരം നടത്തുകയോ ചെയ്താല്‍ വധശിക്ഷയ്ക്ക് വിധിക്കുന്ന നിലവിലുള്ള വകുപ്പുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുമുണ്ട്. 

1930വരെ വേദനസംഹാരിയായും തളര്‍ച്ചയ്ക്കുള്ള മരുന്നായും തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. 1979ലെ നാര്‍ക്കോട്ടിക് ആക്ട് പ്രകാരമാണ് തായ്‌ലന്‍ഡില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിര്‍ത്തലാക്കിയത്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് വ്യാഴാഴ്ച പാര്‍ലിമെന്റില്‍ പാസായത്. പുതുവത്സര അവധിക്ക് മുന്‍പ് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ചേര്‍ന്ന പാര്‍ലിമെന്റ് യോഗത്തിലായിരുന്നു തീരുമാനം. 

കഞ്ചാവ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡില്‍ ഇപ്പോഴുള്ള പ്രധാന വിവാദം, അതുമായി ബന്ധപ്പെട്ടുള്ള വിദേശ കമ്പനികളുടെ പേറ്റന്റ് അപേക്ഷകളാണ്. ഈ അപേക്ഷകള്‍ അനുവദിക്കപ്പെട്ടാല്‍ മെഡിക്കല്‍ മരിജുവാനാ വിപണിയില്‍ വിദേശ കമ്പനികളുടെ ആധിപത്യമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

അങ്ങനെ വന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വാങ്ങാന്‍ നാട്ടുകാരായ രോഗികള്‍ക്കും, ഗവേഷണാവശ്യങ്ങള്‍ക്കായി കഞ്ചാവ് സത്ത് വാങ്ങാന്‍ സ്വദേശികളായ ഗവേഷകര്‍ക്കും ബിദ്ധിമുട്ടുണ്ടാകും.  ഇതൊഴിവാക്കാനായി, ഈ നിയമം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ, ഇത്തരത്തിലുള്ള എല്ലാ പേറ്റന്റ് അപേക്ഷകളും നിര്‍ബന്ധമായും തള്ളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് റാങ് സിറ്റ്  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആന്‍ഡ് ആന്റി ഏജിംഗ് ഡീന്‍ പന്തെപ് പൂപൊങ്ക്പാന്‍ വ്യക്തമാക്കി. 
 
ലോകത്ത് പലരാജ്യങ്ങളിലും ഇന്ന് കഞ്ചാവിന്റെ ഉപഭോഗം നിയമവിധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണികളിലൊന്ന് കാനഡയാണ്. 2015 മുതലാണ് കാനഡയില്‍ കഞ്ചാവിന്റെ ഇപയോഗം ഇത്ര ഉദാരമായത്. പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയുടെ 2015ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാനഡയില്‍ അന്ന് പാലിക്കപ്പെട്ടത്. 

അതേസമയം, തെക്കുകിഴക്കന്‍ ഏഷ്യയിലെ മിക്ക ഭാഗങ്ങളിലും മയക്കുമരുന്ന് നിയമവിരുദ്ധമായി തുടരുകയാണ്. മയക്കുമരുന്ന് നിയമലംഘനത്തിനുള്ള ലോകത്തിലെ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയില്‍ തന്നെയാണ് ഉള്ളത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് താനും.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com