പുകവലിക്കാര്‍ക്കൊരു നല്ലവാര്‍ത്ത...!! പഴങ്ങളും തക്കാളിയും നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കും

അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് ഇതുസംബന്ധിച്ച പഠനം പുറത്തു വിട്ടത്.
പുകവലിക്കാര്‍ക്കൊരു നല്ലവാര്‍ത്ത...!! പഴങ്ങളും തക്കാളിയും നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കും

നിങ്ങള്‍ ദീര്‍ഘകാലം പുകവലിയെന്ന് ദുശീലത്തിന് അടിമയായിരുന്നോ? എങ്കില്‍ നിര്‍ബന്ധമായും ദിവസേനെയുള്ള ഡയറ്റില്‍ തക്കാളിയും പഴങ്ങളും ഉള്‍പ്പെടുത്തണം. ഇത് പുകവലിച്ചിരുന്ന കാലത്ത് ശ്വാസകോശത്തിന് ഏറ്റ തകരാറുകള്‍ നികത്താന്‍ ഉപകാരപ്പെടുമെന്നാണ് പഠനം. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് ഇതുസംബന്ധിച്ച പഠനം പുറത്തു വിട്ടത്.

സ്ഥിരമായി രണ്ട് തക്കാളിയും മൂന്ന് പോര്‍ഷന്‍ പഴങ്ങളും കഴിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായി കണ്ടെത്തി. (പുകവലിക്കുന്നവരിലാണ് പഠനം നടത്തിയിട്ടുള്ളത്). ശുദ്ധമായ തക്കാളിയും പഴങ്ങളും തന്നെ കഴിക്കണം. ആപ്പിള്‍ നീരോ സിഡാറോ ടൊമാറ്റോ സോസോ ഒന്നും കഴിച്ചിട്ട് കാര്യമില്ല. 

അതേസമയം പുകവലി ഒട്ടും നിര്‍ത്താതെയാണ് ഡയറ്റില്‍ പഴങ്ങളും തക്കാളിയും ഉള്‍പ്പെടുത്തുന്നതെങ്കില്‍ അത് ശ്വാസകോശത്തിന് കാര്യമായ ഗുണമൊന്നും ചെയ്യില്ലെന്നാണ് യുകെയിലെ ഇംപീരിയല്‍ കോളജില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. മാത്രമല്ല, പുകവലി നിര്‍ത്താതെ കൂടിയ അളവില്‍ തക്കാളി കഴിക്കുകയാണെങ്കില്‍ ശ്വാസകോശപരമായ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

ഗവേഷണത്തിനു വേണ്ടി 2002ല്‍ പ്രായപൂര്‍ത്തിയായ 650 പേരെ പഠനവിധേയമാക്കി. പത്ത് വര്‍ഷം കഴിഞ്ഞ് ഇതേ ആള്‍ക്കാരുടെ ശാരീരിക ഫങ്ഷനുകളെ കുറിച്ച് വീണ്ടും ഗവേഷണം നടത്തുകയാണ് ഗവേഷകര്‍ ചെയ്തത്. ജര്‍മ്മനി, നോര്‍വെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ ആളുകളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

പുകവലി നിര്‍ത്തിയവരില്‍ ഭക്ഷണ ശീലവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തമ്മില്‍ സക്രിയമായ ബന്ധമുണ്ടെന്നായിരുന്നു പഠനത്തില്‍ തെളിഞ്ഞത്. ഇവര്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ചും തക്കാളി. ഇങ്ങനെ ശീലിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ മികച്ച രീതിയിലായിരിക്കാനാണ് സാധ്യതയെന്ന് ഗവേഷകനായ ഗാര്‍സിയ ലാര്‍സന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com