ലേബര്‍ റൂമില്‍ പാട്ടിനൊത്ത് താളം ചവിട്ടി ഗര്‍ഭിണികള്‍; കൂടെ ഡാന്‍സിങ് ഡോക്ടറും

പ്രസവത്തിന് മുന്‍പ് ശരീരത്തിലുണ്ടാകുന്ന ചലനങ്ങള്‍ പ്രസവം എളുപ്പമാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ലേബര്‍ റൂമില്‍ പാട്ടിനൊത്ത് താളം ചവിട്ടി ഗര്‍ഭിണികള്‍; കൂടെ ഡാന്‍സിങ് ഡോക്ടറും

സ്ത്രീയുടെ ജീവിതത്തിലെ ഏറെ സന്തോഷകരവും അതിലേറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ അവസ്ഥയാണ് ഗര്‍ഭകാലം. ഈ സമയത്ത് സ്ത്രീകള്‍ മാനസികവും ശാരീരികവുമായ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. പ്രസവവേദനയാണ് ഏറ്റവും കഠിനം. ജീവന്‍ പോകുന്ന വേദനയാണ് പ്രസവിക്കാന്‍. ഈ സമയത്ത് വേദനയും സ്ട്രസും കുറയ്ക്കാന്‍ നൃത്തം ചെയ്താലോ...

പ്രസവത്തിന് മുന്‍പ് നൃത്തം ചെയ്താല്‍ പ്രസവവേദന കുറയ്ക്കാനും പ്രസവം സുഗമമമാക്കാനും സഹായിക്കുമെന്നാണ് ബ്രസീലിയന്‍ ഡോക്ടറായ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചാ പറയുന്നത്. സ്ത്രീകള്‍ അനുഭവിക്കേണ്ട വരുന്ന  പ്രസവ വേദനയെ ലഘൂകരിക്കാനുള്ള ഒരു എളുപ്പവഴിയായാണ് ഡോക്ടര്‍ നൃത്തത്തെ കാണുന്നത്. കൂടാതെ നൃത്തം, നടത്തം, മറ്റ് പ്രവര്‍ത്തികള്‍ എന്നിവയെല്ലാം പ്രസവം ആയാസരഹിതമാക്കാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഡാന്‍സിംഗ് ഡോക്ടര്‍ എന്നാണ് ഫെര്‍ണാണ്ടോ അറിയപ്പെടുന്നത്. പൂര്‍ണഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഡിസംബര്‍ 15ന് ഡോക്ടര്‍ പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

കുനിഞ്ഞും ഇരുന്നും പാട്ടിനൊപ്പം താളം ചവിട്ടിയും വളരെ സന്തോഷവതിയായാണ് യുവതി ഡോക്ട്ടര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത്. പ്രമേഹ ബാധിതയായ ഒരു ഗര്‍ഭിണിക്കൊപ്പം നിന്നുള്ള ഡാന്‍സായിരുന്നു ഡോക്ടറുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൊന്ന്. 

പ്രസവത്തിന് മുന്‍പ് ശരീരത്തിലുണ്ടാകുന്ന ചലനങ്ങള്‍ പ്രസവം എളുപ്പമാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ഡോക്ടറുടെ 'ഡാന്‍സ് തെറാപ്പി'. മാത്രമല്ല ചില ആഫ്രിക്കന്‍ ട്രൈബ്‌സിന്റെ ഇടയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ആചാരം തന്നെയുണ്ട്. നൃത്തം ചെയ്യുന്നതിലൂടെ കുഞ്ഞ് പുറത്തേക്ക് വരുന്നത് എളുപ്പമാകുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com