നട്ടെല്ലു ശസ്ത്രക്രിയ സുരക്ഷിതമോ? ശരീരം തളര്‍ന്നുപോവാനുള്ള സാധ്യതകളുണ്ടോ? ഈ പന്ത്രണ്ടുകാരിയുടെ കഥ കേള്‍ക്കൂ

നട്ടെല്ലു ശസ്ത്രക്രിയ സുരക്ഷിതമോ? ശരീരം തളര്‍ന്നുപോവാനുള്ള സാധ്യതകളുണ്ടോ? ഈ പന്ത്രണ്ടുകാരിയുടെ കഥ കേള്‍ക്കൂ
നട്ടെല്ലു ശസ്ത്രക്രിയ സുരക്ഷിതമോ? ശരീരം തളര്‍ന്നുപോവാനുള്ള സാധ്യതകളുണ്ടോ? ഈ പന്ത്രണ്ടുകാരിയുടെ കഥ കേള്‍ക്കൂ

12 വയസുകാരി റിയ* അന്തര്‍മുഖിയായിരുന്നു. പുതിയ കൂട്ടുകാരെ കണ്ടെത്താന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കുടുംബപരിപാടികള്‍ക്ക് പോകുന്നതും അവള്‍ക്ക് വെറുപ്പായിരുന്നു. മാത്രമല്ല അവളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളോട് അവള്‍ക്ക് താത്പര്യമില്ലായിരുന്നു. ഇതിനെല്ലാം കാരണം അവളുടെ ശരീരമായിരുന്നു. അവള്‍ക്ക് അസാധാരണമായ ഒരു വളവുണ്ടായിരുന്നു, വൈരൂപ്യമുള്ള നട്ടെല്ല് സ്‌കോളിയോസിസ് എന്നു വിളിക്കുന്ന അവസ്ഥ. അവളുടെ പുറകിലെ എല്ല് വളഞ്ഞിരുന്നു. അതോടൊപ്പം നടത്തവും അസാധാരണമായിരുന്നു. മറ്റുള്ളവര്‍ തന്നെ കളിയാക്കുമെന്ന് അവള്‍ പേടിച്ചിരുന്നു.

റിയയുടെ മാതാപിതാക്കള്‍ അവളെ ചെക്ക്-അപ്പിനു കൂട്ടിക്കൊണ്ടുവന്നപ്പോള്‍ അവര്‍ക്ക് വളരെയേറെ ആശങ്കകളുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ നട്ടെല്ല് നേരെയാക്കുന്നത് സുരക്ഷിതമല്ലെന്നും നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്യുന്നത് തളര്‍ന്നുപോകുന്നതടക്കമുള്ള സങ്കീര്‍ണ്ണതകള്‍ക്ക് വഴി തെളിക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് അവരുടെ അനാവശ്യമായ ഭയം മാറ്റുക എന്നതായിരുന്നു. റിയയുടെ രോഗത്തിന്റെ തീവ്രതയേക്കുറിച്ചും ശസ്ത്രക്രിയ ചെയ്താല്‍ അവളുടെ ശരീരം മാത്രമല്ല അവളുടെ ജീവിതംതന്നെ മാറ്റിമറിക്കുമെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. 

റിയയുടെ അവസ്ഥയും മോശമായി വരികയായിരുന്നതിനാല്‍ ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം ശസ്ത്രക്രിയ ചെയ്യാമെന്ന് അവര്‍ തീരുമാനമെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം റിയ കണ്ണാടിയില്‍ നോക്കി. അവളുടെ അമ്പരപ്പ്, അവളുടെ മുഖം എല്ലാ സന്തോഷവും വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ കണ്ണുകള്‍ സജലങ്ങളായി. ഒരാഴ്ചക്കുശേഷം റിയ ആശുപത്രി വിട്ടു, മുഖം നിറയെ സന്തോഷവുമായി. സാധാരണ ജീവിതം നയിക്കാന്‍ അവളിപ്പോള്‍ തയ്യാറായിരിക്കുന്നു. 

എന്താണ് സ്‌കോളിയോസിസ്

ഒരു വ്യക്തിയുടെ നട്ടെല്ല് അല്ലെങ്കില്‍ പുറംഭാഗം 'എസ്' അല്ലെങ്കില്‍ 'സി' പോലെ വളഞ്ഞിരിക്കുന്ന അവസ്ഥയാണ് സ്‌കോളിയോസിസ്. 

ലോകമാകമാനമുള്ള കണക്കുകള്‍ പ്രകാരം ഓരോ 100 പേരില്‍ മൂന്ന് പേര്‍ക്ക് എതെങ്കിലും രീതിയിലുള്ള; ജന്മനാ ഉള്ളതോ പ്രായത്തിനനുസരിച്ച് രൂപപ്പെട്ടതോ ആയ സ്‌കോളിയോസിസ് ഉണ്ട്. 

സ്‌കോളിയോസിസിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. ചെറിയ പ്രശ്‌നമുള്ളവരിലാണെങ്കില്‍ വളവ് വലിയ പ്രശ്‌നമാകാറില്ല. എന്നിരുന്നാലും വളവ് ഗുരുതരമോ കാണാവുന്ന പരുവത്തിലുള്ളതോ ആണെങ്കില്‍ അത് വൈരൂപ്യം, വേദന, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് നാശം എന്നീ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം. 

സ്‌കോളിയോസിസ് നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക എന്നതാണ് വളരെ പ്രധാനം. കുട്ടികളിലെ സ്‌കോളിയോസിസ് നേരത്തെതന്നെ ശസ്ത്രക്രിയയിലൂടെയോ അല്ലാതെയോ ചികിത്സിക്കുന്നത് ഫലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ശൈശവത്തില്‍ വൈരൂപ്യം ചികിത്സിച്ച് ശരിയാക്കുന്നത് രോഗമുക്തിക്ക് വളരെ എളുപ്പമാണ്. 

എന്താണ് സ്‌കോളിയോസിസിന് കാരണം?

കുട്ടികളിലും മുതിര്‍ന്നവരിലും സ്‌കോളിയോസിസ് ഉണ്ടാകാം. കുട്ടികളില്‍ സാധാരണ കണ്ടുവരുന്നത് അഡോളസെന്റ് ഇഡിയോപ്പതിക് സ്‌കോളിയോസിസ് ആണ്. ഇഡിയോപ്പതിക് എന്നു പയുന്നത് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയാത്തതിനാലാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. 

സ്‌കോളിയോസിസിന്റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

ജന്മനാലുള്ള വൈകല്യങ്ങള്‍
നട്ടെല്ലിനുണ്ടാകുന്ന മുഴകള്‍
അണുബാധ അഥവാ നട്ടെല്ലിനുണ്ടാകുന്ന ക്ഷതം
പ്രായത്തിനനുസരിച്ച് നട്ടെല്ലിന് സംഭവിക്കുന്ന ക്ഷയം
മറ്റ് ജന്മനാലുള്ള വൈകല്യങ്ങളുമായി ബന്ധപ്പെട്ട് പാരമ്പര്യമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍

എങ്ങനെയാണ് സ്‌കോളിയോസിസ് രോഗം കണ്ടെത്തുന്നത്

മിക്കവരിലും സ്‌കോളിയോസിസ് വളവ് പ്രത്യക്ഷത്തില്‍ അറിയാം. അതായത് നട്ടെല്ല് പുറകില്‍നിന്നു നോക്കുമ്പോള്‍ വളഞ്ഞ് 'സി' പോലെയോ 'എസ്' പോലെയോ ആയിരിക്കും.

കുട്ടികളില്‍ നേരത്തെയുള്ള സ്‌കോളിയോസിസ് വേദനയുളവാക്കുന്നതല്ല. അതിനാല്‍ത്തന്നെ കുട്ടികള്‍ ഇത് കാണുന്നതിനോ അറിയുന്നതിനോ ഇടവരുന്നില്ല. ശരീരത്തിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങളും നടപ്പിന്റെ രീതികളും സാധാരണ കുട്ടികളെ നിരീക്ഷിക്കുന്ന കുടുംബാംഗങ്ങളുടെയോ അദ്ധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്യുകയാണ് പതിവ്. 

സ്‌കോളിയോസിസ് വളരുന്തോറും ശരീരത്തിന്റെ അനുപാതത്തിലും രൂപത്തിലും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. 

സ്‌കോളിയോസിസ് ഉള്ള കൗമാരക്കാരില്‍ ഒരു തോള്‍പ്പലക മറ്റേതിനെ അപേക്ഷിച്ച് ഉയര്‍ന്നും അരക്കെട്ട് വ്യത്യാസപ്പെട്ടും കാണുന്നു. ഇത് ഒരു വശത്തേക്ക് ചായ്‌വ് ഉണ്ടാകാനും ഇടയാകുന്നു.

രോഗനിര്‍ണ്ണയം പ്രായത്തിനനുസരിച്ച്

ഇന്‍ഫന്റൈല്‍ ഇഡിയോപ്പതിക് സ്‌കോളിയോസിസ്   മൂന്നുവയസുവരെയുള്ള കുട്ടികളില്‍ 
ജുവനൈല്‍ ഇഡിയോപ്പതിക് സ്‌കോളിയോസിസ്  നാലു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍
അഡോളസെന്റ് ഇഡിയോപ്പതിക് സ്‌കോളിയോസിസ്  കുട്ടികളിലും 11 മുതല്‍ 18 വയസുവരെ പ്രായമുള്ള കൗമാരക്കാരിലും

സ്‌കോളിയോസിസ് എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്

നട്ടെല്ല് ശസ്ത്രക്രിയാവിദഗ്ദ്ധന്‍ ചികിത്സിക്കേണ്ട അവസ്ഥയാണ് സ്‌കോളിയോസിസ്.

നട്ടെല്ല് ശസ്ത്രക്രിയാവിദഗ്ദ്ധന്‍ നട്ടെല്ല് പരിശോധിച്ച് വിലയിരുത്തുകയും സ്‌കോളിയോസിസ് വളവ് അളന്നുനോക്കി (കോബ് ആംഗിള്‍ ഡിഗ്രിയില്‍) അതിന്റെ ഗുരുതരാവസ്ഥ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. 

ഇഡിയോപ്പതിക് അല്ലെങ്കില്‍ നട്ടെല്ലിന്റെ എംആര്‍ഐ (മാഗ്നറ്റിക് റെസണന്‍സ് ഇമേജിംഗ്) എടുക്കുന്നു

സ്‌കോളിയോസിസ് വളവ് 10 മുതല്‍ 15 ഡിഗ്രി വരെയാണെങ്കില്‍ ചികിത്സയുടെ ആവശ്യം വരുന്നില്ല. പക്ഷേ പ്രായപൂര്‍ത്തി ആകുന്നതുവരെ ചെക്കപ്പ് ആവശ്യമാണ്. സാധാരണയായി വളര്‍ച്ചയുടെ കാലം കഴിഞ്ഞാല്‍ നട്ടെല്ലിന്റെ വളവ് കൂടുതലാകാറില്ല.

വളവ് 20 മുതല്‍ 40 ഡിഗ്രി വരെയാണെങ്കില്‍ ശസ്ത്രക്രിയ മാത്രമാണ് മാര്‍ഗം. കാരണം ഈ അവസ്ഥകളില്‍ വളവ് കൂടാനാണ് സാധ്യത.

കോബ് ആംഗിള്‍ 40 മുതല്‍ 50 ഡിഗ്രി വരെയാണെങ്കില്‍ അല്ലെങ്കില്‍ അതില്‍ക്കൂടുതലാണെങ്കില്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. കാരണം വളവ് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ട്.

എങ്ങനെയാണ് സ്‌കോളിയോസിസ് ചികിത്സിക്കുന്നത്?

ശസ്ത്രക്രിയ കൂടാതെ

ചില കുട്ടികളില്‍ നട്ടെല്ലിനെ നേരേ നില്‍ക്കാന്‍ സഹായിക്കുന്ന ബ്രേസ് കെട്ടിവയ്ക്കുന്നത് വളരുന്ന പ്രായത്തിലുണ്ടാകുന്ന വളവിന് പരിഹാരം കാണുന്നതിന് അല്ലെങ്കില്‍ വളവ് കൂടി വരുന്നതു തടയുന്നതിന് സഹായകമാകും. നേരത്തെ പുറകില്‍ കെട്ടിവയ്ക്കാനുള്ള ബ്രേസുകള്‍ കട്ടിയുള്ളതും ബുദ്ധിമുട്ടേറിയതും കൗമാരക്കാര്‍ക്ക് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. സാങ്കേതികവിദ്യകളിലും രൂപകല്പനയിലും മാറ്റംവന്നതോടെ ബാക്ക് ബ്രേസുകള്‍ ലഘുവും സൗകര്യപ്രദവും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നതുമായി മാറി.

വിവിധ തരത്തിലുള്ള ബാക്ക് ബ്രേസുകള്‍ ലഭ്യമാണ്. ചില ബ്രേസുകള്‍ ദിവസവും 18 മുതല്‍ 23 മണിക്കൂറുകള്‍ വരെയും ചിലവ രാത്രി മാത്രവും ഉപയോഗിക്കുന്നവയുമാണ്. ഒരു ബാക്ക് ബ്രേസിന് നട്ടെല്ല് നേരെയാക്കാന്‍ കഴിയില്ല. പക്ഷേ്, നട്ടെല്ലിന്റെ വളവ് കൂടുന്നത് തടയാനും കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് പോകുന്നത് തടയാനും അങ്ങനെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനും സഹായകമാണ്. 

സ്‌കോളിയോസിസ് ഗുരുതരമാണെങ്കില്‍ ബ്രേസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ക്കൂടി രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുന്നു.

സ്‌കോളിയോസിസ് പരിഹരിക്കാന്‍ ശസ്ത്രക്രിയ 

നട്ടെല്ലിന്റെ ആകാരവും നടപ്പിന്റെ രീതികളും ശരിയാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സ്‌കോളിയോസിസ് സ്‌പൈന്‍ സര്‍ജറിയാണ്. സ്‌കോളിയോസിസുമായി ബന്ധപ്പെട്ടുളള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആത്മവിശ്വാസം നിറയ്ക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിന് ധൈര്യം നല്കുന്നതിനും ഇതുവഴി സാധിക്കും. 

വേര്‍പെട്ടിരിക്കുന്ന എല്ലുകളെ കൂട്ടിയിണക്കുന്ന സ്‌പൈനല്‍ ഫ്യൂഷനാണ് സ്‌കോളിയോസിസ് സ്‌പൈന്‍ ശസ്ത്രക്രിയയുടെ പ്രധാനഭാഗം. ഇത് നട്ടെല്ല് തുടര്‍ന്ന് വളയാതിരിക്കുന്നതിന് സഹായിക്കും. ശസ്ത്രക്രിയാ വിദഗ്ധര്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത കമ്പികളും സ്‌ക്രൂകളും മറ്റ് ലോഹവസ്തുക്കളും നട്ടെല്ലിന്റെ വളവ് നേരേയെക്കാനും അസ്ഥികള്‍ കൂടിച്ചേരുന്നതുവരെ കൂട്ടിയിണക്കാനുമായി ഉപയോഗിക്കുന്നു. 

നട്ടെല്ലിലെ പേശികള്‍ക്ക് ഉള്‍ഭാഗത്തായാണ് ഇത്തരം ലോഹ ഇംപ്ലാന്റുകള്‍ വയ്ക്കുന്നത്. അവ വേദനയുണ്ടാക്കുകയോ ശരീരത്തില്‍ ഉണ്ടെന്ന് തോന്നിപ്പിക്കുകയോ ഇല്ല. നട്ടെല്ലിന്റെ വളവ് എത്ര മാത്രം മോശമാണ് എന്നതിനെയും എത്ര എല്ലുകള്‍ കൂട്ടിയിണക്കണം എന്നതിനെയും ആശ്രയിച്ച് സ്‌കോളിയോസിസ് പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് എടുക്കുന്ന സമയം നീണ്ടുപോകാം. എന്നാല്‍, ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതാകും ശസ്ത്രക്രിയയുടെ ഫലം എന്നത് ഉറപ്പാണ്. 

സ്‌കോളിയോസിസ് ശസ്ത്രക്രിയ സുരക്ഷിതമാണോ? 

നട്ടെല്ല് ശസ്ത്രക്രിയാരംഗം ഓരോ ദിവസവും മെച്ചപ്പെട്ടുവരികയാണ്. പുതിയ സാങ്കേതികവിദ്യകളും നൂതനമായ ശസ്ത്രക്രിയാ രീതികളും ഏറ്റവും പുതിയ ഉപകരണങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള ഇംപ്ലാന്റുകളും നട്ടെല്ലിലെ ശസ്ത്രക്രിയയെ ഇതുവരെയില്ലാത്ത വണ്ണം സുരക്ഷിതമാക്കിയിരിക്കുന്നു. കൂടാതെ ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ സ്‌പൈനല്‍ കോഡ് മോണിറ്ററ്റിംഗ് ശസ്ത്രക്രിയ നടക്കുമ്പോള്‍തന്നെ നട്ടെല്ലിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും ഡോക്ടര്‍മാരെ സഹായിക്കും. കാലിന് ബലക്ഷയമുണ്ടാക്കുകയോ തളര്‍ന്നുപോകുകയോ ചെയ്യുന്ന അവസ്ഥകള്‍ ഇല്ലാതാക്കുന്നതിന് ഈ സാങ്കേതികവിദ്യ ഏറെ സഹായകമായിട്ടുണ്ട്. ചുരുക്കത്തില്‍ സ്‌കോളിയാസിസ് ശസ്ത്രക്രിയ അടക്കം നട്ടല്ലിന്റെ ശസ്ത്രക്രിയകളെല്ലാം സുരക്ഷിതവും ഫലപ്രദവുമാണ്. 

സ്‌കോളിയോസിസ് ശസ്ത്രക്രിയയ്ക്കു ശേഷം രോഗിക്ക് എത്ര നാളിന് ശേഷം അനങ്ങാനും നടക്കാനും സാധിക്കും?

ശസ്ത്രക്രിയ നടത്തിയതിന് പിറ്റേന്നു മുതല്‍ കട്ടിലില്‍നിന്ന് താഴെയിറങ്ങാനും നടക്കാനും രോഗിയ്ക്ക് സാധിക്കും.

സ്‌കോളിയോസിസ് ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിടാന്‍ എത്ര നാളെടുക്കും?

എല്ലാം ഭംഗിയായി നടക്കുകയും രോഗി സുഖംപ്രാപിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരാഴ്ചയ്ക്കകം ആശുപത്രി വിടാം. 

കുട്ടികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ സ്‌കൂളില്‍ പോയി തുടങ്ങാം. മിക്ക കുട്ടികളും മൂന്നു മാസം മുതല്‍ ആറു മാസം വരെയുള്ള കാലയളവില്‍ പൂര്‍ണമായും രോഗവിമുക്തി നേടി സാധാരണജീവിതത്തിലേയ്ക്ക് എത്തിച്ചേരും. 

സുഖം പ്രാപിക്കുന്നതിനുള്ള കാലാവധി വ്യക്തികളെയും ശരീരാവസ്ഥയും രോഗത്തിന്റെ തീവ്രതയും ഗുരുതരാവസ്ഥയും ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയത് എന്നതിനെയും അനുസരിച്ച് വ്യത്യാസപ്പെടാം. 

ഒരു വര്‍ഷത്തിനുള്ളില്‍ അസ്ഥികള്‍ കൂടിച്ചേരും. അതിനുശേഷം ലോഹവസ്തുക്കളുടെ ആവശ്യമില്ല. എങ്കിലും അവ രോഗിയുടെ ഉള്ളില്‍ത്തന്നെ തുടരുന്നു. ഇവ ശരീരത്തിന് ദോഷമൊന്നും വരുത്തില്ല. ഇവ പുറത്തെടുക്കുന്നതിന് മറ്റൊരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. 

സ്‌കോളിയോസിസ് ശസ്ത്രക്രിയ നടത്തിയവര്‍ പതിവായി വ്യായാമം ചെയ്യണം. ഇതുവഴി പുറത്തിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും സജീവമായ സാധാരണ ജീവിതം നയിക്കുന്നതിനും സാധിക്കും. 

ശസ്ത്രക്രിയയ്ക്കു ശേഷം കൃത്യമായ പരിശോധനകള്‍ നടത്തണം. രോഗി എത്രമാത്രം രോഗവിമുക്തി നേടിയെന്നും എല്ലാ ശരിയാണെന്നും ഉറപ്പിക്കുന്നതിനാണ് പരിശോധനകള്‍. 

ഗര്‍ഭിണിയാകുന്നതിനും പ്രസവിക്കുന്നതിനും സ്‌കോളിയോസിസ് ശസ്ത്രക്രിയ വിഘാതമാകുമോ?

സ്‌കോളിയോസിസ് ശസ്ത്രക്രിയ എന്നത് നട്ടെല്ലിനെ മാത്രം ബാധിക്കുന്നതാണ്. അത് ഗര്‍ഭിണിയാകുന്നതിനെയോ പ്രസവിക്കുന്നതിനെയോ ബാധിക്കുന്നില്ല. സ്‌കോളിയോസിസ് അവസ്ഥ ശരിയാക്കാതെ ഗര്‍ഭിണിയാകുന്നത് ചിലപ്പോള്‍ അമ്മയ്ക്കും കുട്ടിയ്ക്കും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും അപകടകരമാകുകയും ചെയ്‌തേക്കാം. അതുകൊണ്ടുതന്നെ എത്രയും നേരത്തെ ശരീരത്തിന് വൈകല്യമുണ്ടാകാതിരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സ്‌കോളിയോസിസ് ചികിത്സിക്കുകയും ശരിയാക്കുകയും വേണം. 

* ശരിയായ പേരല്ല

(ഡാ. ജേക്കബ് ഈപ്പന്‍ മാത്യു (എംസിഎച്ച് ന്യൂറോ)
ഫെലോഷിപ് ഇന്‍ സ്‌കോളിയോസിസ് ആന്‍ഡ് മിനിമലി ഇന്‍വേസീവ് സ്‌പൈന്‍ സര്‍ജറി, കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com