നിങ്ങള്‍ ടോയ്‌ലെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണോ?, ശീലം മാറ്റാന്‍ മുന്നറിയിപ്പ്; കാരണങ്ങള്‍ ഇങ്ങനെ

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് രോഗാണുബാധ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു
നിങ്ങള്‍ ടോയ്‌ലെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണോ?, ശീലം മാറ്റാന്‍ മുന്നറിയിപ്പ്; കാരണങ്ങള്‍ ഇങ്ങനെ

നിങ്ങള്‍ ടോയ്‌ലെറ്റില്‍ ഒരു പാട് നേരം സമയം ചെലവഴിക്കുന്നവരാണോ?. അങ്ങനെയെങ്കില്‍ ഈ ശീലം മാറ്റണമെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. 

പലപ്പോഴും മലവിസര്‍ജ്ജനത്തിന് കാലതാമസം നേരിടുന്നതുകൊണ്ടല്ല, മറിച്ച് ജീവിത രീതിയില്‍ വന്ന മാറ്റങ്ങളാണ് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് മുഖ്യകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും പുസ്തകം വായിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുകയാണ്. സമ്മര്‍ദം നിറഞ്ഞ ജീവിതത്തില്‍ അല്‍പ്പം സ്വാസ്ഥത ലഭിക്കുന്ന സ്ഥലമാണ് ടോയ്‌ലെറ്റ് എന്ന് ചിലര്‍ ചിന്തിച്ചാല്‍ അവരെ തെറ്റു പറയാനും കഴിയില്ല. തിരക്കിട്ട ജീവിതത്തില്‍ സമാധാനമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലമായി ചിലര്‍ ടോയ്‌ലെറ്റുകളെ കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ഇതിനെ എതിര്‍ക്കുകയാണ്. ഇത് പ്രതികൂലമായ ഫലം നല്‍കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 10 മിനിറ്റില്‍ താഴെ മാത്രം ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് രോഗാണുബാധ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തില്‍ രോഗാണു സാന്നിധ്യം 18 മടങ്ങ് വര്‍ധിക്കാന്‍ ഇത് ഇടയാക്കും.  ആറ് ഫോണുകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരെണ്ണത്തിന്റെ പ്രതലത്തില്‍ മാലിന്യസാന്നിധ്യം കണ്ടെത്തിയതായും ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും ബന്ധപ്പെട്ട വ്യക്തികള്‍ അറിയാതെ പോകുന്നതായും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ടോയ്‌ലെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മൂലക്കുരു ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കും. മലദ്വാരത്തിന് ചുറ്റുമുളള രക്തക്കുഴലുകള്‍ പുറത്തേയ്ക്ക് തളളിവരാനും ഇത് ഇടയാക്കും. ശോധന കുറയുന്നതിനും കൂടുതല്‍ സമയം ടോയ്‌ലെറ്റില്‍ ചെലവഴിക്കുന്നത് കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com